അവകാശലംഘനം: സുരേഷ്‌കുമാറില്‍ നിന്ന് വീണ്ടും തെളിവെടുക്കും

Posted on: April 4, 2013 5:59 am | Last updated: April 4, 2013 at 12:55 am

തിരുവനന്തപുരം: വി ഡി സതീശന്‍ നല്‍കിയ അവകാശലംഘന നോട്ടീസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറി കെ സുരേഷ്‌കുമാറില്‍ നിന്ന് വീണ്ടും തെളിവെടുപ്പ് നടത്താന്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി തീരുമാനം.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരേ പി സി വിഷ്ണുനാഥ് എം.എല്‍.എ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാസമിതിയുടെ തെളിവെടുപ്പില്‍ മൊഴി നല്‍കിയശേഷം പുറത്ത് മാധ്യമങ്ങളോട് വിശദീകരണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് സമിതി ചെയര്‍മാനായ വി ഡി സതീശന്‍ അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. സുരേഷ്‌കുമാറിനോട് തെളിവെടുപ്പിനായി സമിതിക്കു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടും. മൊഴി രേഖപ്പെടുത്തിയ ശേഷമാവും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ ഒന്നാമത് റിപ്പോര്‍ട്ട് ഇന്നലെ സഭയുടെ മേശപ്പുറത്ത് വെച്ചു. കെ സുരേഷ്‌കുമാര്‍ ആദ്യം സമിതിക്കു മുമ്പാകെ നല്‍കിയ വിശദീകരണത്തില്‍ അവകാശലംഘനം നടത്തിയതായി വ്യക്തമായതിനാല്‍ വീണ്ടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരേഷ്‌കുമാര്‍ നല്‍കിയ കത്തില്‍ നിയമസഭാ സമിതിയുടെ പ്രവര്‍ത്തനത്തെയോ റിപ്പോര്‍ട്ടിനെയോ വിമര്‍ശിക്കുന്ന തരത്തിലുള്ളതല്ല തന്റെ വിശദീകരണമെന്നും അത്തരമൊരു തോന്നല്‍ സമിതിക്കുണ്ടായതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നുമായിരുന്നു വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഒരു തവണ കൂടി സുരേഷ്‌കുമാറില്‍നിന്ന് തെളിവെടുത്തശേഷം അന്തിമതീരുമാനമെടുക്കാമെന്ന് എത്തിക്‌സ് കമ്മിറ്റി തീരുമാനിച്ചത്.