Connect with us

Articles

ഈ മനുഷ്യനെ കരിമ്പട്ടികയില്‍ പെടുത്തും മുമ്പ്

Published

|

Last Updated

2009110551650101തികച്ചും സദുദ്ദേശ്യപരമായിരുന്നു ആ പ്രസംഗം. ആരെയും അപമാനിക്കാനോ അവമതിക്കാനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് വ്യക്തം. പറഞ്ഞിട്ടെന്ത്? വിവാദ വ്യവസായം തഴച്ചുവളരുന്ന കേരളത്തില്‍ ആ ഉദ്ദേശ്യശുദ്ധിയൊന്നും വിലപ്പോകില്ല. മാധ്യമങ്ങള്‍ക്കിട്ട് അലക്കാന്‍ പുതിയ പുതിയ വിഷയങ്ങള്‍ വേണം. അതിനായി വിവാദങ്ങള്‍ സൃഷ്ടിക്കണം. പ്രതികരണത്തിനെന്ന പേരില്‍ ന്യൂസ് റൂമുകളില്‍ ആളെ വിളിച്ചുവരുത്തി കുറ്റവിചാരണ ചെയ്യണം. ക്ഷണിച്ചുവരുത്തിയ വ്യക്തിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാതെ അയാളുടെ മേക്കിട്ട് കയറണം. അയാള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് അവതാരകന്‍ വിധി പറയുന്നതോടെ സംഗതി കുശാല്‍. വിഷയം നിയമസഭക്കകത്ത് ചര്‍ച്ച ചെയ്ത് കരിമ്പട്ടികയില്‍ ചേര്‍ക്കുന്നതോടെ വിഷയം പര്യവസാനിക്കുന്നു.
ഡോ. രജിത് കുമാര്‍ തന്നെയാണ് വിഷയം. വിദ്യാഭ്യാസ വകുപ്പിന്റെ മുല്യബോധനയാത്രയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം ചാനല്‍ പുണ്യാളന്മാരെയും സ്ത്രീവാദികളെയും പ്രകോപിപ്പിച്ചു. പ്രഭാഷണം “സഹിക്കവയ്യാതെ” ആര്യയെന്ന പെണ്‍കുട്ടി ഉറക്കെ കൂവി. ജെ ദേവികയും സുഗതകുമാരിയുമടക്കമുള്ളവര്‍ അവര്‍ക്ക് അഭിനന്ദനവുമായെത്തി. ഇനിയും ഈ കൂട്ടത്തില്‍ നിന്ന് ആര്യമാരുണ്ടാകട്ടെ എന്നവര്‍ ആശംസിച്ചു. മെയില്‍ ഷോവനിസ്റ്റുകളല്ലെന്ന് തെളിയിക്കാന്‍ പെടാപ്പാട് പെടുന്ന ചില പുരുഷകേസരികളും ആര്യയെ വീരനായികയായി വാഴ്ത്തി. രജിത്കുമാറിന്റെ “സര്‍ക്കാര്‍ വിലാസം സദുദ്ദേശ്യ”ത്തിന്റെ കട പൂട്ടിച്ചേ അവര്‍ അടങ്ങിയുള്ളൂ. പ്രസംഗം നേരെ ചൊവ്വെ കേള്‍ക്കാത്ത ചില നിയമസഭാ സാമാജികരും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ രജിത് കുമാര്‍ കരിമ്പട്ടികയിലായി.
ഇത്രക്ക് പ്രകോപിതരാകാന്‍ മാത്രം എന്തായിരുന്നു രജിത് കുമാറിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്? ആ വാക്കുകള്‍ ഇങ്ങനെ സംഗ്രഹിക്കാം: ഒരു പെണ്‍കുട്ടിയിലേക്ക് പുരുഷന് ശുക്ലം നിക്ഷേപിക്കാന്‍ പത്ത് മിനുട്ട് മതിയാകും. ആ ഭാരം ഇറക്കി വെക്കാന്‍ പെണ്‍കുട്ടിക്ക് 10 മാസം വേണ്ടിവരും. ആണ്‍കുട്ടികള്‍ പടികള്‍ ചാടിയിറങ്ങുന്നതു പോലെ, പെണ്‍കുട്ടികള്‍ ഇറങ്ങിയാല്‍ തെന്നി നട്ടെല്ലിടിച്ചു വീഴും. അപ്പോള്‍ ഗര്‍ഭപാത്രം തെന്നിപ്പോകും. അങ്ങനെ വന്നാല്‍, അത് യഥാസ്ഥാനത്ത് പുനഃപ്രതിഷ്ഠിക്കാന്‍ മൂന്ന് ലക്ഷമോ അതിലധികമോ ചെലവാക്കേണ്ടിവരും.”” ആ വാക്കുകള്‍ ആവര്‍ത്തിച്ചു കേട്ടിട്ടും ബോധ്യമാകാത്തതിതാണ്: ഇതിലെവിടെയാണ് കുഴപ്പമുള്ളത്? ഈ ജൈവശാസ്ത്ര യാഥാര്‍ഥ്യത്തില്‍ എന്താണിത്ര വിമര്‍ശിക്കപ്പെടേണ്ടതായുള്ളത്? ഒരു മനുഷ്യനെ കരിമ്പട്ടികയില്‍ പെടുത്തി അപമാനിക്കാന്‍ ഭരണകൂടത്തെ ധൃഷ്ടമാക്കാന്‍ മാത്രം എന്ത് മാത്രം പ്രകോപനമാണുണ്ടായത്?
രജിത് കുമാര്‍ പറഞ്ഞ വിഷയത്തിലേക്ക് വരാം. പുരുഷന് രതിമൂര്‍ച്ഛ സംഭവിക്കാന്‍ പത്ത് മിനുട്ട് മതിയെന്നത് രജിത് കുമാറിന്റെ കണ്ടുപിടിത്തമല്ല. ആ രതിമൂര്‍ച്ഛക്കൊടുവില്‍ സംഭവിക്കുന്ന ശുക്ല സ്ഖലനമാണ് സ്ത്രീക്ക് മാതൃത്വത്തിലേക്ക് വഴി തുറക്കുന്നത്. ഗര്‍ഭകാലം പത്ത് മാസമാണെന്നത് മനസ്സിലാക്കാന്‍ പ്രസവിക്കണമെന്നില്ലല്ലോ. സ്ത്രീപുരുഷ ശാരീരിക ക്ഷമതയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും പുതിയതല്ല. ആധുനിക വൈദ്യശാസ്ത്രം ശരിവെച്ചതാണ് അതത്രയും. പുരുഷന്മാര്‍ ഏറ്റെടുക്കുന്ന എല്ലാ ജോലികളും ഏറ്റെടുത്ത് നടത്താന്‍ സ്ത്രീകള്‍ പ്രാപ്തരാണെന്നും ശാരീരികമായി അവര്‍ക്കതിന് തടസ്സമില്ലെന്നും മുഴുത്ത സ്ത്രീവാദികള്‍ പോലും ഉന്നയിക്കാനിടയില്ലാത്ത ന്യായമാണ്. സമത്വം പറയാന്‍ എളുപ്പമാണെങ്കിലും യാഥാര്‍ഥ്യം അതല്ലെന്ന് പറയുന്നവര്‍ക്ക് പോലും അറിയാവുന്നതാണല്ലോ. പിന്നെന്തിന് സ്ത്രീവിമോചനക്കാരനും ചാനലുകാരനും പ്രകോപിതരാകണം? എന്തിന് സര്‍ക്കാര്‍ രജിത് കുമാറിനെ കരിമ്പട്ടികയില്‍ പെടുത്തണം?
അല്ലെങ്കില്‍, ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറയാനും പ്രസിദ്ധീകരിക്കാനും പാടില്ലെന്നാണോ? അങ്ങനെയെങ്കില്‍ ഇത്തരം “നഗ്ന യാഥാര്‍ഥ്യങ്ങള്‍” പ്രസിദ്ധീകരിച്ച, എത്രയെത്ര പുസ്തകങ്ങളും പുസ്തകശാലകളും ഇവിടെ കരിമ്പട്ടികയില്‍ പെടുത്തേണ്ടിവരും?
സ്ത്രീകള്‍ അടങ്ങിയൊതുങ്ങിയും പക്വതയോടെയും പെരുമാറണമെന്ന ഖുര്‍ആന്‍ ആശയം പ്രഭാഷണത്തിനിടെ മുന്നോട്ട് വെക്കുന്നുണ്ട് ഡോ. രജിത് കുമാര്‍. ഖുര്‍ആന്‍, ഗീത, ബൈബിള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെ അവലംബിച്ച് അദ്ദേഹം തയ്യാറാക്കിയ കൃതികള്‍ മതവിജ്ഞാനീയങ്ങളില്‍ അദ്ദേഹം തത്പരനാണെന്ന് വ്യക്തമാക്കുന്നുണ്ട്. ചാനല്‍ മുറിയിലെ “കുറ്റവിചാരണ”യില്‍ അവതാരകനോട് അദ്ദേഹം ഇക്കാര്യവും