Connect with us

National

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല: ജെ ഡി (യു)

Published

|

Last Updated

സഹര്‍ഷ (ബീഹാര്‍): കോണ്‍ഗ്രസുമായി തന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്ന ഊഹാപോഹങ്ങള്‍ നിഷേധിച്ച് ജെ ഡി (യു) അധ്യക്ഷന്‍ ശരത് യാദവ്. പൊതു തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ അത്തരമൊരു സാധ്യതയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ മറുപടി നല്‍കി: “തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യകക്ഷികള്‍ക്കിടയില്‍ വിശാലമായ ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമാണ് എന്‍ ഡി എ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കുക.” മോഡിയെ ബി ജെ പിയുടെ പാര്‍ലിമെന്ററി ബോര്‍ഡില്‍ അംഗമാക്കിയത് ആ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് ശരത് യാദവ് പറഞ്ഞു.വ്യവസായ മേഖലയില്‍ വന്‍ നിക്ഷേപങ്ങള്‍ നടക്കാത്തത് രണ്ടാം യു പി എയുടെ പിടിപ്പുകേട് മൂലമാണ്. സാമ്പത്തിക രംഗത്ത് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് ശരത് യാദവ് കുറ്റപ്പെടുത്തി.മോഡിക്കെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിരന്തരം രംഗത്തുവരുന്നതിന്റെയും ബീഹാറിന് ഈയടുത്ത് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ജെ ഡി യു കളം മാറുമെന്ന വാര്‍ത്തകള്‍ വരുന്നത്.