എട്ട് വയസ്സുകാരന് 61കാരി ഭാര്യ

Posted on: March 11, 2013 10:22 am | Last updated: March 11, 2013 at 11:49 am
SHARE

Bri_M_1688331aജോഹന്നാസ്ബര്‍ഗ്: മുത്തച്ഛന്റെ അവസാന ആഗ്രഹം സഫലീകരിക്കാന്‍ എട്ട് വയസ്സുകാരനായ വിദ്യാര്‍ഥി 61 കാരിയെ വിവാഹം കഴിച്ചു. ദക്ഷിണാഫ്രിക്കയിലെ തിഷ്‌വാനെയിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്. ബ്രിട്ടനിലെ ദി സണ്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ സനെലെ മസിലേല അഞ്ച് കുട്ടികളുടെ അമ്മയായ ഹെലന്‍ ശബാംഗുവിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹെലന്റെ കുട്ടികളും ഭര്‍ത്താവുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ചടങ്ങ് കേവലം ആചാരം മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൗതുക പൂര്‍ണമായ കല്ല്യാണം റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരും എത്തിയിരുന്നു.
വിവാഹം നിയമപരമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മരിക്കുന്നതിന്റെ മുമ്പ് മസിലേല വിവാഹം കഴിച്ചുകാണാന്‍ മുത്തച്ഛന്‍ ആഗ്രഹിച്ചിരുന്നതായും അത് പൂര്‍ത്തികരിക്കാനാണ് വിവാഹം നടത്തിയതെന്നും മസിലേലയുടെ മാതാവ് അറിയിച്ചു. കല്ല്യാണ പ്രായമാകുമ്പോള്‍ ഒരു യുവതിയെ തന്റെ മകന്‍ വിവാഹം കഴിക്കുമെന്നും അവര്‍ വ്യക്തമാക്കി.