ഈ അവഗണന കേരളം അര്‍ഹിക്കുന്നത്‌

Posted on: February 27, 2013 7:09 am | Last updated: March 6, 2013 at 10:32 am

clipart_transport_488വളരെ വ്യത്യസ്തമായ ഒരു റെയില്‍വേ ബജറ്റാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ പാര്‍ലിമെന്ററി രംഗത്ത് വ്യത്യസ്തമായ ഒരിടം കണ്ടെത്തിയ ബന്‍സല്‍ തന്റെ കന്നി റെയില്‍വേ ബജറ്റിലും ഇത് പ്രകടിപ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുഖ്യ രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധി ബജറ്റ് അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു. ഈ മാറ്റവും ബജറ്റില്‍ പ്രതിഫലിക്കുന്നു. റെയില്‍വേയുടെ ആധുനീകരണമാണ് ഈ ബജറ്റ് ലക്ഷ്യം വെക്കുന്നത്.
യാത്രാനിരക്ക് അടുത്തിടെ ഉയര്‍ത്തിയതിനാല്‍ ബജറ്റില്‍ ഒരു വര്‍ധനയുണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നത്. യാത്രാ നിരക്ക് കൂട്ടിയിട്ടില്ലെങ്കിലും ചരക്ക് കൂലിക്കൊപ്പം തത്കാല്‍, റിസര്‍വേഷന്‍ നിരക്കുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. റെയില്‍വേക്കുള്ള ഡീസലിന്റെ സബ്‌സിഡി പിന്‍വലിച്ച സാഹചര്യത്തില്‍ അധിക വരുമാനം കണ്ടെത്താന്‍ മന്ത്രി നിര്‍ബന്ധിതനായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. അതിനാല്‍ ഈ വര്‍ധന ഒരു കുറ്റമായി കാണാന്‍ കഴിയില്ല.
കേരളത്തെ അവഗണിച്ചെന്ന വാദം ബജറ്റ് അവതരണത്തിന് പിന്നാലെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കേരളത്തില്‍ റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്നെ നിരാശജനകമാണെന്ന് പ്രതികരിച്ചുകഴിഞ്ഞു. അര്‍ഹിക്കുന്ന അവഗണനയാണ് കേരളത്തിനുണ്ടായതെന്നാണ് എന്റെ പക്ഷം. വേണ്ട കാര്യങ്ങളൊന്നും ചോദിക്കാതെ പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചതു കൊണ്ട് കാര്യമില്ല. നമുക്ക് ആവശ്യമില്ലാത്ത, കേരളത്തിന്റെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത, നിര്‍ദേശങ്ങളാണ് നിരന്തരമായി സംസ്ഥാന സര്‍ക്കാറും ഇവിടുത്തെ ജനപ്രതിനിധികളും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇത്തവണയും ഇത് ആവര്‍ത്തിച്ചു. തെറ്റ് തിരുത്താന്‍ തയ്യാറാകാത്തത് കൊണ്ടാണ് ഈ അവഗണന അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ പറയുന്നത്.പാലക്കാട് കോച്ച് ഫാക്ടറിയെയും ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിയെയും മെഡിക്കല്‍ കോളജിനെയും കുപ്പിവെള്ള കമ്പനിയെയും കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നതും ആവശ്യപ്പെടുന്നതും. ഇതു കൊണ്ട് നമ്മുടെ റെയില്‍വേ യാത്രക്കാര്‍ക്ക് എന്ത് ഗുണമാണുള്ളതെന്ന് ചിന്തിക്കുന്നില്ല. റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനത്തിനുള്ള ആവശ്യങ്ങള്‍ക്കല്ല സംസ്ഥാന സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. റെയില്‍വേ സോണ്‍ എന്ന ആവശ്യമാണ് മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഉന്നയിക്കുന്നത്. സോണ്‍ വന്നതു കൊണ്ട് യാത്രക്കാര്‍ക്ക് വലിയ നേട്ടമുണ്ടാകില്ലെന്നാണ് എന്റെ പക്ഷം. ഇന്റര്‍സിറ്റി, മെമു ട്രെയിനുകളും അത് ഓടിക്കാനുള്ള സംവിധാനവുമാണ് വേണ്ടത്. ഇതിനാണ് പ്രാമുഖ്യം നല്‍കേണ്ടിയിരുന്നത്. ലാലുപ്രസാദ് റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് ഇതിനുള്ള നീക്കം തുടങ്ങി. നല്ല ദിശയിലാണ് കാര്യങ്ങള്‍ പോയത്. കൊല്ലത്ത് മെമു ഷെഡ് നിര്‍മിച്ചു. എന്നാല്‍, ജീവനക്കാരുടെ എണ്ണം പരിമിതമാണ്. മെമു ഓടിക്കാനുള്ള ലൈന്‍കപ്പാസിറ്റിയും ഇല്ല. ദീര്‍ഘദൂരവണ്ടികള്‍ കൊണ്ട് കേരളത്തിലെ പാതകള്‍ കുത്തിനിറച്ചിരിക്കുകയാണ്. ഇതിനുള്ള പരിഹാരമൊന്നും ആരും ആലോചിക്കുന്നില്ല. ചര്‍ച്ച ചെയ്യുന്നില്ല.ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം വേണമെന്ന് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടവരെ അറിയിക്കാറുണ്ടെങ്കിലും അതിനുള്ള സമ്മര്‍ദങ്ങളൊന്നും ഉണ്ടായില്ല. ഇതിനൊന്നും വലിയ ചെലവില്ല. ചെലവ് സംസ്ഥാനം കൂടി വഹിക്കണമെന്നേയുള്ളൂ. ഇതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നെങ്കില്‍ നടക്കുമായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെയുള്ള പദ്ധതികളാണ് ഇപ്പോള്‍ റെയില്‍വേ ആവിഷ്‌കരിക്കുന്നത്. ഈ തലത്തിലുള്ള നിര്‍ദേശങ്ങളോട് സംസ്ഥാനം പോസിറ്റീവായി പ്രതികരിച്ചിട്ടില്ല. ലൈന്‍ കപ്പാസിറ്റി കൂട്ടാതെ പുതിയ ട്രെയിന്‍ വന്നിട്ട് കാര്യമില്ല. ഓടിത്തുടങ്ങിയ മെമുവിന്റെ അവസ്ഥയും ഇതു തന്നെ. സാധാരണ ട്രെയിന്‍ രണ്ട് ട്രിപ്പ് ഓടിക്കുന്ന റൂട്ടില്‍ അതേസമയം കൊണ്ട്, മെമു നാല് ട്രിപ്പ് ഓടിക്കാമെന്നാണ് കണക്ക്. കൂടുതല്‍ മെമു സര്‍വീസ് വന്നാല്‍ യാത്രാ തിരക്ക് കുറയും. ഇപ്പോള്‍ തുടങ്ങിയ മെമു സര്‍വീസ് തന്നെ വേണ്ടവിധം ഓടിക്കാന്‍ കഴിയുന്നില്ല. ലൈന്‍കപ്പാസിറ്റി കുറവ് തന്നെയാണ് പ്രധാന തടസ്സം.പാത ഇരട്ടിപ്പിക്കലാണ് മറ്റൊരു വിഷയം. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കാത്തതിനാല്‍ ഇപ്പോഴും ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമി കിട്ടിയ സ്ഥലങ്ങളില്‍ മണ്ണ് കിട്ടാനില്ല. മണ്ണെടുക്കാന്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല. ഇതിനെല്ലാം രാഷ്ട്രീയമായ സമവായം വേണം. റെയില്‍വേ വിചാരിച്ചാല്‍ മാത്രം മണ്ണെടുക്കാന്‍ കഴിയില്ല. വൈദ്യുതീകരണം നടത്തിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം-കന്യാകുമാരി പാത ഇപ്പോഴും ഇരട്ടിപ്പിച്ചിട്ടില്ല. ഇരട്ടിപ്പിക്കാത്ത ഈ പാതയിലേക്ക് മെമു സര്‍വീസ് നീട്ടുമെന്നാണ് പ്രഖ്യാപനം. പാത ഇരട്ടിപ്പിക്കാതെ മെമു സര്‍വീസ് നടത്തിയാല്‍ അതൊരു പ്രദര്‍ശന ഓട്ടം മാത്രമാകും. മെമു കൊണ്ടുള്ള ഉദ്ദേശ്യം നടക്കില്ല. യാത്രക്കാര്‍ക്ക് മെമുവിനോടുള്ള താത്പര്യം ഇല്ലാതാക്കാനേ കഴിയൂ.

