എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് പിന്തുണയേറുന്നു

Posted on: April 1, 2013 12:20 pm | Last updated: April 1, 2013 at 12:20 pm

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 2.30ന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ്പരിസരത്ത് പ്രതിഷേധ ജനസമുദ്രം തീര്‍ക്കാന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും വിവിധ യുവജന-സാമൂഹ്യ-സാംസ്‌കാരിക-മത-പരിസ്ഥിതി സംഘടനകളും തീരുമാനിച്ചു.
നിരാഹാര സമരം തുടരുമ്പോഴും അതിനെ ഗൗരവത്തിലെടുത്ത് വര്‍ഷങ്ങളായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടുകയാണ്. ഇന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം നടക്കുമ്പോള്‍ ആ യോഗത്തില്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളെ ക്ഷണിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് സ്വേച്ഛാധിപത്യ സര്‍ക്കാറുകള്‍ക്കുനേരെ ലോകവ്യാപകമായി ജനങ്ങള്‍ പ്രയോഗിക്കുന്ന തെരുവുകള്‍ കയ്യടക്കി ജനസമുദ്രം സൃഷ്ടിക്കുന്ന മാതൃക പിന്തുടരാന്‍ യോഗം തീരുമാനിച്ചത്. ഇന്ന് മൂന്ന് മുതല്‍ നാലുമണിവരെ കടകളും ഹോട്ടലുകളും അടക്കാനും വാഹന ഗതാഗതം നിര്‍ത്തിവെക്കാനും വ്യാപാരി വ്യവസായി സംഘടനകളോടും തൊഴിലാളി സംഘടനകളോടും അഭ്യര്‍ഥിച്ചു. ഒരു നിശ്ചിത സമയം ഗതാഗതം ഒഴിവാക്കുന്ന തരത്തില്‍ നഗരത്തില്‍ ജനങ്ങള്‍ അണിനിരക്കും. തുടര്‍ന്ന് സംഗീത-സാംസ്‌കാരിക-കലാ അവതരണങ്ങളും നടക്കും.