Connect with us

Kerala

ഇന്ന് മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് 60 വയസ്സ് വരെ തുടരാം

Published

|

Last Updated

തിരുവനന്തപുരം: ഇന്ന് മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറുന്നവര്‍ക്ക് 60 വയസ്സ് വരെ ജോലിയില്‍ തുടരാം. ഇവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാകുകയും ചെയ്യും. ഫലത്തില്‍ ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ രണ്ട് തരം ജീവനക്കാരുണ്ടാകും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇടത് സര്‍വീസ് സംഘടനകള്‍ ഇന്ന് കരിദിനമായി ആചരിക്കും.

ഇപ്പോള്‍ സര്‍വീസില്‍ തുടരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായം തന്നെ തുടരും. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം ബജറ്റില്‍ 60 വയസ്സാക്കി ഉയര്‍ത്തിയിരുന്നു. പശ്ചിമ ബംഗാളും ത്രിപുരയും ഒഴിച്ചുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ഇതോടെ പങ്കാളിത്ത പെന്‍ഷനിലേക്കു വഴിമാറി.
പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനവും അതത് മാസം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാനായി സര്‍ക്കാര്‍ പിടിക്കും. ഇതിനു തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കും. ഇപ്രകാരം സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യുന്നതു പ്രത്യേകം അതോറിറ്റിയായിരിക്കും. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേര്‍ന്ന സംഖ്യ ജീവനക്കാര്‍ വിരമിക്കുമ്പോള്‍ പെന്‍ഷനായി നല്‍കും.
പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മിനിമം പെന്‍ഷന്‍ എത്രയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മിനിമം പെന്‍ഷന്‍ നിശ്ചയിക്കുക. ജീവനക്കാരന്‍ നിര്‍ദേശിക്കുന്ന വ്യക്തിക്കായിരിക്കും കുടുംബ പെന്‍ഷന്‍ നല്‍കുക. ഫണ്ട് നിക്ഷേപിക്കുന്നതിനു സുരക്ഷിതം, ആദായകരം, അത്യാദായകരം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണുള്ളത്. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വാണിജ്യ ബേങ്കുകള്‍ എന്നിവയിലെ നിക്ഷേപമാണ് സുരക്ഷിതവും ആദായകരവും. സ്വകാര്യ സ്ഥാപനങ്ങളിലേത് ആദായകരവും അത്യാദായകരവും. കേന്ദ്രം പാസാക്കുന്ന പി എഫ്ആര്‍ ഡി എ (പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി) ബില്ലിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. ബില്ലില്‍ നിശ്ചയിക്കുന്ന സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സിയുടെ കീഴിലുള്ള നാഷനല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളിലാണു പണം നിക്ഷേപിക്കുക. ഇവയെല്ലാം പി എഫ് ആര്‍ ഡി എ നിയമപ്രകാരമുള്ള ഫണ്ട് മാനേജര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും.
ഓരോ ജീവനക്കാരനും വ്യക്തിഗത അക്കൗണ്ടുകള്‍ ഉണ്ടായിരിക്കും. അവരവര്‍ക്ക് ഇഷ്ടമുള്ള ഫണ്ട് മാനേജര്‍മാരെ തിരഞ്ഞെടുക്കാം. നിയമപ്രകാരം വിരമിക്കുമ്പോള്‍ 40 ശതമാനം തുകവരെ മാത്രമേ കമ്മ്യൂട്ട് ചെയ്യാന്‍ കഴിയുള്ളൂവെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് അത് 60 ശതമാനമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 40 ശതമാനം ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും പ്രതിമാസ/കുടുംബ പെന്‍ഷന്‍ നല്‍കുന്നതിനുള്ള ആന്വിറ്റിക്കായി മാറ്റി വെക്കും.
പെന്‍ഷന്‍ പ്രായം എത്തുന്നതിനു മുന്‍പു സ്‌കീമില്‍ നിന്നും പിന്മാറിയാല്‍ ഫണ്ടിന്റെ 80 ശതമാനവും നിര്‍ബന്ധമായും ആന്വിറ്റിക്കായി മാറ്റും. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 75 ശതമാനവും ശമ്പളത്തിനും പെന്‍ഷനും വേണ്ടി ചെലവിടുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കാതെ രക്ഷയില്ലെന്നാണ് സര്‍ക്കാറിന്റെ വാദം. 2001-02ല്‍ 1838 കോടിയായിരുന്ന പെന്‍ഷന്‍ ചെലവ് 2011-12ല്‍ 8700 കോടിയായി. 2021-22ല്‍ ഇതു 41,180 കോടിയും 2031-32ല്‍ 1,95,000 കോടിയുമാകും. ഇതിന് അനുസസരിച്ചുള്ള റവന്യൂ വളര്‍ച്ച ഉണ്ടാകില്ല എന്നതിനാല്‍ പെന്‍ഷന്‍ വിതരണം അടക്കം മുടങ്ങുന്ന സ്ഥിതിവിശേഷമുണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാനാണു പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കുന്നതെന്നും സര്‍ക്കാര്‍. എന്നാല്‍, കൃത്യമായ പെന്‍ഷന്‍ ഉറപ്പാക്കാന്‍ പദ്ധതിക്കാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമര്‍ശം.

 

Latest