റേഷന്‍ സാധനങ്ങള്‍ രഹസ്യ ഗോഡൗണുകളില്‍; അരി വില കൂട്ടാന്‍ ലോബിയുടെ നീക്കം

Posted on: March 6, 2013 6:27 am | Last updated: March 8, 2013 at 9:27 am
SHARE

കൊല്ലം:അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ലോഡ് കണക്കിന് അരിയും ഗോതമ്പും രഹസ്യ കേന്ദ്രങ്ങളിലെ ഗോഡൗണുകളില്‍ സൂക്ഷിച്ച് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ലോബി സംസ്ഥാനത്ത് സജീവം. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ ലോഡ് കണക്കിന് റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് പിടിച്ചെടുത്തു. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇടനിലക്കാര്‍ വഴിയാണ് റേഷന്‍ സാധനങ്ങള്‍ രഹസ്യ കേന്ദ്രങ്ങളിലേക്ക് കടത്തുന്നത്.

കൊല്ലം പാരിപ്പള്ളി മുക്കട ജീവന്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ റേഷന്‍ കടക്കുള്ള ആയിരം ചാക്ക് ഗോതമ്പും 500 ചാക്ക് അരിയുമാണ് പിടിച്ചെടുത്തത്. എഫ് സി ഐ മുദ്രയുള്ള ഗോതമ്പ് ചാക്കുകളാണ് പിടിച്ചെടുത്തത്. അരിച്ചാക്കുകള്‍ പല ബ്രാന്‍ഡഡ് കമ്പനികളുടെ പാ്ക്കറ്റുകളിലാക്കിയ നിലയിലായിരുന്നു. ആട്ടയും റവയും കവറിലാക്കിയാണ് വിതരണം ചെയ്തിരുന്നത്. കുട്ടൂസ്, മയൂര, ജീവന്‍ എന്നീ ബ്രാന്‍ഡുകളിലുള്ള പാക്കറ്റുകളിലായിരുന്നു വിതരണം. അരി 10, 30, 50 കിലോ പാക്കറ്റുകളായാണ് വിപണിയിലെത്തിച്ചിരുന്നത്. പല ബ്രാന്‍ഡ് അരികളുടെയും ഗോതമ്പ് ഉത്പന്നങ്ങളുടെയും സ്റ്റിക്കറുകളും ഇവിടെ നിന്നും പിടിച്ചെടുത്തു.

ഇത്തിക്കര ബംഗ്ലാവില്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ ആറ് ചാക്ക് ഗോതമ്പാണ് പിടിച്ചെടുത്തത്. വീടിനോട് ചേര്‍ന്നും അനധികൃതമായി റേഷന്‍ സാധനങ്ങള്‍ സൂക്ഷിച്ചുവെക്കുന്നത് പതിവായിട്ടുണ്ട്. ചവറ മടപ്പള്ളിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വീടിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ നിന്നാണ് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തത്. 50 ചാക്ക് പുഴുക്കലരി, 180 ചാക്ക് ഗോതമ്പ്, 64 ചാക്ക് പച്ചരി എന്നിവയാണ് കണ്ടെടുത്തത്. ഒരു മാസമായി ഇവിടെ റേഷന്‍ സാധനങ്ങള്‍ സംഭരിച്ച് ബ്രാന്‍ഡഡ് കമ്പനികളുടെ വ്യാജ ചാക്കില്‍ നിറച്ച് വില്‍പ്പനക്കെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവിധ റേഷന്‍ കടകളില്‍ നിന്നും ശേഖരിച്ച സാധനങ്ങള്‍ വാഹനങ്ങളില്‍ ഗോഡൗണിലെത്തിച്ച ശേഷം ബ്രാന്‍ഡഡ് ചാക്കിലാക്കും.
ആന്ധ്രയിലെ മയൂരി റൈസ്, ഉത്തര്‍പ്രദേശിലെ ആര്‍ കെ ആര്‍, അതിരപ്പുഴയിലെ ജാസ് ആട്ട, ഇരിങ്ങാലക്കുട കെ എസ് സുപ്രീം തുടങ്ങിയ കമ്പനികളുടെ ബ്രാന്‍ഡഡ് പേരുള്ള ചാക്കുകളിലാണ് റേഷന്‍ സാധനങ്ങള്‍ കടത്തുന്നതായി കണ്ടെത്തിയിട്ടുള്ളത്. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യേണ്ടവയാണ് രഹസ്യ ഗോഡൗണുകളിലെത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അരിമൊത്ത വ്യാപാര കേന്ദ്രമായ കരുനാഗപ്പള്ളിയിലെ രഹസ്യ ഗോഡൗണുകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോഡ് കണക്കിന് അരിയാണ് വന്‍തോതില്‍ സംഭരിക്കുന്നത്. ഇടനിലക്കാരായ ഏജന്റുമാരും അരിമില്‍ ഉടമകളും ചേര്‍ന്ന് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ അരിയുടെ വില ഗണ്യമായി വര്‍ധിപ്പിക്കാന്‍ നീക്കം തുടങ്ങിയതായി മൊത്ത വ്യാപാരികള്‍ പറയുന്നു.
വന്‍തോതില്‍ ജയ അരി കേരളത്തില്‍ എത്തിയതിന്റെ അനുപാതിക ക്രമത്തില്‍ കരുനാഗപ്പള്ളി താലൂക്കിലും എത്തിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ആന്ധ്രയില്‍ 15 മുതല്‍ 20 രൂപ വരെ മാത്രമാണ് അരിക്ക് വിലയുണ്ടായിരുന്നത്. ഈ സീസണില്‍ 500ല്‍പ്പരം ലോഡ് അരിയാണ് കരുനാഗപ്പള്ളിയില്‍ മാത്രം എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച വിളവ് പോലെ ഇത്തവണ വിളവ് മെച്ചപ്പെട്ടാലും ക്ഷാമത്തിന്റെ കണക്ക് പറഞ്ഞ് വില വര്‍ധിപ്പിക്കാനുള്ള നീക്കമാണ് മില്‍ ഉടമകളും ഏജന്റുമാരും ചേര്‍ന്ന് നടത്തി വരുന്നതെന്നാണ് ആക്ഷേപം.