Connect with us

Eranakulam

സ്‌കൂളില്‍ മദ്യപാനം: വിദ്യാര്‍ഥിനികള്‍ക്ക് പരീക്ഷയെഴുതാമെന്ന് കോടതി

Published

|

Last Updated

കൊച്ചി: സ്‌കൂള്‍ ടെറസ്സിലിരുന്ന് മദ്യപിച്ച വിദ്യാര്‍ഥിനികളെ തിരിച്ചെടുക്കണമെന്ന ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. വിദ്യാര്‍ഥിനികളെ പ്ലസ് വണ്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ജസ്റ്റിസ് കെ സുരേന്ദ്ര മോഹന്‍ നിര്‍ദേശിച്ചു. കായംകുളം കുരിയാട് എന്‍ രാമന്‍പിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും സ്‌കൂള്‍ മാനജരും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി.
2012 നവംബര്‍ 11ന് സ്‌കൂളിന്റെ ടെറസ്സിന് മുകളിലിരുന്ന് വിദേശ മദ്യം കഴിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ഥിനികള്‍ക്കെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിച്ച നടപടികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ റദ്ദാക്കിയിരുന്നു. വിദ്യാര്‍ഥിനികളെ സ്‌കൂളില്‍ തിരികെ പ്രവേശിപ്പിക്കാനും പ്ലസ് വണ്‍ പരീക്ഷ എഴുതിക്കാനും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ഉത്തരവ് വിദ്യാര്‍ഥികളുടെയും സ്‌കൂളിന്റെയും താത്പര്യത്തിന് വിരുദ്ധമാണെന്ന് പരാതിപ്പെട്ടാണ് മാനേജര്‍ കോടതിയെ സമീപിച്ചത്. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത സ്‌കൂള്‍ അധികൃതരുടെ നടപടി നീതികരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Latest