Connect with us

Malappuram

പാരമ്പര്യത്തിന്റെ പകിട്ടില്‍ നാട്ടുമൗലിദിന് നാളെ തുടക്കം

Published

|

Last Updated

താനൂര്‍: താനൂര്‍ തീരപ്രദേശത്തിന്റെ സൗഹാ ര്‍ദം വിളംബരം ചെയ്യുന്ന നാട്ടുമൗലിദിന് നാളെ തുടക്കം. പിണക്കങ്ങളും പരിഭവങ്ങളും മറന്ന് തീരവാസികള്‍ ഒത്തുകൂടുന്നതാണ് നാട്ടുമൗലിദിനെ വ്യത്യസ്തമാക്കുന്നത്.
ഇത്തവണയും വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടുന്ന നാട്ടുമൗലിദ് പ്രാര്‍ഥനയിലുപരി തീരദേശത്ത് സമാനതകളില്ലാത്ത കാഴ്ചയാകുകയാണ്. സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വേദി കൂടിയായതിനാല്‍ കടലോരവാസികള്‍കളുടെ ആഘോഷമായി നാട്ടുമൗലിദ് മാറുന്നു. നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളും അവരുടെ കുടുംബാംഗങ്ങളും ഒന്നിച്ചണിനിരക്കുന്ന അസുലഭ ദിവസങ്ങള്‍ കൂടിയാണ് താനൂരുകാര്‍ക്ക് ഇനിയുള്ള ദിനങ്ങള്‍.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തീരദേശത്തെ മത്സ്യതൊഴിലാളികളുടെ ഓല വീടുകള്‍ ഒന്നടങ്കം പതിവായി അഗ്നിക്കിരായായപ്പോള്‍ ഭീതിയിലായ നാട്ടുകാരണവന്മാര്‍ മഹാരഥന്മാരായ വെളിയങ്കോട് ഉമര്‍ഖാസിയേയും അവുക്കോപ്പാപ്പയേയും സമീപിച്ചതിനെ തുടര്‍ന്ന് അവര്‍ പ്രതിവിധി നിര്‍ദേശിക്കുകയായിരുന്നു. അന്നു തുടങ്ങി, തുടര്‍ന്ന് പോരുന്ന ആചാരം തലമുറകള്‍ കൈമാറി തീരവാസികള്‍ ഇന്നും നടത്തിപ്പോരുന്നു.ഒട്ടുംപുറം, റഹ്മാന്‍ ബീച്ച്, ആല്‍ബസാര്‍, കോര്‍മന്‍ കടപ്പുറം, ത്വാഹാ ബീച്ച്, എളാരം ബീച്ച്, താനൂര്‍ ടൗണ്‍ വാഴക്കതെരുവ്, എടക്കടപ്പുറം, സി ആര്‍ ബീച്ച്, അഞ്ചുടി, പുതിയ കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലുള്ള വീടുകളിലും പള്ളികളിലും ഓഫീസുകളിലുമാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന മൗലിദ് നടത്താറുള്ളത്. ഓരോ മേഖലകളായി തിരിച്ച് വ്യാഴാഴ്ചകളില്‍ മാത്രമാണ് മൗലിദ് നടക്കാറുള്ളത്. രാവിലെ തന്നെ തുടങ്ങുന്ന ഒരുക്കങ്ങള്‍ അവസാനിക്കുന്നത് രാത്രി വരെ നീളുന്ന പ്രാര്‍ഥനയോടെയാണ്. മന്‍ഖുസ്, രിഫാഈ, ശറഫല്‍ അനാം തുടങ്ങിയ മൗലിദുകളും അശ്‌റഖ ബൈത്തുമാണ് പാരായണം ചെയ്യാറുള്ളത്. ദുരിതവും വറുതിയും മറന്ന് ജീവിതം കരുപിടിപ്പിക്കാനുള്ള നീക്കത്തിനിടയില്‍ തീരദേശ വാസികളുടെ ഈ കൂട്ടായ്മ, സാഹോദര്യത്തിന്റെ സന്ദേശമാണ് മുഴക്കുന്നത്.