സമാധാന ചര്‍ച്ചയില്‍ നിന്ന് പിന്‍മാറില്ല: സിറിയന്‍ പ്രതിപക്ഷം

Posted on: February 27, 2013 7:13 am | Last updated: March 6, 2013 at 12:34 pm

ദമസ്‌കസ്: സിറിയന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ചയുമായി സഹികരിക്കുമെന്ന് സിറിയന്‍ പ്രതിപക്ഷം. അതേസമയം, ഈ വിഷയത്തില്‍ സിറിയന്‍ സര്‍ക്കാറുമായോ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുമായോ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. സിറിയന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സഖ്യമായ എസ് എന്‍ സിയുടെ മേധാവി അഹ്മദ് മുആദ് അല്‍ ഖത്തീബാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുടെ നേതൃത്വത്തില്‍ റോമില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ച പൂര്‍ണമായും ബഹിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന ഫ്രണ്ട്‌സ് ഓഫ് സിറിയ എന്ന സംഘടനയാണ് അടിയന്തര ചര്‍ച്ചക്കായി റോമില്‍ വേദിയൊരിക്കിയത്. നാളെയാണ് ചര്‍ച്ച നടക്കുന്നത്.
സിറിയന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സഖ്യങ്ങളും സംഘടനകളും വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നും സിറിയന്‍ സൈന്യത്തിന് റഷ്യയടക്കമുള്ള രാജ്യങ്ങള്‍ വന്‍ തോതിലുള്ള ആയുധങ്ങള്‍ നല്‍കുന്നതിനെതിരെ ആരും പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. പിന്നീട് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി വില്യം ഹേഗിന്റെയും നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് പ്രതിപക്ഷം നിലപാട് മാറ്റിയത്. റോമില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെങ്കിലും റഷ്യയുടെ നേതൃത്വത്തിലെ സമാധാന ചര്‍ച്ചയുമായി സഹകരിക്കില്ലെന്ന് വക്താക്കള്‍ അറിയിച്ചു. റോമില്‍ നടക്കുന്ന ചര്‍ച്ച സിറിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും യു എസ് വൈസ് പ്രസിഡന്റ് ജോ ബിഡന്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന പ്രതിപക്ഷ നേതാക്കളുടെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏറ്റുമുട്ടല്‍ രൂക്ഷമായ സിറിയന്‍ വാണിജ്യനഗരമായ അലെപ്പോയില്‍ ഒരാഴ്ചക്കിടെ കൊല്ലപ്പെട്ടത് 141 പേരാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. അലെപ്പോയില്‍ മാത്രം സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കണക്കാണിതെന്നും സൈനികരും വിമതരുമായി നിരവധിപേര്‍ ഇവിടെ മരിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റസ് വാച്ച് (എച്ച് ആര്‍ ഡബ്ല്യു) വക്താക്കള്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നിരവധി സത്രീകളും കുട്ടികളും ഉള്‍പ്പെടും. അലെപ്പോയിലെ ഏറ്റുമുട്ടല്‍ ഭീതിജനകമാം വിധം വര്‍ധിച്ചിരിക്കുകയാണെന്നും യു എന്‍ അനിവാര്യമായ ഇടപെടല്‍ നടത്തണമെന്നും വക്താക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ, ഇന്നലെ ദമസ്‌കസില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്.