വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം: സമൂഹത്തില്‍ ആശങ്ക പടരുന്നു

Posted on: March 10, 2013 4:44 pm | Last updated: March 10, 2013 at 4:44 pm

മസ്‌കത്ത്: ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന തട്ടിക്കൊണ്ടു പോകല്‍ ശ്രമങ്ങളില്‍ രക്ഷിതാക്കളും പ്രവാസി സമൂഹവും ആശങ്കയില്‍. ഇന്നലെ ഇന്ത്യന്‍ അംബാസിഡര്‍ ജെ എസ് മുകുളിനെ സന്ദര്‍ശിച്ച രക്ഷിതാക്കളുടെ പ്രതിനിധികള്‍ ഈ ആശങ്ക പങ്കുവെച്ചു. രണ്ടു നിവേദനങ്ങളാണ് ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ അംബാസിഡര്‍ക്കു നല്‍കിയത്.

വെള്ളിയാഴ്ച ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയെ കാണാതായ സംഭവത്തിനു രണ്ടു ദിവസം മുമ്പ് മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. പെണ്‍കുട്ടി ഭാഗ്യത്തിനു രക്ഷപ്പെടുകയായിരുന്നു. വാദി കബീര്‍ പരിസരം കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പും ഇവിടെ ഇന്ത്യക്കാരായ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് നടന്നു വരികയായിരുന്ന ഒരു മലയാളി ബാലികയെ കാറിലെത്തിയ സ്വദേശി യുവാവാണ് വളഞ്ഞിട്ടു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

സഹപാഠികള്‍ക്കൊപ്പം സ്‌കൂള്‍ വിട്ടു വന്ന പന്ത്രണ്ടുകാരിയായ മറ്റൊരു പെണ്‍കുട്ടിയെയും പിറകെ വന്ന യുവാക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി. ലിഫ്റ്റില്‍ കയറുമ്പോള്‍ കീഴ്‌പെടുത്താനുള്ള ശ്രമത്തിനിടെ കെട്ടിടത്തിലേക്കു വന്ന രണ്ടു താമസക്കാരെ കണ്ട് രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. സ്വദേശി യുവാക്കളായിരുന്നു ഈ സംഭവങ്ങളിലെല്ലാം ഉള്‍പെട്ടിരുന്നത്. വാദി കബീര്‍ ലുലു ഹൈപര്‍മാര്‍ക്കറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട കാറിലിരുന്നു പഠിച്ച കുട്ടിയെ കാണാതായതും തട്ടിക്കൊണ്ടുപോകപ്പെട്ടതാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

വാദി കബീര്‍ പരിസരത്ത് വീടുകളില്‍നിന്നും മോഷണവും വര്‍ധിച്ചിട്ടുണ്ട്. താമസക്കാര്‍ പുറത്തു പോകുന്നതും ഉറങ്ങുന്നതുമായ സമയത്താണ് മോഷണം നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ ഈ പ്രദേശത്ത് അഞ്ചിലധികം മലയാളി കുടുംബങ്ങള്‍ തന്നെ കവര്‍ച്ചക്കിരയായിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ഒരു മലയാളിയുടെ വീട്ടില്‍നിന്നും ആഭരണങ്ങളും പണവും മോഷ്ടിക്കപ്പെട്ടിരുന്നു.