ഏലംക്കുളം അബ്ദുറശീദ് സഖാഫിയെയും സുന്നി പ്രവര്‍ത്തകരെയും വധിക്കാന്‍ ലീഗ്-ഗുണ്ട സംഘത്തിന്റെ ശ്രമം

Posted on: April 3, 2013 6:00 am | Last updated: April 2, 2013 at 9:35 pm

മണ്ണാര്‍ക്കാട്: ഏലംക്കുളം അബ്ദുറശീദ് സഖാഫിയെയും സുന്നി പ്രവര്‍ത്തകരെയും വധിക്കാന്‍ ലീഗ് – ഗുണ്ട സംഘത്തിന്റെ ശ്രമം.
ഏലംക്കുളം സഖാഫിയടക്കം നാലു പേര്‍ക്ക് പരുക്ക്. ഇവരെ മണ്ണാര്‍ക്കാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി മുണ്ടേക്കാരക്കാട് ഹംസയുടെ വീട്ടില്‍ ഭക്ഷണം കഴിഞ്ഞ് ഓട്ടോ റിക്ഷയില്‍ മടങ്ങവേ ആക്രമണം നടന്നത്.
25ഓളം വരുന്ന ഗുണ്ടാസംഘം ബൈക്കിലെത്തി ഓട്ടോറിക്ഷയെ മറിച്ചിടാന്‍ ശ്രമം നടത്തുകയും ഇതിനിടെ മുസ്‌ലീം ലീഗ് നേതാവിന്റെ സഹോദരന്‍ റാഷിദ് കാറുമായി വന്ന് ഓട്ടോറിക്ഷക്ക് വിലങ്ങനെയിട്ട്, ഏലംക്കുളം സഖാഫിയെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയും വധിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന സുന്നി പ്രവര്‍ത്തകരായ ഹാരീസ്, അസീസ്, അഷറഫ് എന്നിവര്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
ഇവരെ ആദ്യം മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി സ്വകാര്യാശുപത്രിയിലേക്കും മാറ്റി. ഏലംക്കുളം അബ്ദുറശീദ് സഖാഫി, അബ്ദുല്‍ അസീസ്, മുഹമ്മദ് ഹാരീസ്, മുഹമ്മദ് അഷറഫ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
മുണ്ടേക്കാരാട് എസ് എസ് എഫ് യൂനിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത വൈരാഗ്യമാണ് ഏലംക്കുളം അബ്ദുറശീദ് സഖാഫിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ പിന്നിലെന്ന് പറയപ്പെടുന്നു.
ഏലംക്കുളം അബ്ദുറശീദ് സഖാഫിയുടെ പരാതിയില്‍ മേല്‍ പത്ത് പേര്‍ക്കെതിരെ മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.