Connect with us

Editorial

ബി ജെ പിയുടെ മുന്നൊരുക്കം

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കുന്നുവെങ്കിലും ഇടക്കാല തിരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ നില ഭദ്രമാക്കി കളമൊരുക്കാനുള്ള തത്രപ്പാടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രസ്താവനകളിലും നയസമീപനങ്ങളിലും മാത്രമല്ല, വിഷയങ്ങള്‍ വിവാദമാക്കുന്നതില്‍ പോലും രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യമൊരുക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുന്നത്. പ്രാദേശിക പാര്‍ട്ടികളാകട്ടെ, സങ്കുചിത താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി വോട്ട്‌ബേങ്ക് ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലുമാണ്.
പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി ജെ പിയും ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങിയിട്ടില്ലെങ്കിലും ഏത് നിമിഷവും ഇത്തരമൊരു സാഹചര്യം പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ തൃണമൂലും ഈയിടെ ഡി എം കെയും കൈയൊഴിഞ്ഞ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ ചതുപ്പുനിലത്തില്‍ വന്‍ കൊയ്ത്ത് നടത്തി 2014ല്‍ കിംഗ് മേക്കറാകാന്‍ തയ്യാറെടുക്കുന്ന മുലായം സിംഗിന്റെ കാരുണ്യത്തില്‍ മന്‍മോഹന്‍ ഭരണകൂടത്തിന് അധിക കാലം മുന്നോട്ടുപോകാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കൊപ്പം കോണ്‍ഗ്രസും കണക്കു കൂട്ടുന്നുണ്ട്. ഇത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ടു തന്നെയാണ് ഇരു പാര്‍ട്ടികളും അണിയറയില്‍ തയ്യാറെടുപ്പ് ആരംഭിച്ചത്. കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയാല്‍ രാഹുല്‍ പ്രധാനമന്ത്രിക്കസേരയിലെന്ന് പറയാതെ പറയുന്ന കോണ്‍ഗ്രസും പണം വാരിയെറിഞ്ഞും നരേന്ദ്ര മോഡിക്ക് പ്രതിച്ഛായ മിനുക്കി അദ്ദേഹത്തിന്റെ തണലില്‍ അഭ്യാസത്തിന് മുതിരുന്ന ബി ജെ പിയുമാണ് ചിത്രത്തില്‍.
ഗുജറാത്തില്‍ ഹാട്രിക് വിജയം കൊയ്ത നരേന്ദ്ര മോഡിയെ മുന്നില്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിടാനുള്ള ബി ജെ പിയുടെ തന്ത്രം ആവനാഴിയിലെ അവസാന അസ്ത്രമാണ്. രാമക്ഷേത്ര നിര്‍മാണം വിഷയമാക്കി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് അധികാരം പിടിച്ചെടുത്ത ബി ജെ പിക്ക് കോണ്‍ഗ്രസിന് ബദലായി ദേശീയ രാഷ്ട്രീയത്തില്‍ പച്ചപിടിക്കാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവാണ് മോഡിയുടെ പ്രഭാവലയത്തില്‍ അഭയം തേടാന്‍ പ്രചോദനം. വംശഹത്യയിലൂടെ ഗുജറാത്തിലെ ഉഴുതു മറിച്ച മോഡിക്ക് മേമ്പൊടിയായി ഹിന്ദുത്വ തീവ്രവാദവും പൊടിതട്ടിയെടുക്കാന്‍ ബി ജെ പിയും സംഘ്പരിവാറും തീരുമാനിച്ചിരിക്കയാണ്. 2015നകം ഗുജറാത്തിനെ ഹിന്ദുത്വ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രസ്താവനയും രാമക്ഷേത്ര നിര്‍മാണം അടുത്ത തിരഞ്ഞെടുപ്പില്‍ വിഷയമാക്കുമെന്ന ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും ഈ വഴിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. “പരിപാവനമായ രാമക്ഷേത്ര നിര്‍മാണത്തിന് സമീപ ഭാവിയില്‍ ജനകീയ പങ്കാളിത്തത്തോടെ വിജയമന്ത്രമുരുവിടു”മെന്ന് അഹമ്മദാബാദില്‍ വി എച്ച് പിയുടെ ഹിന്ദു സംഘം പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് മോഹന്‍ ഭഗവത് പറഞ്ഞത്.
