കോഴിക്കോട് കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Posted on: March 24, 2013 10:40 am | Last updated: March 25, 2013 at 1:15 am
SHARE

car-accident-hi

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കണ്ണൂര്‍ ചട്ടുകപ്പാറ സ്വദേശികളായ മാണിയൂര്‍ ചെറുവത്തല സ്വദേശികളായ ബൈത്തുല്‍ മൈമൂനില്‍ എന്‍ കെ കുഞ്ഞിമുഹമ്മദിന്റെ മകന്‍ ജാസിം (18), ബൈത്തൂല്‍ഖമരിയയില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ റാഷിദ് (26) എന്നിവരാണ് മരിച്ചത്. തളിപ്പറമ്പ് കുറ്റിയാട്ടൂര്‍ ഫാത്തിമ മന്‍സിലില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫൈസലിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദര പുത്രന്മാരാണ് മരിച്ച ജാസിമും റാഷിദും.

ഇന്നലെ രാവിലെ ഒമ്പതോടെ തൊണ്ടയാട് – രാമനാട്ടുകര ബൈപ്പാസില്‍ മാമ്പുഴപാലത്തിന് സമീപം കൂടത്തുംപാറയിലാണ് അപകടം. കണ്ണൂരില്‍ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് റോഡിന്റെ വശങ്ങളിലുള്ള സംരക്ഷണ കല്ലില്‍ ഇടിച്ച ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റാഷിദും ജാസിമും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ച ശേഷമാണ് മൂന്ന് പേരേയും പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
റാഷിദിന്റെ വിദേശത്തുള്ള സഹോദരന്‍ ശഫീഖിനെ കൂട്ടാനായി കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.
ചൊവ്വ ഹയര്‍ സെക്കന്‍ഡറി സകൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് ജാസിം. മാതാവ്: ഖദീജ. സഹോദരി: മൈമൂന. ആറ് വര്‍ഷത്തോളം വിദേശത്ത് ജോലി ചെയ്ത റാശിദ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. മാതാവ്: നസീമ. സഹോദരങ്ങള്‍: ശഫീഖ്, റഷീദ, സമരിയ, ഷംസിയ.