ഇന്ത്യയിലെ ഇസ്‌ലാമിക പ്രവര്‍ത്തനം മാതൃകാപരം: അലി ജുമുഅ

Posted on: March 10, 2013 7:33 pm | Last updated: March 12, 2013 at 3:32 pm

AliJuma

ആഗോളപ്രശസ്ത ശാഫിഈ പണ്ഡിതനാണ് ഈജിപ്ഷ്യന്‍ ഗ്രാന്റ് മുഫ്തി ഡോ. ശൈഖ് അലി ജുമുഅ. അഗാധ പാണ്ഡിത്യവും ഇസ്‌ലാമിക പ്രബോധന രംഗങ്ങളില്‍ അനുഷ്ടിച്ച സേവനങ്ങളുമാണ് അദ്ദേഹത്തെ ഈജിപ്ത്യന്‍ മതകാര്യ വകുപ്പിന്റെ കീഴിലെ ഉന്നത പദവിയായ ഗ്രാന്റ് മുഫ്തി പട്ടത്തിനര്‍ഹമാക്കിയത്. ഈജിപ്തിലെ ‘ബനീ സുവൈഫ’് ഗ്രാമത്തില്‍ 1952 മാര്‍ച്ചിലായിരുന്നു അലി ജുമുഅയുടെ ജനനം. ശരീഅത്ത് നിയമം കണിശതയോടെ കൈകാര്യം ചെയ്തിരുന്ന ഒരു നിയമജ്ഞനായിരുന്നു പിതാവ്. വ്യത്യസ്ത വിഷയങ്ങളിലായി മുപ്പതിനായിരം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരു ലൈബ്രറിയും അദ്ദേഹം സ്വന്തമയി സജ്ജീകരിച്ചിരുന്നു. ലോകത്തിന്റെ നാനാദിക്കുകുളില്‍ നിന്നും ഈജിപ്തിലെത്തിയിരുന്ന വിജ്ഞാന കുതുകികള്‍ തന്റെ പിതാവിന്റെ ഈ ലൈബ്രറി ഉപയോഗപ്പെടുത്തിയിരുന്നതായി ശൈഖ് അലി ജുമുഅ പറയുന്നു. തന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ ഈ ലൈബ്രറി ഏറെ ഉപകരിച്ചതായും അദ്ദേഹം അനുസ്മരിച്ചു.

പിതാവില്‍ നിന്നായിരുന്നു ശൈഖ് അലി ജുമുഅയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഉന്നത കലാലയങ്ങളില്‍ ചേര്‍ന്ന് ഇസ്‌ലാമിക ശരീഅത്തിലും കൊമേഴ്‌സിലും ഡിഗ്രികള്‍ കരസ്ഥമാക്കി. തിരക്കേറിയ ഇന്നത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ വൈജ്ഞാനിക സമ്പത്തിന്റെ പരിപോഷണത്തിന് അദ്ദേഹം സമയം കണ്ടെത്തുന്നു.
ഒരു സാഹിത്യകാരന്‍ കൂടിയായ അലി ജുമുഅ കനപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രമുഖ ദിനപത്രമായ ‘അല്‍അഹ്‌റാമി’ല്‍ ആനുകാലിക വിഷയങ്ങളിലെ ഇസ്‌ലാമിക കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു വാരാന്ത പംക്തി അദ്ദേഹം കൈകാര്യം ചെയ്തു വരുന്നുണ്ട്. ശൈഖ് അലി ജുമുഅയുമായി സി കെ എം ഇഖ്ബാല്‍ സഖാഫി മുണ്ടക്കുളം നടത്തിയ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങള്‍ ചുവടെ:

