ഗള്‍ഫ് സ്വദേശിവത്കരണം: കരിപ്പൂര്‍ വിമാനത്താവള വികസനം ആശങ്കയുടെ നിഴലില്‍

Posted on: April 3, 2013 7:04 am | Last updated: April 3, 2013 at 7:04 am

nitaqatകൊണ്ടോട്ടി:ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒന്നൊന്നായി സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ കാലിക്കറ്റ് വിമാനത്താവളത്തിന്റെ ഭാവി ആശങ്കയില്‍. സഊദി അറേബ്യയില്‍ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കി വരികയാണ്. യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പടിപടിയായി സ്വദേശി വത്കരണത്തിലേക്കു നീങ്ങുന്നതോടെ കേരളത്തില്‍ ചിറകരിയപ്പെടുന്ന വിമാനത്താവളമായി കരിപ്പൂര്‍ മാറുമെന്നതാണ് ആശങ്കക്ക് വക നല്‍കുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളമാണെങ്കിലും ഇവിടെ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഗള്‍ഫ് സെക്ടറിലേക്കു മാത്രമാണുള്ളത്. മലയാളി പ്രവാസികള്‍ മാത്രം ഉപയോഗിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളില്‍ ഒന്നാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവാസികളാണ് ഇപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍.
ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ തിരിച്ചു വരവ് പൂര്‍ത്തിയാകുകയും കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുകയും ചെയ്യുന്നതോടെ കോടികള്‍ മുടക്കിയുള്ള കരിപ്പൂര്‍ വിമാനത്താവള വികസനം എന്തിനു വേണ്ടിയെന്ന ചോദ്യത്തിനു പ്രസക്തിയേറുകയാണ്. പുതിയ ബഹുനില ടെര്‍മിനല്‍ കെട്ടിടം, ഏപ്രണ്‍, എമിഗ്രേഷന്‍, കസ്റ്റംസ് ഹാളുകള്‍, ഫയര്‍ സ്റ്റേഷന്‍ കാര്‍ പാര്‍ക്കിംഗ് ഏരിയ, എയര്‍ പോര്‍ട്ട് ഓഫീസേഴ്‌സ് കോളനി, കളിസ്ഥലം എന്നിവക്കു പുറമെ 300 അടി കൂടി റണ്‍വേ കിഴക്കേ അറ്റത്തേക്ക് നീളം കൂട്ടുന്നതാണ് നിര്‍ദ്ദിഷ്ട വിമാനത്താവള വികസനം. റണ്‍വേ വികസനത്തിനായി വിമാനത്താവളത്തിന് സ്വന്തമായി ഭൂമിയുണ്ടെങ്കിലും മറ്റ് വികസനങ്ങള്‍ക്ക് 137 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. തദ്ദേശീയരെ കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. പല വിധ പാക്കേജുകളും എയര്‍ പോര്‍ട്ട് അതോറിറ്റി വാഗ്ദാനം നല്‍കുന്നുണ്ടങ്കിലും കിടപ്പാടം വിട്ടു നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍.
ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശി വത്കരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ഇനിയൊരു 20 വര്‍ഷത്തെ തൊഴില്‍ സാധ്യതകളേ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു പ്രതീക്ഷിക്കാനാകൂ. കരിപ്പൂരില്‍ മേല്‍ പറഞ്ഞ വികസനങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴേക്കും വര്‍ഷങ്ങളെടുക്കും. അതോടെ ഗള്‍ഫ് യാത്രക്കാരുടെ എണ്ണവും കുറയും.
കരിപ്പൂരില്‍ നിന്ന് 70 കിലോമീറ്ററില്‍ താഴെ മാത്രം ദൂരമുള്ള കണ്ണൂരില്‍ മറ്റൊരു വിമാനത്താവളം കൂടി യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കെ, കരിപ്പൂരില്‍ കോടികള്‍ ചെലവഴിച്ചും തദ്ദേശീയരെ കുടിയിറക്കിയും മറ്റൊരു വികസനത്തിന് പ്രസക്തിയെന്തെന്ന ചോദ്യം അവശേഷിക്കുകയാണ്.