Connect with us

Malappuram

ബി പി എല്‍ പട്ടികയിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

മലപ്പുറം: ബി പി എല്‍ അന്തിമ പട്ടിക തയ്യാറാക്കുന്നതിനുളള പ്രക്രിയ പഞ്ചായത്തുകള്‍ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പി ഉബൈദുല്ല എം എല്‍എ , മന്ത്രിമാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ എഡി എം പി മുരളീധരന്‍ അധ്യക്ഷത വഹിച്ചു. നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി സെക്രട്ടറി, റേഷനിങ് ഇന്‍സ്‌പെക്ടര്‍, വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയാണ് അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്.
എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സമിതിയില്‍ കണ്‍വീനര്‍മാരെ നിയോഗിച്ചിട്ടില്ലെന്ന തടസ്സവാദം ഉന്നയിച്ച് ഭൂരിഭാഗം പഞ്ചായത്തുകളും കമ്മിറ്റി ചേരാത്തതിനാലാണ് അന്തിമ പട്ടിക തയ്യാറാക്കാന്‍ തടസ്സമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ഓരോ പഞ്ചായത്തുകളിലും കണ്‍വിനറെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയതായി ഡെപ്യൂട്ടി ഡയറക്റ്റര്‍ പറഞ്ഞു. എന്നാല്‍ ആനക്കയം, തിരുവാലി തുടങ്ങിയ പഞ്ഞായത്തുകളില്‍ പ്രസിഡന്റുമാര്‍ മുന്‍കൈയെടുത്ത് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച പ്രവൃത്തികള്‍ക്ക് മാര്‍ച്ച് 31 നകം തന്നെ ഭരണാനുമതി ലഭ്യമാക്കാന്‍ പ്രതേ്യക സംവിധാനമൊരുക്കണമെന്നും ഇതിനായി വകുപ്പകള്‍ തമ്മില്‍ ഏകോപനം നടത്തണമെന്നും പി ഉബൈദുല്ല എം എല്‍ എ നിര്‍ദേശിച്ചു. 2013 ലെ ബജറ്റില്‍ ഉള്‍പ്പെടുത്താനായി വിവിധ വകുപ്പുകള്‍ നല്‍കിയ പദ്ധതികളിലെ വിശദാംശത്തിന്റെ പകര്‍പ്പ് എം എല്‍ എമാര്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂരങ്ങാടി താലൂക്ക് ഹജൂര്‍ കച്ചേരി കെട്ടിടം സംരക്ഷിക്കുന്നതിന് 51.5 ലക്ഷത്തിന്റെ എസ്റ്റിമേറ്റും വിശദമായ റിപ്പോര്‍ട്ടും ജില്ലാ കലക്ടര്‍ക്ക് നല്‍കിയതായി പൊതുമരാമത്ത് (കെട്ടിടം) വിഭാഗം അധികൃതര്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെ ഹെറിറ്റെജ് ബില്‍ഡിംങ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഫണ്ട് കെട്ടിവെച്ചാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രതിനിധി ഹനീഫ പുതുപറമ്പിന്റെ ചോദ്യത്തിന് മറുപടിയായി അധികൃതര്‍ വ്യക്തമാക്കി.എം എല്‍ എ ഫണ്ട് വിനിയോഗിച്ച് സ്‌കൂളുകള്‍ക്ക് കംപ്യൂട്ടര്‍ നല്‍കുന്ന പദ്ധതി പ്രകാരം ഒരാഴ്ചക്കകം വിതരണം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ അറിയിച്ചു. വളവന്നൂര്‍ പഞ്ചായത്തിലെ ഗവ. സ്‌കൂളിലെ പി റ്റിഎ. ഫണ്ട് ദുര്‍വിനിയോഗം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന “ഗ്രാമം നിറയെ കോഴി”, പട്ടിക ജാതി വകുപ്പിന്റെ “സ്വയം പര്യാപ്ത കോളനി” “ഐ സി ഡി എസിന്റെ മാതൃകാ അങ്കണവാടികള്‍, റൂറല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട് (ആര്‍ ഐ ഡി എഫ്.)ല്‍ ഉള്‍പ്പെടുത്തിയ അങ്കണവാടികള്‍, എന്നിവയും പി എം ജി എസ് വൈ, “ഒരു വീട്ടില്‍ ഒരു മാവ്” പദ്ധതികളുടെ പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ശശികുമാര്‍, വിദ്യാഭ്യാസമന്ത്രിയുടെ പ്രതിനിധി ഹനീഫ പുതുപറമ്പ്, വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി എ കരിം, പട്ടികജാതി-പിന്നാക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രിയുടെ പ്രതിനിധി കെ സി കുഞ്ഞിമുഹമ്മദ്, നഗരവികസന-ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ പ്രതിനിധി ജാഫര്‍ വെളളക്കാട്ട് , ജില്ലാതല ഉദേ്യാഗസ്ഥര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest