ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ 59 കോടി ചെലവഴിച്ചു

Posted on: April 4, 2013 7:40 am | Last updated: April 9, 2013 at 8:52 am

കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ 59 കോടി രൂപ ചെലവഴിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 77,688 കുടുംബങ്ങളിലെ 89,111 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. 2011-12 സാമ്പത്തികവര്‍ഷം 43.83 കോടി രൂപയായിരുന്നു ആകെ ചെലവഴിച്ചത്. 2012-13 ല്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് പൂതാടി ഗ്രാമപഞ്ചായത്താണ്. 4 കോടി 12 ലക്ഷം രൂപയാണ് പൂതാടി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. 3.89 കോടി രൂപ ചെലവഴിച്ച മാനന്തവാടി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തും 3 കോടി 56 ലക്ഷം രൂപ ചെലവഴിച്ച എടവക മൂന്നാം സ്ഥാനത്തുമാണ്.
തവിഞ്ഞാല്‍ – 3.45 കോടി, പനമരം – 3.39 കോടി, വെള്ളമുണ്ട- 3.29 കോടി, മീനങ്ങാടി – 2.77 കോടി, നെന്മേനി- 2.68 കോടി, തൊണ്ടര്‍നാട് – 2.50 കോടി, പൊഴുതന – 2.46 കോടി, മൂപ്പൈനാട്- 2.45 കോടി, അമ്പലവയല്‍-2.30 കോടി, മേപ്പാടി – 2.14 കോടി, മുട്ടില്‍ – 2.12 കോടി, നൂല്‍പ്പുഴ-2.8 കോടി, തിരുനെല്ലി-2.6 കോടി, പടിഞ്ഞാറത്തറ- 1.89 കോടി, പുല്‍പ്പള്ളി – 1.85 കോടി, ബത്തേരി – 1.70 കോടി, കോട്ടത്തറ – 1.64 കോടി, കണിയാമ്പറ്റ – 1.61 കോടി,മുള്ളന്‍കൊല്ലി- 1.4 കോടി,തരിയോട്-1.29 കോടി, വൈത്തിരി-1.28 കോടി, വെങ്ങപ്പളളി- 1.4 കോടി എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകള്‍ തുക ചെലവഴിച്ചിട്ടുള്ളത്.
746 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ പൊഴുതന ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കിയത്. മാനന്തവാടി ഗ്രാമപഞ്ചായത്ത് 681 കുടുംബങ്ങള്‍ക്കും പൂതാടി 648 കുടുംബങ്ങള്‍ക്കും 100 ദിവസത്തെ തൊഴില്‍ നല്‍കി. ജില്ലയില്‍ ആകെ 8521 കുടുംബങ്ങള്‍ക്കാണ് 100 ദിവസം തൊഴില്‍ ലഭിച്ചത്. അംഗവൈകല്യമുള്ള 91 കുടുംബങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം തൊഴില്‍ നല്‍കി. കുടുംബത്തിന് ഏറ്റവും കൂടുതല്‍ ശരാശരി 59 ദിവസം തൊഴില്‍ നല്‍കിയത് എടവക ഗ്രാമപഞ്ചായത്താണ്. മൂപ്പൈനാട് 56 ദിവസത്തെയും പൊഴുതന 55 ദിവസത്തെയും ശരാശരി തൊഴില്‍ദിനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ തൊഴില്‍ എടുത്തവരില്‍ 87 ശതമാനം സ്ത്രീകളാണെന്ന സവിശേഷതയുമുണ്ട്.