എസ് വൈ എസ് ജലസംരക്ഷണ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

Posted on: March 23, 2013 6:59 am | Last updated: March 23, 2013 at 6:59 am
SHARE

മലപ്പുറം: വെള്ളം അമൂല്യമാണ്, കുടിക്കുക, പാഴാക്കരുത് എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ആചരിക്കുന്ന ജല സംരക്ഷണ പദ്ധതിക്ക് ജില്ലയില്‍ ഔദ്യോഗിക തുടക്കമായി.
കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെടുന്ന കോട്ടക്കല്‍ പറപ്പൂര്‍ ഉണ്ണിയാലുങ്ങല്‍ ലക്ഷംവീട് കോളനിയിലെ പൊതുകിണര്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ നിര്‍വഹിച്ചു.
മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് പ്രവര്‍ത്തനം. ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ മാസ്റ്റര്‍, ടി അലവി പുതുപറമ്പ്, കെ ടി സൈതലവി സഖാഫി, അബ്ദുര്‍റസാഖ് ലത്വീഫി, സി പി അബ്ദുര്‍റശീദ്, ടി ടി ശിഹാബ് സഖാഫി നേതൃത്വം നല്‍കി. സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ നടന്നു വരികയാണ്.
ജലസ്രോതസ്സുകള്‍ ശക്തിപെടുത്തുന്നതിനും പുതിയവ കണ്ടെത്തുന്നതിനും ക്യാമ്പയിനില്‍ മുഖ്യ പരിഗണന നല്‍കും. ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ദുര്‍വ്യയം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളും സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, പ്രഭാഷണം എന്നിവയിലൂടെ ജനങ്ങളെ ബോധവത്കരിക്കും.
മെയ് 31 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പയില്‍ കാലയളവില്‍ കുടി വെള്ളത്തിന് പ്രയാസപ്പെടുന്നിടങ്ങളില്‍ ശുദ്ധജല മെത്തിക്കുന്നതിനും വെള്ളം കുടിക്കാന്‍ പ്രചോദിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.