നരേന്ദ്ര മോഡിയെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പാര്‍ലിമെന്ററി ബോര്‍ഡില്‍ അംഗമാക്കിയത്. അഞ്ച് മുഖ്യമന്ത്രിമാര്‍ ബി ജെ പിക്ക് ഉണ്ടെങ്കിലും മോഡിയെ മാത്രമാണ് പാര്‍ലിമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, മോഡിക്കെതിരെ നേരത്തെ പരസ്യമായി രംഗത്തെത്തിയ യശ്വന്ത് സിന്‍ഹയെ പാര്‍ലിമെന്ററി ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡില്‍ നരേന്ദ്ര മോഡിയും അദ്ദേഹത്തിന്റെ അടുത്തയാളും വിശ്വസ്തനുമായ അമിത് ഷായും സ്ഥാനം നേടിയതോടെ ബി ജെ പിയുടെ ഭാവി നയപരിപാടികളെ കുറിച്ചും തിരഞ്ഞെടുപ്പ് അജന്‍ഡയെ കുറിച്ചും സൂചന പ്രകടമാകുകയുണ്ടായി. ഹിന്ദുത്വ അജന്‍ഡയുടെ പ്രതിരൂപമായി വിശേഷിപ്പിക്കപ്പെടുന്ന നരേന്ദ്ര മോഡിയിലൂടെ രാഷ്ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ബി ജെ പി ലക്ഷ്യമിടുന്നത്. ഇമേജ് പൊലിപ്പിച്ചുകാട്ടാനും വികസന നായകനാക്കി ഉയര്‍ത്തിക്കാട്ടാനും വന്‍ പ്രൊജക്ട് തന്നയാണ് ബി ജെ പി നേതൃത്വം ആസൂത്രണം ചെയ്യുന്നത്. രാമക്ഷേത്ര നിര്‍മാണത്തിലൂടെ യു പിയില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയെന്നതാണ് ബി ജെ പിയുടെ പ്രഥമ ലക്ഷ്യം. തീവ്ര ഹിന്ദുത്വ നിലപാടുകാരിയായ ഉമാഭാരതി ബി ജെ പിയുടെ ഉന്നത നേതൃസ്ഥാനത്തെത്തിയതും കല്യാണ്‍സിംഗ് യു പിയില്‍ തിരിച്ചെത്തുന്നതും ഹിന്ദുത്വ തീവ്രവാദ നയനിലപാടുകള്‍ക്ക് ശക്തിപകരുന്ന ഘടകങ്ങളാണ്.
സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ മുന്‍നിറുത്തി രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിന്റെയും കാലമിത്രയും നിലനിര്‍ത്തിപ്പോന്ന ദേശീയ അഖണ്ഡതയുടെയും കടയ്ക്കല്‍ കത്തിവെക്കുന്ന നയനിലപാടുകള്‍ ഒരു തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും മൈലേജ് നേടിത്തന്നേക്കാമെങ്കിലും ഐക്യത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കുന്ന സമൂഹത്തില്‍ അതുണ്ടാക്കുന്ന ധ്രുവീകരണവും പ്രത്യാഘാതങ്ങളും കാലമെത്ര പിന്നിട്ടാലും മായ്ക്കാനാകില്ലെന്ന ചരിത്രവസ്തുതയാണ് ഗുജറാത്ത് വരച്ചുകാണിക്കുന്നത്. ഇത്തരത്തിലൊരു പരീക്ഷണം ഇന്ത്യക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നാണക്കേടുണ്ടാക്കിയെന്നു മാത്രമല്ല, ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്തു. ജനങ്ങളെ കീറിമുറിച്ചായാലും നാല് വോട്ടെന്ന സമീപനത്തില്‍ മാറ്റമാണ് വേണ്ടത്. മാറാത്തവരെ രാഷ്ട്രീയ ഭൂമികയില്‍ ഒറ്റപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണം.

---- facebook comment plugin here -----

Latest