Connect with us

International

യുദ്ധക്കുറ്റം: ജമാഅത്തെ ഇസ്‌ലാമി നേതാവിന് ബംഗ്ലാദേശില്‍ വധശിക്ഷ

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് യുദ്ധക്കുറ്റം ചെയ്തുവെന്ന കേസില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിന് വധശിക്ഷ. ധല്‍വാര്‍ ഹുസൈന്‍ സയ്യിദിയെയാണ് യുദ്ധക്കുറ്റം കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷക്ക് വിധിച്ചത്. പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് ബംഗ്ലാദേശില്‍ നടന്ന പോരാട്ടത്തിനിടെ നടന്ന അക്രമത്തിന്റെ പേരിലാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.
2010 ജൂണിലാണ് ധല്‍വാര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. കൂട്ടക്കൊല ഉള്‍പ്പെടെ പത്തൊമ്പത് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തീവെപ്പ്, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകളും ഇതില്‍ ഉള്‍പ്പെടും. യുദ്ധക്കുറ്റം നടത്തിയെന്ന കേസില്‍ ധല്‍വാര്‍ ഹുസൈന് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാനമായ ധാക്കയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയത്. എന്നാല്‍, സയ്യിദിക്കെതിരെ വധശിക്ഷ ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു.
കോടതി ഉത്തരവ് തള്ളിയ ജമാഅത്തെ ഇസ്‌ലാമി, പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പോലീസുകാരെയാണ് ധാക്കയില്‍ വിന്യസിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുണ്ട്. ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സയ്യിദിയുടെ അഭിഭാഷകര്‍ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിനിടെയുണ്ടായ യുദ്ധക്കുറ്റം ആരോപിച്ച് നല്‍കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്. അബുല്‍ കലാം ആസാദിനാണ് നേരത്തെ വധശിക്ഷ ലഭിച്ചത്. ജമാഅത്തെ ഇസ്‌ലാമി നേതാവായ അബ്ദുല്‍ ഖാദര്‍ മുല്ലയെ ഈ മാസം ആദ്യം ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. മുല്ലക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കെയാണ് സയ്യിദിന് വധശിക്ഷ നല്‍കിയത്.
കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് പ്രാദേശിക നേതാക്കളുടെ സഹായത്തോടെ മുപ്പത് ലക്ഷം ആളുകള്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷം സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ സേനക്ക് ജമാഅത്തെ ഇസ്‌ലാമി സഹായം ചെയ്തിരുന്നതായാണ് പ്രധാന ആരോപണം. 1973ലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് പ്രധാനമന്ത്രിയായ ശൈഖ് ഹസീനയാണ് 2010ല്‍ യുദ്ധത്തിനിടെ മനുഷ്യത്വലംഘന കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതി സ്ഥാപിച്ചതുള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചത്. ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ പ്രധാന സഖ്യകക്ഷിയായിരുന്നു ജമാഅത്തെ ഇസ്‌ലാമി.

---- facebook comment plugin here -----

Latest