1543099786odofl0ne? ഈജിപ്തിലെ ഇസ്‌ലാമിക ചലനങ്ങളെക്കുറിച്ച് പറയാമോ.
= ആദ്യകാലത്ത് മിസ്‌റ് എന്ന പേരിലറിയപ്പെട്ടിരുന്ന ഈജിപ്തിന് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഒട്ടനവധി സ്മരണകള്‍ അയവിറക്കാനുണ്ട്. അനേകം പ്രവാചകന്മാരും സഹാബിമാരും താബിഉകളും മറ്റു മഹത്തുക്കളും ഈജിപ്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.ഇമാം ശാഫിഇയുടെ ഖബറിടം ഈജിപ്തിലാണ്. ഇത്തരം ഇസ്‌ലാമിക ചിഹ്നങ്ങളും സ്മാരകങ്ങളും സംസ്‌കാരങ്ങളും അവയുടെ തനിമയോടെ, പവിത്രതയോടെ ഈജിപ്തുകാര്‍ ഇന്നും കാത്ത് സൂക്ഷിക്കുന്നുണ്ട്. പുണ്യാത്മാക്കളുടെ മഖ്ബറകള്‍ക്ക് ഈജിപ്ത്യന്‍ ജനത ആദരവ് കല്‍പിക്കുകയും, പ്രശ്‌ന പരിഹാരത്തിന് സിയാറത്ത് ചെയ്യുകയും, അവരെ തവസ്സുലാക്കി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.പൂര്‍വികരായ അനേകം പണ്ഡിത പ്രമുഖര്‍ക്ക് ജന്മം നല്‍കിയതും ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതുമായ അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഉള്‍പ്പടെ ഒട്ടേറെ ഉന്നത മതപഠന കേന്ദ്രങ്ങളും ഈജിപ്തിലുണ്ട്. പൊതുവെ ഇസ്‌ലാമിക സംസ്‌കാരം കാത്ത് സൂക്ഷിക്കുന്നതില്‍ ഈജിപ്തുകാര്‍ ബദ്ധശ്രദ്ധരാണ്. ഒഴിവ് സമയങ്ങളില്‍ യുവാക്കള്‍ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുന്നതും അതില്‍ ആനന്ദം കൊള്ളുന്നതും അവിടെ പതിവ് കാഴ്ചയാണ്.

6? ഗ്രാന്റ് മുഫ്തി എന്ന നിലയില്‍ താങ്കളുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ നടക്കുന്ന ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍.
= മതകാര്യ വകുപ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാനുള്‍പ്പെടെയുള്ള പണ്ഡിതരാണ് നേതൃത്വം നല്‍കി വരുന്നത്. ഈജിപ്തിലെ ‘ദാറുല്‍ ഇഫ്താ’ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കുത്തഴിയുകയും അത് വഴി ഇസ്‌ലാമിന്റെ മുഖം വികൃതമാവുകയും ചെയ്ത ഘട്ടത്തില്‍, ഏഴ് വര്‍ഷം മുമ്പാണ് ഞാന്‍ ഗ്രാന്റ് മുഫ്തി പദവിയില്‍ നിയമിതനാകുന്നത്. സമൂല മാറ്റത്തിലൂടെ ഈ സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് പരിഹാരം കണ്ടെത്താന്‍ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. സ്ഥാപനത്തില്‍ ഇസ്‌ലാമിക പ്രചാരണത്തിന് സഹായകമായ വെബ്‌സൈറ്റ് ഉള്‍പ്പടെ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും, ഒരു ഫത്‌വ കൗ ണ്‍സില്‍ രൂപവത്കരിക്കുകയും, വീഴ്ചകള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്തു. മതപരമായ പ്രശ്‌നങ്ങള്‍ക്ക് സ്ഥാപനത്തില്‍ വരാതെ തന്നെ മറുപടി ലഭ്യമാക്കാന്‍ ഒരു കോള്‍ സെന്ററും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

? ആഗോള തലത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചു വരുന്നു. ഇസ്‌ലാമാണിവിടെ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത്. ഇതെക്കുറിച്ച്…. 
= യഥാര്‍ഥത്തില്‍ ഇക്കാര്യത്തില്‍ ഇസ്‌ലാം തെറ്റിദ്ധരിക്കപ്പെടുകയാണ്. അല്ലെങ്കില്‍ ഇസ്‌ലാമിനെ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം എല്ലാ അര്‍ഥത്തിലും എതിരാണ്. തീവ്രവാദത്തിന് മതമില്ലെന്ന് മനഃസാക്ഷിയോട് നീതി പുലര്‍ത്തി ചിന്തിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ട് വര്‍ഷം മുമ്പ് തീവ്രവാദികള്‍ മുംബൈയില്‍ സ്‌ഫോടനം നടത്തി ലോകത്തെ ഞെട്ടിച്ചു. സമീപ കാലത്ത് അവര്‍ ഈജിപ്തിലും സ്‌ഫോടനം നടത്തി. പാവപ്പെട്ട കുടുംബങ്ങളും നിരപരാധരായ സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമാണ് പലപ്പോഴും ഇതിനിരയാകുന്നത്. തീവ്രവാദത്തിന്റെ കെടുതികളെയും നിരര്‍ഥകതയെയും സംബന്ധിച്ച ബോധവത്കരണം, ജനങ്ങള്‍ക്കിടയിലെ സാമൂഹിക ബന്ധം സുദൃഢമാക്കാനുള്ള യത്‌നം, മാതൃകാ പരമായ ജീവിതം, അല്ലാഹുവിനോട് മനമുരുകിയുള്ള പ്രാര്‍ഥന തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇസ്‌ലാമിക പ്രബോധകര്‍ സന്നദ്ധരാകണം.

? ഇസ്‌ലാമിക പ്രബോധന വീഥിയില്‍ പണ്ഡിതര്‍ക്ക് ഊര്‍ജം നല്‍കുന്ന എന്തെങ്കിലും നല്‍കാനുണ്ടോ.
= പരിശുദ്ധ ഇസ്‌ലാമിന്റെ അടിത്തറ പാരമ്പര്യമാണ്. നമ്മുടെ ഗുരുനാഥന്മാരില്‍ നിന്ന് തുടങ്ങി പ്രവാചകരില്‍ എത്തിച്ചേരുന്ന സനദ് വഴിയാണ് നമുക്ക് ഇസ്‌ലാം ലഭിച്ചത്. ഈ സനദാണ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിസ്ഥാനം. ഈ രൂപത്തില്‍ ഗുരുനാഥന്മാര്‍ വഴി എനിക്ക് ലഭിച്ച ‘സനദ്’ ഞാന്‍ നിങ്ങള്‍ക്കും നല്‍കുകയാണ്. എന്റെയും നിങ്ങളുടെയും മദ്ഹബായ ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളും വിജ്ഞാനങ്ങളും പകര്‍ന്നു നല്‍കാനുള്ള അനുമതി ഉള്‍ക്കൊള്ളുന്നതാണ് ഈ സനദ്. ഇതിലൂടെ ഇമാം ഹജറുല്‍ അസ്ഖലാനി, ഇമാം ഇബ്‌നു ഹജറില്‍ ഹൈതമി, ശൈഖ് അഹ്മദ് യാസീന്‍, ഇമാം ശര്‍ഖാവി, ശൈഖ് ഇമാം അലി, ഇമാം ശര്‍ബീനി, ശൈഖ് ശിഹാബുദ്ദീന്‍ ഹൈതമി തുടങ്ങിയ പണ്ഡിത മഹത്തുക്കളിലൂടെ ലോകത്ത് വിജ്ഞാനം പരത്തിയ ഇമാം ശാഫിഇ വഴി പ്രവാചകരിലേക്ക് നാമെത്തിച്ചേരുന്നു. പ്രബോധന രംഗത്ത് പണ്ഡിതര്‍ക്ക് ശക്തി പകരുന്നതാണ് സനദ്.
അനുഷ്ടാനപരമായ കാര്യങ്ങളില്‍ മദ്ഹബുകളെ അനുധാവനം ചെയ്യുന്നതോടൊപ്പം വിശ്വാസപരമായി അശ്അരി ത്വരീഖത്ത് മുറുകെ പിടിക്കുകയും ചെയ്യുക. എങ്കില്‍ വിജയം സുനിശ്ചിതമാണ്.

? അവസാനമായി ഞങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം.
.= വിശ്വാസം, തഖ്‌വ (അല്ലാഹുവിലുളള ഭയഭക്തി) നന്മ അഥവാ സ്വഭാവോത്കൃഷ്ടത എന്നീ മൂന്ന് കാര്യങ്ങള്‍ സൂക്ഷിക്കാന്‍ ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയാണ്. മനുഷ്യന്റെ ഉന്നതിക്ക് നിദാനം ഈ മൂന്ന് കാര്യങ്ങളാണ്. അഹ്‌ലുസ്സുന്നയില്‍ നിന്ന് വ്യതിചലിച്ച ശിയാക്കള്‍, റാഫിളിയാക്കള്‍ തുടങ്ങിയ പിഴച്ച വിഭാഗങ്ങളില്‍ പെട്ട് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.
ഇതോടൊപ്പം, വിജ്ഞാന സമ്പാദനത്തിനും, പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ഈജിപതിലേക്ക് ക്ഷണിക്കുകയും ചെയ്യട്ടെ. പഠന- പ്രബോധന വഴിയില്‍ രാജ്യങ്ങള്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും അതിര്‍വരമ്പുകളില്ല. ഇന്ത്യയുടെയും ഈജിപ്തിന്റെയും ഇടയില്‍ അനേകം കി. മീറ്ററുകള്‍ ദൂരമുണ്ടെങ്കിലും വിജ്ഞാന-പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അത് തടസ്സമാകുന്നില്ല. അല്ലാഹു നമ്മെ വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ.