അല്‍ ഐനില്‍ ലേബര്‍ പരിശോധന ശക്തമാക്കി

Posted on: April 2, 2013 7:23 pm | Last updated: April 2, 2013 at 7:23 pm

AL AIN LABOURS..അല്‍ ഐന്‍:അല്‍ ഐന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനധികൃത തൊഴിലാളികളെയും താമസക്കാരെയും പിടികൂടുന്നതിനായി പരിശോധന ശക്തമാക്കി. മസ്‌യാദ്, സാഖര്‍, സനാഇയ്യ, ത്വവിയ്യ, ജാനിലി, ജീമി എന്നീ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ടൗണ്‍ ബസുകളിലും യാത്രക്കാരുടെ ലേബര്‍ കാര്‍ഡ്, ഐ ഡി എന്നിവ തൊഴില്‍ മന്ത്രാലയം അധികൃതര്‍ പരിശോധിക്കുന്നതായാണ് വിവരം. സ്വദേശികളുടെ വീടുകളില്‍ ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ പരിശോധനക്ക് എത്തുന്നവര്‍ തൊഴില്‍ ഉടമകളുമായി സംസാരിച്ച് വ്യക്തത വരുത്തി ശേഷമാണ് തുടര്‍ നടപടി സ്വീകരിക്കുന്നത്. പൊതുമാപ്പ് കഴിഞ്ഞ ഉടനെ ഒരാഴ്ചക്കകം അല്‍ ഐന്‍ നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 25 ഓളം ബംഗ്ലാദേശ് സ്വദേശികളെയും ഏതാനും പാക്കിസ്ഥാന്‍ പൗരന്മാരെയും പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാഹനങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധന നടത്തിയതിനെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ഓളം വിവിധ രാജ്യക്കാരായ അനധികൃത താമസക്കാരെ പിടികൂടിയതായും വാര്‍ത്ത വന്നിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തുപോകുന്ന സമയം മതിയായ രേഖകള്‍ കൈവശം വെക്കാത്തവരും പിടികൂടിയവരില്‍ ഉള്‍പ്പെടും. രേഖകള്‍ കൈവശം വെക്കാതെ യാതൊരു കാരണവശാലും പുറത്തിറങ്ങിറങ്ങറുതെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.