അധികൃതര്‍ അയയുന്നതും കാത്ത് നിരവധി മലയാളികള്‍

Posted on: April 2, 2013 6:00 am | Last updated: April 1, 2013 at 10:41 pm

നെടുമ്പാശ്ശേരി: സഊദിയില്‍ സ്വദേശിവത്കരണം ശക്തമായതോടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയ മലയാളികള്‍ പലരും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് അയവ് വരുമെന്ന ചിന്തയില്‍ താമസസ്ഥലത്തും മറ്റുമായി പുറത്തു കടക്കാതെ ഒളിവില്‍ താമസിക്കുകയാണെന്ന് ഇന്നലെ രാവിലെ 10.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി എയര്‍ലൈനിലെത്തിയ മലയാളികള്‍ പറഞ്ഞു. സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇന്നലെ എത്തിയ 291 യാത്രക്കാരില്‍ 25 പേര്‍ സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ട് വന്നവരാണ്. സഊദിയില്‍നിന്ന് കേരളത്തിലെത്തിയ മറ്റു വിമാനങ്ങളിലും ജോലി നഷ്ടപ്പെട്ടവര്‍ വന്നിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പല വിസകളിലുമായി സഊദിയില്‍ എത്തി സ്‌പോണ്‍സര്‍മാരുടെ കീഴില്‍ മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കെതിരെ സഊദി ഭരണകൂടം കര്‍ശന നടപടികള്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ മലയാളികള്‍ നാട്ടിലേക്ക് തിരിക്കേണ്ടി വന്നത്.
പരിശോധന ഭയന്ന് മുറിയില്‍ ഒളിച്ചു കഴിയുന്ന പലരും ടിക്കറ്റ് തരപ്പെടുത്തി നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണ്. നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടി ഒന്നും കൊണ്ടുവരാന്‍ പോലും പറ്റാതെ എല്ലാം ഉപേക്ഷിച്ച് വന്നവരും ഈ കൂട്ടത്തിലുണ്ട്. ചിലരുടെ കൈവശം അവിടെ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളടങ്ങിയ പ്ലാസ്റ്റിക് കൂടുകള്‍ മാത്രമാണ് ഉള്ളത്. സ്വദേശിവത്കരണ നിയമത്തിന് അയവ് വരുമ്പോള്‍ തിരിച്ചു പോകാമെന്ന പ്രതീക്ഷയില്‍ വന്ന ചിലരുണ്ട്. സഊദിയില്‍ ഇലക്ട്രിക്, മൊബൈല്‍ തുടങ്ങിയ കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്ന പലരും സ്ഥാപനം താത്കാലികമായി അടച്ചു നാട്ടിലേക്ക് വന്നിരിക്കുകയാണ്.
ഉയര്‍ന്ന ശമ്പളത്തിന് സ്വദേശിയെ കടയില്‍ നിറുത്താന്‍ വരുമാനമില്ലാത്തതുകൊണ്ട് പത്തനംതിട്ട സ്വദേശി ജോര്‍ജ് ഒരാഴ്ചയായി തന്റെ ഇലക്ട്രിക് സ്ഥാപനം അടച്ചുപൂട്ടി മുറിയില്‍ ഒളിച്ചു താമസിക്കുകയാണെന്നും പരിശോധനകള്‍ കുറയുമ്പോള്‍ കട തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിനുള്ളതെന്നും ഇന്നലെ സഊദിയില്‍ നിന്ന് അവധിക്ക് എത്തിയ സഹോദരന്‍ വാര്‍ത്താലേഖരോട് പറഞ്ഞു. 24 വര്‍ഷമായി സഊദിയില്‍ ബിസിനസ് നടത്തുന്ന ആലപ്പുഴ തളിക്കുളം സ്വദേശി ഷംസുദ്ദീന്‍ സ്വന്തം ബിസിനസ് സ്ഥാപനം 10 ദിവസം മുമ്പ് അടച്ചുപൂട്ടിയാണ് ഇന്നലെ നാട്ടിലെത്തിയിട്ടുള്ളത്. നാല് മാസത്തിനുള്ളില്‍ തിരിച്ചെത്തി ബിസിനസ് പുനരാരംഭിക്കുവാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്ൃവാസത്തിലാണദ്ദേഹം. സ്വദേശിവത്കരണ നിയമം കര്‍ശനമായതോടെ ഡ്രൈവര്‍ വിസയിലും മറ്റും സഊദിയില്‍ എത്തിയശേഷം മറ്റു ജോലികള്‍ ചെയ്യേണ്ടിവന്ന മലയാളികള്‍ ദുരിതത്തിലായിരിക്കുകയാണെന്ന് ചാലക്കുടി സ്വദേശി അന്‍ഷാദ് പറഞ്ഞു.