താമരശ്ശേരി: പൂനൂര്‍ സഹൃദയ വേദിയുടെ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും ഇന്ന് പൂനൂര്‍ ഗവ. യു പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് പുരുഷന്‍ കടലുണ്ടി എം എല്‍ എ സഹൃദയ വേദിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് പതിറ്റാണ്ടിലേറെ പൂനൂര്‍ ഗവ. യു പി സ്‌കൂളില്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച വി എം അബ്ദുര്‍റഹ്മാനെ വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ ചടങ്ങില്‍ ആദരിക്കും. പൂനൂരിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വാമൊഴി ചരിത്രം രേഖപ്പെടുത്തിയ സുവനീര്‍ പ്രകാശനം കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വഹിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളെ ചടങ്ങില്‍ അനുമോദിക്കും. ഉദ്ഘാടനത്തിന്റെ മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്ര വൈകിട്ട് മൂന്നിന് ചീനിമുക്കില്‍നിന്നാരംഭിക്കും. സഹൃദയവേദി പ്രസിഡന്റ് നാസര്‍ എസ്‌റ്റേറ്റ്മുക്ക്, ജനറല്‍ സെക്രട്ടറി ദിനേശ് പൂനൂര്‍, ഹക്കീം പുവ്വക്കോത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.