ഖത്തര്‍ മലയാളി മാന്വല്‍ രണ്ടാം എഡിഷന്‍ മാര്‍ച്ചില്‍

Posted on: February 27, 2013 4:24 pm | Last updated: February 27, 2013 at 4:24 pm

ദോഹ: മീഡിയ പഌസ് പ്രസിദ്ധീകരിച്ച ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് അടുത്ത മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കുമെന്ന് മീഡിയ പഌസ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാന്വലിന്റെ ആദ്യ പതിപ്പിന് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് രണ്ട് വര്‍ഷത്തിനകം പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ സഹായിച്ചതെന്ന് മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പഌസ് സി. ഇ. ഒയുമായ അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുകയും വരും തലമുറക്ക് പഠിക്കാന്‍ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ മീഡിയ പഌസ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിത യാഥാര്‍ഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പ്രേരകം. ഇന്ന് ഉന്നതങ്ങളില്‍ കഴിയുന്ന പലര്‍ക്കും ത്യാഗത്തിന്റേയും ദുരിതത്തിന്റേയും വേദന നിറഞ്ഞ ഒരു പൂര്‍വകാല ജീവതമുണ്ട്. പുതിയ തലമുറക്ക് പലതും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ആ ജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തര്‍ മലയാളി മാന്വലെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാപാരം, വിദ്യാഭ്യാസം, കല ,സാമൂഹ്യം, സംസ്‌കാരം, മാധ്യമ പ്രവര്‍ത്തനം, ജനസേവനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരേയാണ് ഖത്തര്‍ മലയാളി മാന്വലില്‍ ഉള്‍പ്പെടുത്തുന്നത്. ഒന്നാം പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയവരെ ഉള്‍പ്പെടുത്തുകയും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രസിദ്ധീകരിക്കുകയുമാണ് രണ്ടാം പതിപ്പ് ലക്ഷ്യം വെക്കുന്നത്.

അക്കോണ്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശുക്കൂര്‍ കിനാലൂര്‍, ഖത്തര്‍ മലയാളി മാന്വല്‍ ചീഫ് കോര്‍ഡിനേറ്റര്‍ അഫ്‌സല്‍ കിളയില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, യൂനുസ് സലീം, ശിഹാബുദ്ധീന്‍ എന്നിവരും വാത്താസമ്മേളനത്തില്‍ പങ്കെടുത്തു.