Connect with us

National

ലിയാഖത്ത് കീഴടങ്ങാന്‍ എത്തിയത് തന്നെ

Published

|

Last Updated

ശ്രീനഗര്‍: ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സഈദ് ലിയാഖത് ഷാ, പുനരധിവാസ പദ്ധതി പ്രകാരം കീഴടങ്ങാന്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ആളാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ വിവിധ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ തയ്യാറാക്കിയ, കീഴടങ്ങുന്ന 223 തീവ്രവാദികളുടെ ലിസ്റ്റില്‍ 51ാമത്തെയാളാണ് ലിയാഖത്.
45കാരനായ ലിയാഖത് കഴിഞ്ഞ വര്‍ഷമാണ് കീഴടങ്ങല്‍ സന്നദ്ധത അറിയിച്ച് കാശ്മീര്‍ സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധനയിലൂടെ ഭീകരാക്രമണങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനെ തുടര്‍ന്ന് പുനരധിവസിപ്പിക്കുന്നവരുടെ പട്ടികയില്‍ ലിയാഖത്തിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഹിസ്ബുല്‍ മുജാഹിദീനിന്റെ മുതിര്‍ന്ന കമാന്‍ഡറുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ വന്ന ഭീകരവാദിയാണ് ലിയാഖത്തെന്നാണ് ഡല്‍ഹി പോലീസിന്റെ അവകാശവാദം. എന്നാല്‍, ഇത് സത്യവിരുദ്ധമാണെന്ന് കാശ്മീര്‍ പോലീസ് പറയുന്നു. ലിയാഖത്ത് കുടുംബത്തോടെയെത്തിയത് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി പോലീസിന്റെ അവകാശവാദങ്ങളെ കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഖണ്ഡിക്കുന്നത്. “ഷോപ്പിംഗ് മാള്‍ ആക്രമിക്കാന്‍ വന്ന ഒരാള്‍ ഭാര്യയെയും മക്കളെയും കൂടെകൂട്ടുന്നതെന്തിന്? ഒരു കൈയില്‍ ആയുധവും മറുകൈ കൊണ്ട് ഭാര്യയുടെ കൈയും പിടിച്ച് ഭീകരാക്രമണം നടത്താന്‍ വന്നുവെന്നത് ആദ്യമായി കേള്‍ക്കുകയാണ്”- ഉമര്‍ പറഞ്ഞു.
ലിയാഖത്തിനെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തിട്ടുണ്ട്.

Latest