ജില്ലയുടെ വികസനം: സമഗ്ര രൂപരേഖ തയ്യാറാക്കും

Posted on: April 1, 2013 11:52 am | Last updated: April 1, 2013 at 11:52 am

കണ്ണൂര്‍: ജില്ലയുടെ സമഗ്ര വികസനത്തിനായി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടം കര്‍മ്മപദ്ധതി തയ്യാറാക്കും. ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ജനപ്രതിനിധികളെയും ഇതര സംഘടനകളെയും പങ്കെടുപ്പിച്ച് ഏപ്രിലില്‍ വിപുലമായ യോഗം വിളിച്ചുകൂട്ടും. കലക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തിലാണ് ഈ തീരുമാനം.
ജില്ലയുടെ വികസന സ്വപ്‌നങ്ങളും പ്രശ്‌നങ്ങളും സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും കൈവശമുളള പദ്ധതികളും രേഖകളും സമാഹരിച്ച് ക്രോഡീകരിക്കാനും മുന്‍ഗണനയനുസരിച്ച് വികസന നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കരട് വികസനരേഖ തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി പത്ത് ദിവസത്തിനകം സംഘടനകള്‍ വികസന നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണം. ഓരോ വകുപ്പുകള്‍ക്കു കീഴില്‍ നടക്കുന്ന പദ്ധതികളും നടപ്പിലാക്കേണ്ട പുതിയ പദ്ധതികളും സംബന്ധിച്ചുളള റിപ്പോര്‍ട്ടും തയ്യാറാക്കും. ഇതു കൂടി ചേര്‍ത്തായിരിക്കും കരട് രേഖ തയ്യാറാക്കുക. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ സുരേന്ദ്രന്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി പി വമ്പന്‍, സി സമീര്‍, വി കെ കുഞ്ഞിരാമന്‍, സി പി മുരളി, വി രാജേഷ് പ്രേം, കുഞ്ഞികൃഷ്ണന്‍, കെ രഞ്ചിത്ത്, ഹമീദ് ഇരിണാവ്, രതീഷ് ചിറക്കല്‍, വത്സന്‍ അത്തിക്കല്‍, എ ഉണ്ണിക്കുട്ടന്‍, കെ കെ ജയപ്രകാശ്, കെ പി രമേശന്‍, മഹമൂദ് പറക്കാട്ട്, പ്രസ്‌ക്ലബ്ബ് ഭാരവാഹികളായ സി കെ കുര്യാച്ചന്‍ പ്രസംഗിച്ചു.