ഭക്ഷണം ലഭിച്ചില്ല, മരുന്നും; വൃദ്ധന്‍ റോഡരികില്‍ കിടന്ന് മരിച്ചു

Posted on: April 5, 2013 6:04 am | Last updated: April 4, 2013 at 11:06 pm

maricha vridhane aambulencilekku mattunnu2മലപ്പുറം:ഭക്ഷണവും മരുന്നും ലഭിക്കാതെ വൃദ്ധന്‍ റോഡരികില്‍ കിടന്ന് മരിച്ചു. മലപ്പുറം കോട്ടക്കുന്ന് അണ്ണുണ്ണിപറമ്പ് സ്വദേശിയായ അബ്ബാസാണ് (80) മരിച്ചത്. രോഗിയും ഏറെ നാളായി അവശനുമായിരുന്ന ഇദ്ദേഹം മലപ്പുറത്തും പരിസരങ്ങളിലും അലഞ്ഞു തിരിയുകയായിരുന്നു.ഇതിനിടെ അബ്ബാസിനെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇറങ്ങിപ്പോരുകയായിരുന്നുവത്രെ. തുടര്‍ന്ന് കഴിഞ്ഞ ദിവസം മലപ്പുറം കുന്നുമ്മല്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ്‌സ്റ്റോപ്പിനടുത്ത് എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ കിടന്നത് ശ്രദ്ധയില്‍പെട്ട ചിലര്‍ ഇദ്ദേഹത്തെ ബസ് സ്റ്റോപ്പിനകത്തേക്ക് എടുത്ത് കിടത്തി. സമീപത്തെ കടക്കാര്‍ ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാനാകാത്തത്ര അവശനായിരുന്നു. എന്നാല്‍, സംഭവമറിഞ്ഞിട്ടും ബന്ധുക്കളോ അധികൃതരോ എത്തിയില്ല. ബന്ധുക്കളെല്ലാം മലപ്പുറത്തിന്റെ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. ഉച്ചക്ക് രണ്ടരയോടെയാണ് അബ്ബാസ് മരിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ആശുപത്രി അധികൃതരും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.