ആറ് മാസം മുഖ്യമന്ത്രിയാക്കാമെന്ന് സി പി എം, രണ്ട് വര്‍ഷം വേണമെന്ന് മാണി

Posted on: February 27, 2013 8:20 am | Last updated: April 1, 2013 at 8:07 am

കോട്ടയം:ഇടതുമുന്നണിയുമായി തത്കാലം മുന്നണി ബന്ധത്തിന് ആലോചിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അസന്ദിഗ്ധമായി ഇന്നലെ പ്രഖ്യാപിച്ചെങ്കിലും അണിയറയില്‍ ചര്‍ച്ചകള്‍ സജീവം. യു ഡി എഫില്‍ നിന്ന് കേരള കോണ്‍ഗ്രസിനെ അടര്‍ത്തിമാറ്റി പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്ന കാര്യത്തില്‍ സി പി എം അനുകൂല നിലപാടിലാണ്. തന്റെ എക്കാലത്തെയും സ്വപ്‌നമായ മുഖ്യമന്ത്രി പദവി ആറുമാസം കെ എം മാണിക്ക് വിട്ടുനല്‍കാനും സി പി എം സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും വേണമെന്നാണ് സി പി എം സംസ്ഥാന ഘടകം മാണിയുമായുള്ള ചര്‍ച്ചകളില്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ ഈ ഫോര്‍മുലകള്‍ അംഗീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന കേരള കോണ്‍ഗ്രസിന്റെ പിടിവാശിയാണ് തുടര്‍ ചര്‍ച്ചകള്‍ വൈകിപ്പിക്കുന്നത്. കെ എം മാണിയുടെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമെങ്കിലും സര്‍ക്കാര്‍ കാലാവധി തികക്കുന്നതിന് സാഹചര്യം അനുവദിച്ചാല്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് കേരള കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. എല്‍ ഡി എഫുമായി സഖ്യമുണ്ടാക്കിയാല്‍ വരുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ലഭിക്കണമെന്നാണ് മാണിയുടെ മറ്റൊരു ആവശ്യം. എന്നാല്‍ കോട്ടയവും ഇടുക്കിയും നല്‍കാന്‍ തയ്യാറാണെന്നാണ് സി പി എം നേതൃത്വം അറിയിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ചേരുന്ന സി പി എം പോളിറ്റ് ബ്യൂറോയില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും വി എസ് അച്യുതാനന്ദനെ നീക്കം ചെയ്യുന്ന കാര്യത്തില്‍ സി പി എം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സി പി എമ്മിലെ വിശ്വസ്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. ഈ പ്രത്യേക സാഹചര്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറികളും പ്രതിഷേധങ്ങളും തടയുന്നതിനാണ് കേരള കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ത്ത് പുതിയ സര്‍ക്കാര്‍ എന്ന ആലോചനയുമായി സി പി എം മുന്നോട്ടു പോകുന്നത്. ഇതിനിടെ വി എസ് അച്യുതാനന്ദന്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്തത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിക്കുകയും ചെയ്തു. സി പി എം പോളിറ്റ് ബ്യൂറോ അംഗം വരെ കെ എം മാണിയെ എല്‍ ഡി എഫിലേക്ക് സ്വാഗതം ചെയ്യുമ്പോഴും പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന പിണറായി വിജയന്റെ പ്രസ്താവന പുതിയ കൂട്ടുകെട്ടുകള്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്നും മാധ്യമങ്ങളെ അകറ്റിനിര്‍ത്താനുള്ള തന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, രണ്ടംഗങ്ങളുടെ ഭൂരിപക്ഷം മാത്രമുള്ള യു ഡി എഫ് സര്‍ക്കാറില്‍ സമ്മര്‍ദ ശക്തിയാകാന്‍ സര്‍ക്കാര്‍ പിറവിയെടുത്ത കാലത്തുപോലും നടക്കാതിരുന്ന അനുകൂല സാഹചര്യമാണ് ഇപ്പോള്‍ കെ എം മാണിക്ക് കൈവന്നിരിക്കുന്നത്. സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളക്ക് പിന്നാലെ വി എസ് അച്യുതാനന്ദനും എല്‍ ഡി എഫിലേക്ക് മാണിയെ ക്ഷണിച്ചതോടെ മുന്നണിയുടെ കെട്ടുറപ്പ് സംബന്ധിച്ച് യു ഡി എഫ് കേന്ദ്രങ്ങളില്‍ ആശങ്ക കൂടുതല്‍ ബലപ്പെടുകയും ചെയ്തു. ഇനിയും കെ എം മാണിയുടെ താത്പര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന് ആകില്ലെന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. യു പി എ സര്‍ക്കാറിന്റെ അവസാന മന്ത്രിസഭാ പുന:സംഘടനയില്‍ ജോസ് കെ മാണി എം പിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തന്നാല്‍ കഴിയുന്ന എല്ലാം ശ്രമങ്ങളും മാണി നടത്തിയിരുന്നു. സംസ്ഥാന കോണ്‍ഗ്രസിലെ തന്നെ ഉന്നതരുടെ ഇടപെടലാണ് ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിസഭാ പുന:സംഘടന തടസ്സപ്പെടുത്തിയതെന്ന വിലയിരുത്തലും കേരള കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. എന്നാല്‍ അവഗണയില്‍ പ്രതിഷേധിക്കാനോ മുന്നണി ബന്ധം ഉപേക്ഷിക്കാനോ കെ എം മാണി തയ്യാറായില്ല. മുന്നണി ബന്ധമെന്നത് എല്ലായ്‌പ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ലെന്ന് കെ എം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത് കോണ്‍ഗ്രസിന്റെ അവഗണന സഹിച്ച് ഇനിയും മുന്നോട്ടില്ലെന്ന സന്ദേശമാണെന്ന വിലയിരുത്തലും ഉയരുന്നു. കേരള കോണ്‍ഗ്രസിനെ ഏതുവിധേനയും യു ഡി എഫില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വവും ചില നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കത്തോലിക്കാ സഭാ നേതൃത്വത്തെ ഉപയോഗിച്ചാണ് കെ എം മാണിയുടെ പുതിയ നീക്കങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസ് ക്യാമ്പുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.