Connect with us

Malappuram

വെന്നിയൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുന്നു

Published

|

Last Updated

തിരൂരങ്ങാടി: വെന്നിയൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ദേശീയ പാതയില്‍ വെന്നിയൂര്‍ അങ്ങാടിക്ക് സമീപം കെഎസ് ഇ ബിക്ക് ലഭിച്ച 3.46 ഏക്കര്‍ സ്ഥലത്തെ കെട്ടിടത്തിലേക്കാണ് ഓഫീസ് മാറ്റുന്നത്.
കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്‌സിന്റെ സ്ഥലമായിരുന്നു ഇത്.വൈദ്യുതികളില്‍ കുടിശ്ശിക ഇനത്തില്‍ സ്റ്റീല്‍ കോംപ്ലക്‌സ് അടക്കാനുള്ള ഭീമമായ തുകക്ക് പകരമായിട്ടാണ് ഈ സ്ഥലവും എറണാകുളം മറൈന്‍ ഡ്രൈവിലെ സ്ഥലവും കെ എസ് ഇ ബിക്ക് ലഭിച്ചത്. വെന്നിയൂരിലെ സ്ഥലത്ത് സ്റ്റീല്‍ കമ്പനി ഉണ്ടായിരുന്നു. ഏതാനും വര്‍ഷം മുമ്പ് കെ എസ് ഇ ബിക്ക് ലഭിച്ച ഈ സ്ഥലത്ത് നിലവില്‍ രണ്ട് നില കെട്ടിടമുണ്ട്. കെ എസ് ഇ ബി ഓഫീസ് മാറ്റുന്നതിന്റെ ഭാഗമായി കെട്ടിടത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. ബില്‍ കൗണ്ടറും മറ്റും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.എത്രയും പെട്ടെന്ന് ഓഫീസ് ഇങ്ങോട്ട് മാറ്റാനുള്ള ഒരുക്കത്തിലാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍.
വെന്നിയൂര്‍ അങ്ങാടിക്ക് സമീപം വര്‍ഷങ്ങളായി വാടക കെട്ടിടത്തിലാണ് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വെന്നിയൂര്‍, തെയ്യാല, പാണ്ടിമുറ്റം, പാണ്ടികശാല, കോഴിച്ചെന, കരുമ്പില്‍ ഭാഗങ്ങളില്‍ നിന്നായി 18000 ലേറെ ഉപഭോക്താക്കളാണ് സെക്ഷന്‍ പരിധിയിലുള്ളത്.ഓഫീസില്‍ 27 ജീവനക്കാരുണ്ട്.

---- facebook comment plugin here -----

Latest