മരുന്ന് പേറ്റന്റ്: നൊവാര്‍ട്ടീസിന്റെ ഹരജി സുപ്രീം കോടതി തള്ളി

Posted on: April 1, 2013 10:45 am | Last updated: April 1, 2013 at 6:06 pm

novartis_office_295

ന്യൂഡല്‍ഹി: അര്‍ബുദ രോഗത്തിനുള്ള മരുന്നിന്റെ പേറ്റന്റിന് അനുമതി നേടി ആഗോള മരുന്ന് കമ്പനിയായ നൊവാര്‍ട്ടീസ് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഇന്ത്യന്‍ പേറ്റന്റ് നിയമം നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് കോടതി ഹരജി തള്ളിയത്. നൊവാര്‍ട്ടീസിന് കോടതി പിഴയിടുകയും ചെയ്തു. നൊവാര്‍ട്ടീസ് പേറ്റന്റ് അനുമതി തേടിയ ഗ്ലിവിക് മരുന്നില്‍ പുതുതായി ഒന്നുമില്ലെന്നും അഫ്താബ് ആലത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. ഏഴ് വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിനാണ് ഇതോടെ പരിസമാപ്തിയാകുന്നത്.
അര്‍ബുധ രോഗത്തിനുള്ള ഗ്ലിവെക് മരുന്ന് രാജ്യത്ത് ഉത്പാദിപ്പിക്കാന്‍ പേറ്റന്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍ സ്വിസ് കമ്പനിയായ നൊവാര്‍ട്ടീസ് ഇന്ത്യന്‍ പേറ്റ്ന്റ് അതോറിറ്റിയെ സമീപിച്ചതോടെയാണ് കേസിന്റെ തുടക്കം. നൊവാര്‍ട്ടീസിന് അന്ന് പേറ്റന്റ് അനുവദിച്ചില്ല. പുതിയ മരുന്നുകള്‍ക്ക് മാത്രമേ പേറ്റന്റ് അനുവദിക്കാനാകൂവെന്നും നിലവിലെ മരുന്നിന്റെ രാസഘടന മാറ്റി പേറ്റന്റിന് അപേക്ഷിച്ചാല്‍ അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കിയായിരുന്നു അപേക്ഷ തള്ളിയത്. തുടര്‍ന്ന് കമ്പനി അപ്പലറ്റ് അതോറിറ്റിയെ സമീപിച്ചു. അവരും ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അവിടെ നിന്നും തള്ളിയതോടെയാണ് സുപ്രീം കോടതിയിലെത്തിയത്.
ഏറെ ചെലവേറിയതാണ് നൊവാര്‍ട്ടീസ് ഉത്പാദിപ്പിക്കുന്ന ഗ്ലിവെക്ക് മരുന്ന്. നവാര്‍ട്ടീസിന്റെ ഈ മരുന്നിന് ഒന്നര ലക്ഷം രൂപ വരുമ്പോള്‍ ഇതേ രാസക്കൂട്ടില്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നിന് വെറും 10,000 രൂപ മാത്രമേ വില വരൂ. പേറ്റന്റ് കേസില്‍ സുപ്രീംകോടതിയുടെ തീരുമാനം മറിച്ചായിരുന്നുവെങ്കില്‍ അത് രാജ്യത്തെ ചെലവ് കുറഞ്ഞ മരുന്നുത്പാദനത്തെ കാര്യമായി ബാധിക്കുമായിരുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് അര്‍ബുധം, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ജനറിക് മരുന്നുകള്‍ ഇന്ത്യയാണ് നിര്‍മിച്ചു നല്‍കുന്നത്. നൊവാര്‍ട്ടീസ് പേറ്റന്റ് നേടിയാല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉത്പാദനം നിര്‍ത്തേണ്ടി വരുന്ന സ്ഥിതിയാകും ഉണ്ടാകുക.