Connect with us

Thiruvananthapuram

പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം നീട്ടി

Published

|

Last Updated

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്ന് മാസം നീട്ടാന്‍ പി എസ് സി യോഗം തീരുമാനിച്ചു. 2013 മാര്‍ച്ചില്‍ കാലാവധി അവസാനിക്കുന്നതും, നാല് വര്‍ഷം കാലാവധി പൂര്‍ത്തിയാകാത്തതുമായ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. 200 ല്‍പരം റാങ്ക് ലിസ്റ്റുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കാലാവധി ഒരു വര്‍ഷം ദീര്‍ഘിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. എന്നാല്‍ പി എസ് സി ഇതു അംഗീകരിച്ചില്ല. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം മൂന്നാംതവണയാണ് കാലാവധി നീട്ടുന്നത്.
2011 ജൂണ്‍ മുതല്‍ 2012 മാര്‍ച്ച് വരെയും പിന്നീട് 2012 ഏപ്രില്‍ മുതല്‍ 2013 മാര്‍ച്ച് 30 വരെയും ഉള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നേരത്തെ നീട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി. രണ്ട് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നാലര വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസം പട്ടിക സ്വാഭാവികമായി റദ്ദാകും. കാലാവധി ദീര്‍ഘിപ്പിച്ച ഏതെങ്കിലും തസ്തികയുടെ പുതിയ റാങ്ക് പട്ടിക പി എസ് സി പ്രസിദ്ധീകരിച്ചാല്‍ കാലാവധി ദീര്‍ഘിപ്പിച്ച ലിസ്റ്റ് ആസാധുവാകും.
ഹയര്‍ സെക്കന്‍ഡറി ഇക്കണോമിക്‌സ് തസ്തികയില്‍ അഭിമുഖത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലെ മുഖ്യപട്ടികയില്‍ 600 പേരെ ഉള്‍പ്പെടുത്തും. സെക്രട്ടേറിയറ്റ്, പി എസ് സി അസിസ്റ്റന്റ് തസ്തികയില്‍ ഉള്ള സാധ്യതാ ലിസ്റ്റിലെ മുഖ്യപട്ടികയില്‍ 1600 പേരെ ഉള്‍പ്പെടുത്തും. സംവരണ വിഭാഗങ്ങളുടെ ലിസ്റ്റില്‍ ആകെ 11 വിഭാഗങ്ങളിലായി 3000 പേരെയും ഉള്‍പ്പെടുത്തും. ഈ മാസം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന സാമൂഹിക ക്ഷേമ വകുപ്പില്‍ ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്ന സര്‍ക്കാര്‍ തീരുമാനം പി എസ് സി യോഗം നിരസിച്ചു.