ശക്തി തെളിയിക്കാന്‍ ഇരു നേതൃത്വവും വിയര്‍ക്കുന്നു

Posted on: March 5, 2013 11:24 pm | Last updated: March 6, 2013 at 12:06 am

മലപ്പുറം:എം എസ് എം പ്രോഫ്‌കോണ്‍ എന്ന പേരില്‍ മലപ്പുറത്തും കോഴിക്കോട്ടും ഒരേ ദിവസം പരിപാടികള്‍ നടക്കുന്നത് മുജാഹിദ് പ്രവര്‍ത്തകരെ വെട്ടിലാക്കി. സംഘടനകള്‍ തമ്മിലുള്ള പോരിനിടെ എവിടെ പങ്കെടുക്കണമെന്നതാണ് പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഇതിനായി വിദ്യാര്‍ഥികളെ ഒപ്പം നിര്‍ത്താനുള്ള നെട്ടോട്ടത്തിലാണ്് നേതൃത്വം. തങ്ങളോടൊപ്പമാണ് കൂടുതല്‍ അംഗബലമെന്ന് ഇരു സംഘടനകളും അവകാശപ്പെടുന്നുണ്ട്. ഇത് സമ്മേളനം കഴിയുന്നതോടെ വ്യക്തമാകുമെന്നതിനാല്‍ ആളെ കൂട്ടാനുള്ള എല്ലാ വഴികളും ഇരുപക്ഷവും തേടുന്നുണ്ട്. മലപ്പുറത്ത് നടക്കുന്ന പ്രോഫ്‌കോണിന്റെ പരിപാടികള്‍ വിശദീകരിക്കാനായി വാര്‍ത്താസമ്മേളനം നടത്തിയ എം എസ് എം പ്രവര്‍ത്തകര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത ആശങ്കയുണ്ട്. ശക്തമായ പ്രചാരണമാണ് തങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പ്രോഫ്‌കോണ്‍ എന്ന പേരില്‍ സമ്മേളനം നടത്തിയവരെല്ലാം ഇപ്പോഴും ഒരുമിച്ചുണ്ട്. ആള്‍ബലം കൂടുതല്‍ ആര്‍ക്കൊപ്പമാണെന്ന് സമ്മേളനം കഴിയുമ്പോഴറിയാമെന്നും അവര്‍ പറഞ്ഞു. കെ എന്‍ എമ്മില്‍ നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത അവര്‍ നിഷേധിക്കുകയും ചെയ്തു.
കെ എന്‍ എമ്മില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളൊന്നും തന്നെ പാലിക്കാതെ പുറത്താക്കിയെന്ന കുറിപ്പ് മാത്രമാണ് ലഭിച്ചത്. ഇതിന് പകരം സമാന്തര സംഘടനയുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഇപ്പോഴും മാതൃസംഘടനയായി കാണുന്നത് കെ എന്‍ എമ്മിനെ തന്നെയാണെന്നും അവര്‍ പറഞ്ഞു.