അച്ഛനെപ്പോലെ താന്‍ വിശ്വസിച്ച മുഖ്യമന്ത്രി തന്നെ വഞ്ചിച്ചെന്ന് യാമിനി തങ്കച്ചി

Posted on: April 1, 2013 6:05 pm | Last updated: April 1, 2013 at 11:52 pm
yamini
യാമിനി തങ്കച്ചി വാര്‍ത്താസമ്മേളനത്തിനിടെ

 

തിരുവനന്തപുരം:മന്ത്രി ഗണേഷ് കുമാര്‍ തന്നെ പീഡിപ്പിക്കുന്നത് സംബന്ധിച്ച് പരാതി നല്‍കാനെത്തിയ തന്നെ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രിയെ താന്‍ കണ്ടത് പരാതിയുമായാണ്. പ്രശ്‌നം പരിഹരിക്കാമെന്ന് അദ്ദേഹം തനിക്ക് ഉറപ്പ് നല്‍കി. തന്റെ അച്ഛനെപ്പോലെ കരുതി താന്‍ വിശ്വസിച്ച അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നു. മധ്യസ്ഥനായി നിന്ന ഷിബു ബേബിജോണും തന്നെ ചതിച്ചു. മുഖ്യമന്ത്രിയെ പൂര്‍ണമായി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റ്.

കഴിഞ്ഞ 22നാണ് തന്റെ സുഹൃത്തും മകന്റെ സഹപാഠിയുടെ അമ്മയുമായ സ്ത്രീയുടെ ഭര്‍ത്താവ് വീട്ടിലെത്തി ഗണേഷുമായി സംസാരിച്ചത്. സംസാരിക്കുന്നതിനിടെ ഗണേഷ് അദ്ദേഹത്തിന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞു. ഇതുകണ്ട് താന്‍ തകര്‍ന്നു പോയി. അയാള്‍ പോയ ശേഷം റൂമിലേക്ക് ചെന്ന് കാര്യമന്വേഷിച്ച തന്നെ ഗണേഷ് ക്രൂരമായി മര്‍ദ്ദിച്ചു.കഴിഞ്ഞ 16 വര്‍ഷമായി ഗണേഷ് തന്നെ ശാരീരികമായി പീഡിപ്പിക്കുകയാണ്. പീഡനങ്ങളെല്ലാ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതിനായിരുന്നു. ടി.ബാലകൃഷ്ണനാണ് തന്നെ ആശുപത്രിയില്‍ കൊണ്ടുപോയത്.

ഇത് സംബന്ധിച്ച് പി.സി.ജോര്‍ജ് പറഞ്ഞതെല്ലാം ശരിയാണ്. പരാതിയുമായി വനിതാകമ്മീഷനേയും പോലീസിനേയും മുഖ്യമന്ത്രിയേയും സമീപിക്കും. ഇങ്ങനെയൊരു മന്ത്രി വേണോയെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അവര്‍ പറഞ്ഞു.