കൊച്ചുവേളി ടെര്‍മിനലിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമവും ഉണ്ടായിട്ടില്ല. കൊച്ചുവേളി കൊണ്ട് കാര്യമില്ലെന്നാണ് ചിലരുടെ വാദം. നേമത്ത് വേണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. പ്ലാറ്റ്‌ഫോം ഒരിടത്തും മെയിന്റനന്‍സ് മറ്റൊരിടത്തും നടക്കില്ല. പുനലൂര്‍-ചെങ്കോട്ട ഗേജ് മാറ്റം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. തമിഴ്‌നാട്ടിലെ വര്‍ക്ക് തീര്‍ന്നു. ഇവിടെ ചുരുങ്ങിയത് ഇനിയും മൂന്ന് വര്‍ഷമെടുക്കും. ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. നിലവിലുള്ള ഒരു ലൈന്‍ നഷ്ടപ്പെട്ട അവസ്ഥയാണ്. അത് നിര്‍മിക്കുന്നതിന് പകരം പുതിയ പാതകള്‍ ചോദിച്ചു കൊണ്ടിരിക്കുകയാണ്. ശബരി പാതയെക്കുറിച്ചാണ് ഇപ്പോഴും സംസാരിക്കുന്നത്. ശബരി പാത പാഴ്‌വേലയാണെന്നാണ് എന്റെ പക്ഷം.