Connect with us

Kozhikode

തോന്നിയ വിലക്കൊപ്പം അളവിലും കൃത്രിമം; വടകര മത്സ്യ-മാംസ മാര്‍ക്കറ്റില്‍ റെയ്ഡ്

Published

|

Last Updated

വടകര: മത്സ്യമാര്‍ക്കറ്റില്‍ മത്സ്യത്തിന് തോന്നിയ വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മത്സ്യ – മാംസ സ്റ്റാളുകളില്‍ സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗം, പോലീസ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ റെയ്ഡ് നടത്തി.
പരിശോധനയില്‍ ചില സ്റ്റാളുകളില്‍ അളവില്‍ കൃത്രിമവും കണ്ടെത്തി. ഒറ്റ സ്റ്റാളുകളിലും വില വിവര പട്ടികയും പ്രദര്‍ശിപ്പിച്ചിട്ടില്ല. മത്സ്യം മുറിച്ചുമാറ്റുന്നത് വൃത്തിഹീനമായ സ്ഥലത്താണെന്നും സംഘം കണ്ടെത്തി.
മത്സ്യം മുറിച്ചുമാറ്റുന്ന സ്ഥലം കഴുകി വൃത്തിയാക്കാനും കത്തി, മേശ എന്നിവ വൃത്തിയാക്കാനും ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം മാര്‍ക്കറ്റിലെ കടകളില്‍ പുറത്ത് വില്‍പ്പനക്ക് വെച്ച പാല്‍, തൈര് എന്നീ ഉത്പന്നങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക് അപ്പോള്‍ ഫ്രീസറില്‍ നിന്നും ഇത്തരം ഉത്പന്നങ്ങള്‍ നല്‍കാനും നിര്‍ദേശം നല്‍കി. മത്സ്യമാര്‍ക്കറ്റിലെ സ്റ്റാളുകളിലെ രേഖകളില്ലാത്ത മൂന്ന് ത്രാസുകളും 21 തൂക്കു കട്ടികളും കൃത്യ സമയത്ത് സീല്‍ ചെയ്യാത്ത ഒരു ത്രാസും 14 തൂക്കുകട്ടികളും സ്‌ക്വാഡ് പിടിച്ചെടുത്തു. ഇതില്‍ തന്നെ ഒരു കിലോയുടെ തൂക്കുകട്ടിയില്‍ 20 ഗ്രാം കുറവുള്ളതായും കണ്ടെത്തി.
ബീഫ് സ്റ്റാളിലെ ഒരു കടയില്‍ നിന്ന് തൂക്കുകട്ടക്ക് പകരം തൂക്കം കുറവായ ഇരുമ്പ് കഷ്ണം ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. പഴയ രീതിയിലുള്ള സ്പ്രിംഗ് ത്രാസ് ഉപയോഗിച്ച് കച്ചവടം നടത്തുന്നതും കണ്ടെത്തി.
വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും നഗരസഭാ ലൈസന്‍സ് ഇല്ലാതെയും അളവ് തൂക്ക രേഖകളില്ലാതെയും കച്ചവടം ചെയ്താല്‍ ക്രിമിനല്‍ കുറ്റമാണ്. വില വിവര പട്ടികയും ലൈസന്‍സും ഇല്ലാത്ത കച്ചവടക്കാരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ മുഖാന്തരം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
അവശ്യവസ്തു നിയമ പ്രകാരമാണ് കേസെടുക്കാന്‍ നിര്‍ദേശം. അളവുതൂക്കവുമായി ബന്ധപ്പെട്ട സംഭവത്തില്‍ ലീഗല്‍ മെട്രോളജി വകുപ്പ് അനന്തര നടപടി സ്വീകരിക്കും.
അതേസമയം പരിശോധനക്കിടയില്‍ ചില സ്റ്റാളുകള്‍ ത്രാസുകള്‍ ഉള്‍പ്പെടെയുള്ളവ മാറ്റാന്‍ നടത്തിയ നീക്കം പോലീസ് തടഞ്ഞു. കാലാകാലമായി വടകര മത്സ്യമാര്‍ക്കറ്റിലും ബീഫ് സ്റ്റാളുകളിലും തോന്നിയ വില ഈടാക്കുകയാണെന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇതിനെ ചോദ്യം ചെയ്യുന്ന ഉപഭോക്താക്കളും കച്ചവടക്കാരും തമ്മില്‍ വാക്കുതര്‍ക്കങ്ങളും പതിവാണ്. ചോദ്യം ചെയ്യപ്പെട്ടാല്‍ തന്നെ മത്സ്യത്തിന് വില ആരും നിശ്ചയിച്ചിട്ടില്ലെന്നും ഇത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് കച്ചവടക്കാരുടെ നിലപാട്. ഇതുകാരണം വില വിവരപട്ടിക പ്രദര്‍ശിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല.
പരിശോധനക്കെത്തിയാല്‍ തന്നെ പിഴ സംഖ്യ നല്‍കാമെന്ന നിലപാടിലുമാണ് കച്ചവടക്കാര്‍. കൂടിവന്നാല്‍ 250 രൂപയാണ് വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിന് കടയുടമ നല്‍കേണ്ടിവരിക.
ജനങ്ങളെ കൊള്ളയടിക്കുന്ന ഇത്തരം സമീപനങ്ങള്‍ക്കെതിരെ വടകര താലൂക്ക് സഭയിലും താലൂക്ക് ഭക്ഷ്യ ഉപദേശക സമിതി യോഗത്തിലും നിരന്തരം പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അധികൃതര്‍ സംയുക്ത സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തിയത്.
ഇന്നലെ രാവിലെ എട്ടരക്ക് ആരംഭിച്ച പരിശോധന പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. പരിശോധനക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍ ഗണേഷ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ടി സി സജീവന്‍, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ കെ പി രാജീവന്‍, ലീഗല്‍ മെട്രോളജി ഓഫീസര്‍ കെ കെ നാസര്‍, അസിസ്റ്റന്റുമാരായ പി രമേശന്‍, വി പി സുനില്‍കുമാര്‍, കെ മനോജ്, പോലീസ് ഉദ്യോഗസ്ഥരായ കെ പ്രകാശന്‍, എന്‍ സുബ്രഹ്മണ്യം നേതൃത്വം നല്‍കി.

Latest