Connect with us

Articles

അമേരിക്കയിലെ ഹുല്ലാദിയ ഹനുമാന്മാര്‍

Published

|

Last Updated

ആഗോള കോര്‍പ്പറേറ്റ് മൂലധനത്തിന്റെ ഇന്ത്യന്‍ ഇടനിലക്കാരുടെ സംഘടനയാണ് “ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി” എന്നത്. 1980കളുടെ ആദ്യം വിശ്വഹിന്ദു സമ്മേളനത്തിന് അമേരിക്കയിലെ വാഷിംഗ്ടണില്‍ സൗകര്യമൊരുക്കിയത് ഇക്കൂട്ടരായിരുന്നു. ഇന്ത്യാ രാജ്യത്തെ അമേരിക്കന്‍ മൂലധനത്തിന്റെ ആധിപത്യത്തിലേക്ക് കൊണ്ടുവരാനുള്ള സാമ്രാജ്യത്വ അജന്‍ഡയുടെ നിര്‍വാഹകരാണ് ഈ കടുത്ത ഹിന്ദുത്വവാദികളായ പ്രവാസികള്‍. വാഷിംഗ്ടണില്‍ നടന്ന വിശ്വഹിന്ദു സമ്മേളനമാണല്ലോ ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ ഹിന്ദുക്കള്‍ക്ക് “നഷ്ടപ്പെട്ടുപോയ” മൂവായിരം ദേവാലയങ്ങളുടെ പട്ടിക തയ്യാറാക്കി അത് തിരിച്ചുപിടിക്കാനുള്ള കുരിശുയുദ്ധ സമാനമായ വര്‍ഗീയ യുദ്ധങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയത്. ബാബരി മസ്ജിദും കാശിയിലെ ഗ്യാന്‍വാപി മസ്ജിദുമെല്ലാം തര്‍ക്കഭൂമിയായി ഉയര്‍ത്തിയെടുക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് അജന്‍ഡ നിശ്ചയിച്ചത് അമേരിക്കന്‍ ബുദ്ധിജീവികള്‍ പ്രസിദ്ധീകരിക്കുന്ന “കാര്‍ണഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷനല്‍ പീസ്” പോലുള്ള ബഹുരാഷ്ട്ര ഫൗണ്ടേഷനുകളായിരുന്നു.
ഗുജറാത്ത് വംശഹത്യക്ക് പിറകിലും അമേരിക്കന്‍ ഇന്ത്യക്കാരായ ഹിന്ദുത്വവാദികള്‍ വഹിച്ച പങ്ക് പുറത്തുവന്നിട്ടുള്ളതാണ്. “ഇന്ത്യ റിലീഫ് ആന്‍ഡ് ഡവലപ്‌മെന്റ്” എന്ന പേരില്‍ ബഹുരാഷ്ട്ര കോര്‍പറേറ്റുകളില്‍ നിന്ന് വന്‍ തോതില്‍ ഫണ്ട് സ്വരൂപിച്ചു വംശഹത്യക്കായി ഗുജറാത്തിലേക്കൊഴുക്കിയത് “ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി” തന്നെയായിരുന്നു. ഗോത്രവര്‍ഗ വിഭാഗങ്ങളെ വരെ മുസ്‌ലിം ജനസമൂഹത്തിന് നേരെ പ്രാകൃതമായ വിദ്വേഷ രാഷ്ട്രീയത്താല്‍ ഇളക്കിവിട്ടതിന് പിറകില്‍ അമേരിക്കന്‍ ഏജന്‍സികളും ധനസഹായവും ആസൂത്രിതമായി തന്നെ പങ്ക് വഹിച്ചിരുന്നു. ഏറ്റവും ആധുനികമായ രീതിയില്‍ ആസൂത്രണം ചെയ്യപ്പെട്ട, ഭരണകൂടത്തിന്റെ തണലില്‍ നടന്ന ഭീകരമായ നരഹത്യയായിരുന്നല്ലോ ഗുജറാത്തിലേത്. പോലീസിന്റെയും ബ്യൂറോക്രസിയുടെയും സമ്പൂര്‍ണമായ സഹായത്തോടെയാണ് കൂട്ടക്കൊലകളെല്ലാം നടന്നതെന്ന കാര്യം ഇപ്പോള്‍ സംശയരഹിതമായി പുറത്തുവന്നിരിക്കയാണ്.
സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായ ഏറ്റവും വ്യാപകവും ഭീതിദവുമായ കൊലപാതക പരമ്പരകളാണ് ഗുജറാത്തില്‍ മോഡി ഭരണത്തില്‍ സംഭവിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സിറ്റിസണ്‍ ഇനീഷ്യേറ്റീവ്, വിരമിച്ച ജഡ്ജിമാരുടെ സംഘം എന്നിവ നടത്തിയ അന്വേഷണവും അവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും ആസൂത്രിതമായൊരു വിദ്വേഷ രാഷട്രീയ പ്രചാരണത്തിന്റെ അനിവാര്യതയായിട്ടാണ് ഈ കൂട്ടക്കൊലകളെ കണ്ടത്. പകയുടെയും വെറുപ്പിന്റെയും പ്രാകൃതമായ വികാരങ്ങളും സങ്കുചിതമായ മനോഭാവങ്ങളും മാധ്യമങ്ങളും മറ്റു പ്രചാരവേലകളും വഴി സൃഷ്ടിക്കപ്പെടുകയായിരുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കണ്ട് ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് അവസ്ഥയിലേക്ക് ഭൂരിപക്ഷ സമൂദയങ്ങളെ എത്തിച്ചത് ദീര്‍ഘകാല വിദ്വേഷപ്രചാരണങ്ങളായിരുന്നു. കൊന്നുതീര്‍ക്കുന്നവരുടെയും കൊള്ളയടിക്കുന്നവരുടെയും മേല്‍വിലാസങ്ങളും പട്ടികയും കമ്പ്യൂട്ടറില്‍ തയ്യാറാക്കിയെന്നത് തന്നെ ഗുജറാത്ത് വംശഹത്യക്ക് വേണ്ടിയുള്ള ഹിന്ദുത്വവാദികളുടെ വിപുലമായ തയ്യാറെടുപ്പിനെയാണ് സൂചിപ്പിക്കുന്നത്. ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ആയുധവത്കരണം നടത്തുകയും വിധ്വംസന മുറകളില്‍ നേരത്തെ തന്നെ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച പൈശാചിക രീതിയിലൂടെ സ്ത്രീകളെയും കുട്ടികളെയും കൊടും ക്രൂരതകള്‍ക്കിരയാക്കാനും കൊലയാളി സംഘങ്ങള്‍ക്ക് വേണ്ടപോലെ പരിശീലനം നല്‍കിയിരുന്നു. ന്യൂനപക്ഷങ്ങളുടെ അധിവാസ പ്രദേശങ്ങളെ ചുട്ടുകരിച്ചുകളയാനുള്ള ലോഡ് കണക്കിന് ഗ്യസ് സിലിന്‍ഡറുകളും മറ്റ് ആയുധങ്ങളും വളരെ നേരത്തെ തന്നെ സജ്ജീകരിച്ചുവെച്ചിരുന്നു. ഗോദ്ര സംഭവം പോലും ഒരു വന്‍ കൂട്ടക്കൊലക്കുള്ള ഹിന്ദുത്വശക്തികളുടെ ആസൂത്രിത പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതായിരുന്നുവെന്ന് പല കമ്മീഷനുകളും അസന്നിഗ്ധമായ രീതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വളരെ വളരെ ആസൂത്രിതമായി നടന്ന കൂട്ടക്കൊലകളുടെ പരമ്പരകള്‍ ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളാല്‍ സംവിധാനിക്കപ്പെട്ടതും ഏകോപിപ്പിക്കപ്പെട്ടതുമായിരുന്നു. ഗുജറാത്താകെ കലാപം പടര്‍ത്തുന്ന രീതിയില്‍ കലാപകാരികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഏകോപിപ്പിച്ചത് മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു.
ഒരിക്കലും കേള്‍ക്കരുതേയെന്നാഗ്രഹിക്കുന്ന നിഷ്ഠൂരമായ നരഹത്യകളാണ് ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി നടന്നതെന്ന കാര്യം ഇന്ത്യയിലെ മതനിരപേക്ഷവാദികളിലും അന്താരാഷ്ട്ര സമൂഹത്തിലും മോഡിയെ അനഭിമതനാക്കി. അപരവിദ്വേഷത്താല്‍ സ്വാധീനിക്കപ്പെട്ട ഗുജറാത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ വര്‍ഗീയവത്കരിക്കപ്പെട്ട വോട്ട് ബേങ്കുകള്‍ മോഡിയെ വീണ്ടും വീണ്ടും അധികാരത്തിലേറ്റുമ്പോഴും വംശഹത്യയുടെ ചോരക്കറയില്‍ നിന്നും അന്താരാഷ്ട്ര സമൂഹം അദ്ദേഹത്തെ കുറ്റവിമുക്തനാക്കാന്‍ തയ്യാറായില്ല. ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടാണ് മോഡി നീങ്ങുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ മധ്യവര്‍ഗം മുപ്പതുകളിലെ യൂറോപ്പിലെന്ന പോലെ തങ്ങളുടെ രക്ഷകനായി ഒരു “ഹിറ്റ്‌ലറെ” തേടുകയാണ്. അഴിമതിയിലും സര്‍വമാന രാഷ്ട്രീയ ജീര്‍ണതകളിലും പെട്ട് വിശ്വാസം നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാറിന് പകരം തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മോഡിയെപ്പോലൊരു ഫാസിസ്റ്റിനെ രംഗത്തിറക്കാനും ആഗോള കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ മടിക്കില്ല.
