പാക്കിസ്ഥാനില്‍ പോളിയോ സംഘത്തിന് നേരെ ആക്രമണം

Posted on: February 27, 2013 7:20 am | Last updated: March 6, 2013 at 12:34 pm

ഇസ്‌ലാമാബാദ്: മോട്ടോര്‍ സൈക്കിളിലെത്തിയ തോക്കുധാരി പോളിയോ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ പാക്കിസ്ഥാനില്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തുന്ന പോളിയോ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സുരക്ഷ നല്‍കിയ പോലീസുകാരനാണ് കൊല്ലപ്പെട്ടത്. മൂന്ന് മാസത്തിനിടെ വിവിധ ആക്രമണങ്ങളിലായി 20 സന്നദ്ധപ്രവര്‍ത്തകര്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മര്‍ദാന്‍ പ്രദേശത്ത് കുട്ടികള്‍ക്ക് കുത്തിവെപ്പ് നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പരുക്കുകളൊന്നുമില്ല. അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. യു എസ് ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് താലിബാനികള്‍ ഗ്രോത്രമേഖലയിലെ പോളിയോ കുത്തിവെപ്പ് നിരോധിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിയോ സന്നദ്ധപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സുരക്ഷയിലാണ് കുത്തിവെപ്പ് നടക്കുന്നത്. കഴിഞ്ഞ ഡിസംബറിലുണ്ടായ ആക്രമണ പരമ്പരയെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കുത്തിവെപ്പ് യു എന്‍ നിര്‍ത്തിവെച്ചിരുന്നു.