Connect with us

Malappuram

കൊണ്ടോട്ടി താലൂക്ക് യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി ആസ്ഥാനമായി താലൂക്ക് അനുവദിച്ചതായി ധനമന്ത്രി കെ എം മാണി നിയമസഭയില്‍ പ്രഖ്യാപിച്ചു. ഏറനാട്, തിരൂരങ്ങാടി താലൂക്കുകളെ വിഭജിച്ചാണ് പുതിയ താലൂക്ക് രൂപവത്കരിക്കുന്നത്. ഇതോടെ ഒരു വ്യാഴവട്ടക്കാലമായി കൊണ്ടോട്ടിയിലേയും പരിസര പഞ്ചായത്തുകളിലേയും ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്കാരമായി.
പുതിയ താലൂക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി രൂപ അനുവദിച്ചത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും. കെ മുഹമ്മദുണ്ണിഹാജി ഹാജി എം എല്‍ എ ചെയര്‍മാനും പി എ അബൂബക്കര്‍കുട്ടി ജനറല്‍ കണ്‍വീനറുമായ താലൂക്ക് രൂപവത്കരണത്തിനായി പ്രത്യേക സമിതി രൂപവത്കരിച്ചിരുന്നു. എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഈ സമിതിയില്‍ അംഗമായിരുന്നു. കൃത്യമായ വിഭവ ഭൂപടവും ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ അംഗീകാരം വാങ്ങിയതാണ് പുതിയ താലൂക്ക് രൂപവത്കരണം എളുപ്പമാക്കിയത്.
ഏറനാട് താലൂക്ക് പരിധിയില്‍പെടുന്ന മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, മുതുവല്ലൂര്‍, ചീക്കോട്, കുഴിമണ്ണ, പുളിക്കല്‍, വാഴക്കാട്, വാഴയൂര്‍, ചെറുകാവ് എന്നീ പത്ത് വില്ലേജുകളും തിരൂരങ്ങാടി താലൂക്ക് പരിധിയിലുള്ള പള്ളിക്കല്‍, ചേലേമ്പ്ര എന്നീ രണ്ട് വില്ലേജുകളെയും ഉള്‍പ്പെടുത്തിയാണ് പുതിയ താലൂക്ക് രൂപവത്കരിക്കുന്നത്. പുതിയ താലൂക്ക് വരുമ്പോള്‍ ആസ്ഥാന മന്ദിരം പണിയുന്നതിന് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് നേരത്തെ തന്നെ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.
സ്വന്തമായി കെട്ടിടമില്ലാത്ത പല സര്‍ക്കാര്‍ ഓഫീസുകള്‍ക്കും താലൂക്ക് ആസ്ഥാന മന്ദിരത്തില്‍ ഇടം കിട്ടും. കോഴിക്കോട് ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന വാഴയൂര്‍, വാഴക്കാട് പഞ്ചായത്തുകളിലുള്ളവര്‍ക്ക് പുറമെ ചീക്കോട്, മുതുവല്ലൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്കും ഏറെ പ്രയോജനമായിരിക്കും പുതിയ കൊണ്ടോട്ടി താലൂക്ക്. എയര്‍ പോര്‍ട്ടില്‍ തിരൂരങ്ങാടി താലൂക്കില്‍ പെടുന്ന ഭാഗം കൂടി കൊണ്ടോട്ടി താലൂക്കില്‍ ഉള്‍പെടുത്തും. ഇത് എയര്‍പോര്‍ട്ടിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ഇത് അനിവാര്യമായിരിക്കും. താലൂക്ക് യാഥാര്‍ഥ്യമായതോടെ ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ നടന്നേക്കും.

Latest