ഈയൊരു പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിയെടുക്കാനുള്ള ലോബീയിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് ശേഷം അനഭിമതനായ മോഡിയുമായി യൂറോപ്യന്‍ യൂനിയനു വേണ്ടി ജര്‍മന്‍ പ്രതിനിധികള്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ആഗോള സമൂഹത്തില്‍ മോഡിയുടെ പ്രതിച്ഛായ ഉയര്‍ത്താനായി അമേരിക്കന്‍ ലോബിയിംഗുകള്‍ തന്നെ രംഗത്ത് വന്നിരിക്കയാണ്. ഗുജറാത്തിലെ വികസന മാതൃകക്ക് ആഗോള തലത്തില്‍ പ്രൊമോഷന്‍ നല്‍കി വംശഹത്യയുടെ ചോരക്കറ കഴുകിക്കളയാനാകുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്.
അമേരിക്കയില്‍ പണം വാങ്ങിച്ച് രാഷ്ട്രീയ ലോബീയിംഗ് നടത്തുന്ന നിരവധി സ്ഥാപനങ്ങളും ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഗ്രൂപ്പുകള്‍ മൂന്നാം ലോകത്തിന്റെ ഭാവി ഭാഗധേയത്തെയും രാഷ്ട്രീയ തീരുമാനങ്ങളെയും എങ്ങനെയാണ് നിര്‍ണയിക്കുന്നത് എന്ന് വിശദമാക്കുന്ന നിരവധി സംഭവങ്ങള്‍ ഹിന്ദു പത്രത്തിന്റെ മുന്‍ ജനീവ ചിതിനിധിയായിരുന്ന പിത്രാ സുബ്രഹ്മണ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രതിനിധി സംഘം മോഡിയുടെ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് അമേരിക്കന്‍ മാധ്യമങ്ങളിലൂടെ മോഡിയുടെ പ്രതിച്ഛായ മാറ്റാന്‍ ശ്രമമാരംഭിച്ചതോടെയാണ് അമേരിക്കയിലെ മോഡിയുടെ ഹുല്ലാദിയ ഹനുമാന്മാരുടെ തനിനിറം പുറത്തായത്. ഗുജറാത്ത് വംശഹത്യയുടെ ചോരച്ചാലുള്‍ തള്ളിയാണ് ഹിന്ദുത്വവാദികളുടെ പ്രതീകമായ കിരാതമൂര്‍ത്തി “ഹുല്ലാദിയ ഹനുമാന്‍” പിറന്നുവീണത്. ഹുല്ലാദിയ ഹനുമാന്‍ ഹിന്ദുത്വത്തിനും ഹിന്ദുരാഷ്ട്രത്തിനും വേണ്ടി എന്ത് പൈശാചിക കൃത്യവും നടത്താന്‍ മടി കാണിക്കാത്ത ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ദൈവമാണ്. ശ്രീരാമ വിശ്വസ്ഥ സേവകനായ ഹനുമാനെ മോഡിമാര്‍ കിരാതമൂര്‍ത്തിയായ ഹുല്ലാദിയ ഹനുമാനാക്കിത്തീര്‍ക്കുകയാണുണ്ടായത്.
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധിയായ ആരോണ്‍ ഷോക്കിന്റെ നേതൃത്വത്തിലുള്ള ബിസിനസ്സുകാര്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ഗുജറാത്തിലെത്തി മോഡിയുമായി കൂടിക്കാഴ്ച നടത്തിയത്. അവര്‍ കര്‍ണാടകയിലും പഞ്ചാബിലുമെല്ലാം പര്യടനം നടത്തി. അവരുടെ പര്യടന പരിപാടി ഓവര്‍സീസ് ഫ്രന്‍ഡ്‌സ് ഓഫ് ബി ജെ പിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. അമേരിക്കയിലെ പ്രവാസി ബിസിനസ്സുകാരനായ സുഭാഷ് കുമാര്‍ ആണ് ഈ പരിപാടിക്കുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത്. വന്‍ പണം നല്‍കിയാണ് ഈ സംഘത്തെ ഇന്ത്യയിലെത്തിച്ചതെന്ന വിവരം പുറത്തുവന്നിരിക്കയാണ്. ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈ ഇന്ത്യ പത്രം അമേരിക്കന്‍ സംഘത്തിന്റെ ഗുജറാത്ത് പര്യടനത്തിന് പിറകിലെ വിവരങ്ങള്‍ വിശദമായി തന്നെ പുറത്തുകൊണ്ടുവന്നിരിക്കയാണ്. സുഭാഷ് കുമാറിനെ പോലുള്ള അമേരിക്കന്‍ ഫൈനാന്‍സ് മൂലധനത്തിനും ഇന്ത്യന്‍ സമ്പദ്ഘടനക്കും ഇടയില്‍ പാലം പണിയുന്ന ഓവര്‍സിസ് ഫ്രന്‍ഡ്‌സ് ഓഫ് ബി ജെ പിയുടെ പ്രതിനിധികള്‍ മോഡിയുടെ ഹുല്ലാദിയ ഹനുമാന്മാരായി കളി തുടങ്ങിയിരിക്കയാണ്. ബി ജെ പിയുടെ ഹിന്ദുരാഷ്ട്രം അമേരിക്കയുടെ സാമന്ത രാജ്യമായിരിക്കുമല്ലോ.

Latest