Connect with us

Kannur

മാട്ടൂല്‍-അഴീക്കല്‍ ബോട്ട് സര്‍വീസ് ഉടന്‍ നിലച്ചേക്കും

Published

|

Last Updated

പഴയങ്ങാടി: തീരദേശ മേഖലയില്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്ന മാട്ടൂല്‍-അഴീക്കല്‍ ബോട്ട് സര്‍വീസ് ഉടന്‍ നിലച്ചേക്കും. ബോട്ട് സര്‍വീസ് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് കരാറുകാരന്‍ സര്‍വീസില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് ബോട്ട് സര്‍വീസ് നിലക്കാനിടയാക്കുന്നത്.
മാട്ടൂല്‍-അഴീക്കല്‍ ബോട്ട് സര്‍വീസ് തുടങ്ങിയതോടെ രണ്ട് പഞ്ചായത്തുകളിലെ നിരവധി യാത്രക്കാര്‍ക്കാണ് ഇത് ഏറെ ഗുണം ചെയ്തിരുന്നത്. മാട്ടൂലില്‍ നിന്ന് അഴീക്കലേക്ക് സാധാരണ ഗതിയില്‍ യാത്ര ചെയ്യണമെങ്കില്‍ പഴയങ്ങാടി-വളപട്ടണം വഴി ബസിനെ ആശ്രയിക്കുകയാണ് വേണ്ടത്.
യാത്രാക്കൂലി വര്‍ധിച്ചതോടെ വലിയ തുക കൊടുത്ത് വേണം ബസ് യാത്ര നടത്താന്‍. ഏറെ സമയവും ഇതിനാവശ്യമാണ്. എന്നാല്‍ മാട്ടൂലില്‍ നിന്ന് ഏതാനും സമയത്തിനുള്ളില്‍ തന്നെ അഴീക്കലിലേക്ക് എത്തിച്ചേരാന്‍ കഴിയുമെന്നതാണ് ബോട്ട് യാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. കൂടാതെ ചെറിയ യാത്രാക്കൂലി കൊണ്ട് കാര്യം സാധിക്കുകയും ചെയ്യും.
എന്നാല്‍ കാലാവധി അവസാനിക്കുന്ന മുറക്ക്, സര്‍വീസ് നഷ്ടത്തിലായതിനാല്‍ തുടര്‍ലേലം കൊള്ളാന്‍ കരാറുകാരന്‍ സന്നദ്ധമാവില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് തന്നെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബോട്ട് സര്‍വീസ് നിലക്കുമെന്നാണ് സൂചന.
അതേസമയം ഈ റൂട്ടില്‍ ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വീസ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനായി അധികൃതര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Latest