എന്‍ ഡി എഫുമായുണ്ടായ സംഘര്‍ഷം ടി പി വധത്തിന് കാരണമായേക്കാമെന്ന് പ്രതിഭാഗം

Posted on: February 27, 2013 8:28 am | Last updated: March 12, 2013 at 12:22 am

കോഴിക്കോട്:ഒഞ്ചിയത്ത് എന്‍ ഡി എഫുമായുണ്ടായ സംഘര്‍ഷം ആര്‍ എം പി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ വധത്തിന് കാരണമായേക്കാം എന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍. മുമ്പ് ഒഞ്ചിയത്ത് നടന്ന അക്രമത്തിന്റെ പേരില്‍ എന്‍ ഡി എഫ് പ്രവര്‍ത്തകരും ടി പി ചന്ദ്രശേഖരനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് ടി പിയെ വധിക്കുന്നതിലേക്ക് എത്തിച്ചിരിക്കാം. സി പി എമ്മിന് ഈ കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. സി പി എമ്മാണ് കൊല നടത്തിയതെന്ന് എങ്ങനെ ഉറപ്പിച്ച് പറയനാകും- മാറാട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിസ്താരത്തിനിടെ ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയോട് പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍പിള്ള ചോദിച്ചു. എന്നാല്‍ എന്‍ ഡി എഫ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു എന്നത് സമ്മതിച്ച രമ, അതു പക്ഷെ അത്രത്തോളം രൂക്ഷമായിരുന്നില്ലെന്ന് മറുപടി നല്‍കി. ടി പിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചതും എന്നും ശത്രുത പുലര്‍ത്തിയതും സി പി എം മാത്രമാണെന്നും രമ കോടതിയെ അറിയിച്ചു.

ടി പിയെ വെള്ള പുതപ്പിച്ചുകിടത്തുമെന്ന് തങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക് നോക്കി സി പി എം നേതാക്കളായ പി മോഹനന്‍ , സി എച്ച് അശോകന്‍, കെ കെ കൃഷ്ണന്‍ , കെ സി രാമചന്ദ്രന്‍ എന്നിവര്‍ മുദ്രാവാക്യം വിളിച്ചിരുന്നുവെന്ന് രമ പറഞ്ഞു. ടി പി കൊല്ലപ്പെട്ട ശേഷം രമ ആദ്യമായാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നത്. സി പി എം നേതാക്കളുടെ ഈ മുദ്രാവാക്യത്തിന് താന്‍ സാക്ഷിയാണെന്നും രമ കോടതിയെ അറിയിച്ചു. വീട്ടിലേക്ക് നോക്കി മുദ്രാവാക്യം വിളിച്ച കാര്യം കഴിഞ്ഞ ദിവസം കോടതിയില്‍ പറയാത്തതെന്തുകൊണ്ടായിരുന്നെന്ന ചോദ്യത്തിന് സി പി എമ്മിന് ടി പിയോടുള്ള ശത്രുതയുടെ ആഴം വെളിപ്പെടുത്തുന്നതിനാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് രമ മറുപടി നല്‍കി.
ടി പിയെ ഇല്ലാതാക്കുമെന്ന് ഒഞ്ചിയത്തെ സി പി എം നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ വധഭീഷണി സംബന്ധിച്ച് സി പി എം നേതാക്കളുടെ പ്രസംഗങ്ങള്‍ താന്‍ നേരിട്ടു കേട്ടിട്ടില്ല. കേട്ടറിവു മാത്രമേയുള്ളു. ടി പി വധത്തിനു മുമ്പ് വന്ന ചില കത്തുകളുടെ ഉള്ളടക്കം അതിനു തെളിവാണ്. താന്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി തന്നെ കൊല്ലാന്‍ തീരുമാനമെടുത്തുവെന്ന് ടി പിക്ക് മനസ്സിലായിരുന്നു. അത് അദ്ദേഹം തന്നോട് പങ്ക് വെച്ചിരുന്നു. സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ തന്റെ പിതാവിന്റെ മനസ്സ് വേദനിക്കുമെന്ന് കരുതി ടി പിക്കുണ്ടായ വധഭീഷണി സംബന്ധിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. വീട്ടിലേക്ക് മാതാപിതാക്കള്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് കൊല്ലപ്പെട്ട വിവരം താന്‍ ആദ്യമായി അറിയുന്നതെന്നും രമ കോടതിയെ അറിയിച്ചു. സി പി എമ്മിനോട് തനിക്ക് ഇപ്പോഴും യാതൊരു വിരോധവുമില്ല. അവര്‍ ആശയങ്ങള്‍ നടപ്പാക്കുന്ന രീതിയോടാണ് എതിര്‍പ്പ്. ഒരു കാലത്ത് താനും സി പി എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. നിലപാടുകളോടുള്ള എതിര്‍പ്പ് മൂലമാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതെന്നും രമ പറഞ്ഞു. മാറാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി നാരായണ പിഷാരടി മുന്‍പാകെ രണ്ട് ദിവസങ്ങളിലായി നടന്ന രമയുടെ വിചാരണ ഇന്നലെ പൂര്‍ത്തിയായി.