Connect with us

Gulf

അല്‍ ജലീല ഫൗണ്ടേഷന്‍ ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ശൈഖ അല്‍ ജലീല ഫൗണ്ടേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശൈഖ് മുഹമ്മദിന്റെ ഇളയ പുത്രിയായ ശൈഖ അല്‍ ജലീലയുടെ പേരിലുള്ളതാണ് വൈദ്യരംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നിലകൊള്ളുന്ന ഫൗണ്ടേഷന്‍. ശൈഖ് മുഹമ്മദ്, ശൈഖ ജലീലക്കൊപ്പം എത്തിയാണ് ദുബൈ ഹെല്‍ത്ത്‌കെയര്‍ സിറ്റിയിലെ മുഹമ്മദ് ബിന്‍ റാശിദ് അക്കാഡമിക്‌സില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ അല്‍ ജലീല ഫൗണ്ടേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സാമൂഹിക കാര്യ മന്ത്രി മറിയം ഖല്‍ഫാന്‍ അല്‍ റൂമി, സഹമന്ത്രി സ്റ്റേറ്റ് റീം അല്‍ ഹാഷിമി, ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മൂഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി പങ്കെടുത്തു. വൈദ്യ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക, ഈ രംഗത്തെ കണ്ടുപിടുത്തങ്ങള്‍ക്ക് കൈതാങ്ങായി നിലകൊള്ളുക, മേഖല അഭിമൂഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഫൗണ്ടേഷന്‍ ഈ വര്‍ഷം 10 കോടി സമാഹരിക്കുമെന്ന് സി ഇ ഒ. ഡോ. അബ്ദുല്‍ കരീം സുല്‍ത്താന്‍ അല്‍ ഒലാമ വ്യക്തമാക്കി. മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ്, വൈദ്യ രംഗത്തെ ഗവേഷണങ്ങള്‍ എന്നിവക്കായാവും പണം വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest