അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി

Posted on: March 8, 2013 11:02 am | Last updated: March 8, 2013 at 11:02 am
SHARE

പയ്യോളി: വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. അയനിക്കാട് വെസ്റ്റ് യു പി സ്‌കൂളിലെ അധ്യാപകന്‍ ചെറുവണ്ണൂര്‍ സ്വദേശി സുബീഷിനെതിരെയാണ് പയ്യോളി പോലീസില്‍ പരാതി ലഭിച്ചത്.
കഴിഞ്ഞ മാസമാണ് സംഭവമെന്നറിയുന്നു. സ്‌കൂളിലെ എല്‍ പി വിഭാഗം വിദ്യാര്‍ഥിനികളില്‍ ജാഗ്രതാസമിതി നടത്തിയ കൗണ്‍സിലിംഗിനിടെയാണ് സുബീഷ് തങ്ങളോട് മോശമായി പെരുമാറി എന്ന് വിദ്യാര്‍ഥിനികള്‍ സൂചിപ്പിച്ചത്. അതുപ്രകാരം പ്രധാനധ്യാപകന്‍ സ്റ്റാഫ് കൗണ്‍സിലിന്റെയും പി ടി എയുടെയും യോഗം ചേര്‍ന്ന് ആരോപണ വിധേയനായ അധ്യാപകനെതിരെ നടപടി വേണമെന്ന് സ്‌കൂള്‍ മാനേജരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മാനേജര്‍ അധ്യാപകനോട് രാജി എഴുതി വാങ്ങി സ്‌കൂളില്‍ നിന്നും ഒഴിവാക്കിയതായി അറിയുന്നു.
അതേസമയം ആരോപണ വിധേയനായ അധ്യാപകനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംരക്ഷണസമിതി രംഗത്ത് വന്നു. ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടിയാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സംരക്ഷണ സമിതി ആരോപിച്ചു.