ചൈനീസ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ച സംഭവംനാല് വര്‍ഷമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

Posted on: March 14, 2013 6:00 am | Last updated: March 13, 2013 at 10:58 pm
SHARE

boat accidentകണ്ണൂര്‍: ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയിലേക്ക് മടങ്ങിവരില്ലെന്ന് ഇറ്റലി അറിയിച്ചത് രാജ്യത്ത് ചര്‍ച്ചയാകുമ്പോള്‍ നാല് വര്‍ഷം മുമ്പ് തലശ്ശേരി തീരത്തുണ്ടായ അപകടത്തിന്റെ അന്വേഷണം എങ്ങുമെത്താത്ത നിലയില്‍. 2008 നവംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നോടെ തലശ്ശേരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ ചൈനീസ് കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചായിരുന്നു അപകടം. വടകര സ്വദേശിയായ ഹമീദിന്റെ ഏഷ്യാഡ് എന്ന മത്സ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്.
അപകടത്തില്‍ മത്സ്യത്തൊഴിലാളിയായ വടകര സ്വദേശി അബ്ദുല്‍ റഹ്മാന്‍ മരിക്കുകയും വടകര സ്വദേശികളായ അബ്ദുര്‍ റസാഖ്, അബ്ദുര്‍റഹിമാന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പെട്ടവരെ ഇതുവഴി കടന്നുപോയ മറ്റൊരു മത്സ്യബന്ധന ബോട്ടിലുള്ളവരാണ് കരക്കെത്തിച്ചത്. അപകടത്തിനിടയാക്കിയ കപ്പല്‍ നിര്‍ത്താതെ പോയി. എന്നാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ഈ കപ്പല്‍ അടുത്ത ദിവസം വിഴിഞ്ഞത്ത് കണ്ടെത്തുകയും കണ്ണൂര്‍ ഫിഷറീസ് പോലീസ് 722/2008 ക്രൈം നമ്പര്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വിഴിഞ്ഞത്ത് കപ്പല്‍ കുറച്ചു ദിവസം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ കൊലക്കേസുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഭാഗമായ ഫിഷറീസ് പോലീസ് കേസെടുത്തത്. അന്താരാഷ്ട്ര നയതന്ത്ര ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് 25 ലക്ഷം രൂപ കെട്ടിവെച്ചതിനെ തുടര്‍ന്ന് കപ്പല്‍കമ്പനിക്ക് കപ്പല്‍ വിട്ടു കൊടുത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുണ്ടാകേണ്ട മറ്റ് നടപടികള്‍ മുന്നോട്ടു പോയില്ല.
അപകടത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം കിട്ടിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും സംഭവസമയത്ത് ഫിഷറീസ് പോലീസില്‍ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കടലിലുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനും അപകടം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നിയമനടപടികളെ കുറിച്ചും ഭൂരിപക്ഷം പേര്‍ക്കും അറിയാത്ത അവസ്ഥയുണ്ട്. ഇതിന്റെ മറവിലാണ് അപകടത്തിനിടയാക്കുന്നവര്‍ രക്ഷപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിയമവശം സംബന്ധിച്ച് ബോധവത്കരണം നടത്തേണ്ടതുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ല.
മത്സ്യബന്ധന ബോട്ടുകള്‍ കപ്പല്‍ചാലില്‍ കൂടി മീന്‍പിടിത്തം നടത്താന്‍ പാടില്ലെന്ന് അന്താരാഷ്ട്ര കടല്‍യാത്രാ-മത്സ്യബന്ധന നിയമം അനുശാസിക്കുന്നുണ്ട്. അജ്ഞത കാരണം പലപ്പോഴും മത്സ്യബന്ധന ബോട്ടുകള്‍ കപ്പല്‍ച്ചാലില്‍ പ്രവേശിക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. കൂടാതെ ഓരോ രാജ്യത്തിന്റെയും പരിധി കഴിഞ്ഞുള്ള അന്താരാഷ്ട്ര കടല്‍ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ കൈക്കൊള്ളേണ്ടത്. എന്നാല്‍ ഇക്കാര്യത്തിലുള്ള അറിവില്ലായ്മയും നടപടികള്‍ക്ക് തടസ്സമാകുന്നുണ്ടെന്ന് ഫിഷറീസ് പോലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.