വൈദ്യുതി നിരക്ക്: സ്ലാബ് സമ്പ്രദായം മാറ്റില്ല

Posted on: March 18, 2013 8:21 am | Last updated: March 18, 2013 at 8:21 am
SHARE

gas-bill_2192876bതിരുവനന്തപുരം: വൈദ്യുതി നിരക്ക് ഈടാക്കുന്നതിനായി നിലവിലുള്ള സ്ലാബ് സമ്പ്രദായം ഒഴിവാക്കണമെന്ന കെ എസ് ഇ ബിയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് റഗുലേറ്ററി കമ്മീഷന്‍ തത്വത്തില്‍ തീരുമാനിച്ചു. അടുത്ത മാസം മുതല്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്ലാബ് സമ്പ്രദായം ഒഴിവാക്കി നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. അതേസമയം, നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ബോര്‍ഡിന്റെ ആവശ്യത്തില്‍ ഏപ്രില്‍ പകുതിയോടെ റഗുലേറ്ററി കമ്മീഷന്റെ തീരുമാനം വരും.
സ്ലാബ് സമ്പ്രദായം ഒഴിവാക്കുന്നത് ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരമാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ജനുവരി മൂന്നിനാണ് കമ്മീഷന് മുന്നില്‍ താരീഫ് പെറ്റീഷന്‍ ഫയല്‍ചെയ്തത്. ഇതിന്‍മേല്‍ കൊച്ചി, കോഴിക്കോട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതു തെളിവെടുപ്പ് നടത്തി കമ്മീഷന്‍ ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചു കഴിഞ്ഞു.
സ്ലാബ് സമ്പദായം എടുത്തുകളഞ്ഞാല്‍ 40 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ ഇപ്പോള്‍ നല്‍കുന്ന 60 രൂപ 66 രൂപയായി ഉയരും. 80 യൂനിറ്റ് വരെയുള്ളവര്‍ നല്‍കുന്ന 156 രൂപ 184 രൂപയായും 120 യൂനിറ്റ് വരെയുള്ളവര്‍ നല്‍കുന്ന 272 രൂപ 324 രൂപയായും വര്‍ധിക്കും. 150 യൂനിറ്റ് വരെയുള്ളവരുടെ 380 രൂപ 510 രൂപയായും 200 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ നല്‍കുന്ന 620 രൂപ 800 രൂപയായും 300 യൂനിറ്റ് വരെയുള്ളവര്‍ നല്‍കുന്ന 1,220 രൂപ 1,500 രൂപയായും വര്‍ധിക്കും. ഇതിനു പുറമെ ഫിക്‌സഡ് നിരക്കിലുള്ള വര്‍ധനയും മീറ്റര്‍ വാടകയും വേറെയുണ്ടാകും. ഇത്രയും വലിയ വര്‍ധന വിശദീകരിക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അടുത്ത സാമ്പത്തിക വര്‍ഷം കെ എസ് ഇ ബിക്ക് 11,237 കോടി രൂപയുടെ ചെലവും 8,478 കോടി രൂപയുടെ വരവുമാണ് കണക്കാക്കിയിരിക്കുന്നത്. ഇതനുസരിച്ചുണ്ടാകുന്ന 2,758 കോടി രൂപയുടെ നഷ്ടം നികത്തനാണ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി 2551.50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാരം പൂര്‍ണമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോടും കമ്മീഷന് യോജിപ്പില്ലെന്നാണ് വിവരം.