രണ്ടര ലക്ഷം വ്യാജ ബള്‍ബുകളും അനുബന്ധ ഉപകരണങ്ങളും പിടികൂടി

Posted on: March 12, 2013 3:30 pm | Last updated: March 12, 2013 at 3:30 pm

bulb wasteദുബൈ:50 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന രണ്ടര ലക്ഷം വ്യാജ ബള്‍ബുകളും അനുബന്ധ ഉപകരണങ്ങളും ദുബൈ പോലീസ് പിടികൂടി. കമ്പനി വെയര്‍ഹൗസില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയതെന്ന് ദുബൈ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി വ്യക്തമാക്കി. വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നും പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

കഴിഞ്ഞ ജനുവരി 30ന് എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ കമ്പനി വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പോലീസിന് രഹസ്യ വിവരം ലഭിച്ചത്. രാജ്യാന്തര നിലവാരമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ വ്യാജപതിപ്പുകള്‍ ഇവര്‍ വിലകുറച്ച് വില്‍പ്പന നടത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
രാജ്യത്തിന്റെ പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാവുന്നതോടൊപ്പം ഇത് സമ്പദ്‌വ്യവസ്ഥക്കും ദോഷമാണെന്ന് ബ്രിഗേഡിയര്‍ ഖലീല്‍ പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ സജ്ജമാക്കുകയും റെയ്ഡ് നടത്തുകയുമായിരുന്നു. കമ്പനിയുടെ മുഖ്യ ഓഫീസില്‍ പോലീസ് ഇടപാടുകാരെന്ന വ്യാജ്യേന സന്ദര്‍ശനം നടത്തുകയും വില്‍പ്പന നടത്തുന്നത് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന് പൂര്‍ണ്ണമായും ബോധ്യപ്പെടുകയും ചെയ്ത ശേഷമായിരുന്നു റെയ്ഡ്.