ഫിഫ ലോകകപ്പ് ട്രോഫി മറ്റന്നാള്‍ മസ്‌കത്തില്‍

Posted on: April 2, 2013 9:46 pm | Last updated: April 2, 2013 at 9:46 pm
SHARE

മസ്‌കത്ത്  : ലോക ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അടുത്ത വര്‍ഷം  ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ വിജയിക്കുന്ന ടീമിനു സമ്മാനിക്കുന്നതിനുള്ള സ്വര്‍ണ കപ്പ് വ്യാഴായ്ച്ച മസ്‌കത്തില്‍ പ്രദര്‍ശിപ്പിക്കും. വിവിധ ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിലും കപ്പ് കൊണ്ടു വരുന്നതെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ലോകകപ്പ് പ്രേമികള്‍ക്ക് ഒരു നോക്കു കാണുന്നതിനും ലോകകപ്പിനു ചാരത്തു നിന്ന് ഫോട്ടോയെടുക്കുന്നതിനുമുള്ള സുവര്‍ണാവസരമാണ് ലഭ്യമാകുന്നത്. എന്നാല്‍ സന്ദര്‍ശകബാഹുല്യം നിയന്ത്രിക്കുന്നതിനായി ക്ഷണം ലഭിച്ചവര്‍ക്കു മാത്രമായിരിക്കും കപ്പ് കാണാന്‍ അവസരം ലഭിക്കുക. പ്രദര്‍ശനസ്ഥലം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നാളെ കുവൈത്തില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് മറ്റന്നാള്‍ ലോകകപ്പ് മസ്‌കത്തിലെത്തുന്നത്. അബുദാബിയിലും കപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. നാലര കിലോ ഗ്രാം സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണ് കപ്പ്. വെള്ളിയാഴ്ച ദുബൈയിലാണ് കപ്പിന്റെ പ്രദര്‍ശനം. ഇവിടെ ഞായറാഴ്ച വരെ പ്രദര്‍ശനമുണ്ടാകും. ഏപ്രില്‍ ഏഴിനു യു എ ഇയില്‍നിന്നും ട്രോഫി അബുദാബിയിലെത്തിച്ച് ഇവിടെയും പ്രദര്‍ശിപ്പിക്കും.
ഫിഫ ലോകകപ്പിന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍മാരായ വിസയാണ് പ്രദര്‍ശനത്തിന് അവസരമൊരുക്കുന്നത്. ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കുന്നതിനുള്ള സ്വര്‍ണകപ്പ് ഇതു രണ്ടാം തവണയാണ് വിവിധ ലോകരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനു മുമ്പ് 2009ലും കപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here