വിശദീകരിക്കുന്നുണ്ട്. “”അമ്മയാകാനാഗ്രഹിക്കുന്ന, കുടുംബജീവിതം ഉദ്ദേശിക്കുന്ന പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട വിഷയമെന്ന നിലയിലാണ് പ്രഭാഷണത്തില്‍ പടിയിറക്കത്തിന്റെ പരാമര്‍ശമുണ്ടായത്. പെണ്‍കുട്ടികളുടെ ജീവിതം ശ്രദ്ധയോടെ മുന്നോട്ട് പോകണമെന്ന് എല്ലാ വേദങ്ങളും അനുശാസിക്കുന്നുണ്ട്. രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ തന്റെ പ്രഭാഷണം ശ്രദ്ധിച്ചിട്ടുണ്ട്. അവരിലാര്‍ക്കും അത് പ്രകോപനപരമായോ വസ്തുതാവിരുദ്ധമായോ അനുഭവപ്പെട്ടിട്ടില്ല.”” തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിന്ന് അഞ്ചോ ആറോ വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കിയവരോട് അതിന് മുമ്പും ശേഷവുമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നുമുണ്ട്. തിരുവനന്തപുരത്തെ ഒരേയൊരു പെണ്‍കുട്ടിയുടെ പ്രതിഷേധത്തെ മുന്‍നിര്‍ത്തി പടക്കിറങ്ങിയവരില്‍ മിക്കവരും ആ പ്രസംഗം പൂര്‍ണമായി ശ്രദ്ധിച്ചിരുന്നില്ലെന്നത് വ്യക്തമാണ്. ചാനല്‍ ആവര്‍ത്തിച്ചുകേള്‍പ്പിച്ച അഞ്ച് വാചകങ്ങള്‍ക്കപ്പുറം രജിത്കുമാറിനെ ശ്രദ്ധിക്കുകയോ ശ്രവിക്കുകയോ ചെയ്യാത്തവരാണ് വാക്കത്തിയുമായിറങ്ങി സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ഒരു പ്രഭാഷണം സ്ത്രീവിരുദ്ധമാകുന്നതെപ്പോഴാണ്? അത് സ്ത്രീകളെ അപഹസിക്കുന്നതോ താഴ്ത്തിക്കെട്ടുന്നതോ വേദനിപ്പിക്കുന്നതോ ആയിരിക്കണമെന്നാണ് സാധാരണ മനസ്സിലാക്കിയിട്ടുള്ള ഉത്തരം. പുതിയ നിയമങ്ങള്‍ വായിക്കുമ്പോള്‍ ആര്‍ക്കും തോന്നാവുന്ന ചില സംശയങ്ങള്‍ നിയമസഭാ സാമാജികര്‍ തന്നെ പങ്ക് വെച്ചിട്ടുണ്ട്. കേരള നിയമസഭ ഇപ്പോള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്‍ പ്രകാരം കോങ്കണ്ണുള്ളവര്‍ നോക്കുന്നത് തങ്ങളെയാണെന്ന് സ്ത്രീകള്‍ തെറ്റിദ്ധരിച്ചാല്‍ അതും പീഡനത്തിന്റെ പരിധിയില്‍ വരുമോ എന്ന ഡൊമനിക് പ്രസന്റേഷന്റെ സംശയം തല്‍ക്കാലം നമുക്ക് മാറ്റിവെക്കാം. സ്ത്രീത്വത്തെ അവമതിക്കുന്നതൊന്നും ഡോക്ടറുടെ പ്രഭാഷണത്തിലുണ്ടായിരുന്നില്ലെന്നത് കേട്ടവര്‍ക്കെങ്കിലും മനസ്സിലായിട്ടുണ്ട്. എന്നിട്ടുമെന്തേ ഈ പുകിലും പുക്കാറും?
ഡല്‍ഹി പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തിന് ശേഷം ഇന്ത്യയിലെ സ്ത്രീജനങ്ങള്‍ കുറേ കൂടി ജാഗ്രതയുള്ളവരായി മാറിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ്സില്‍ ഇടക്കിടെയുണ്ടാകുന്ന കലപിലകളും സ്ത്രീജനങ്ങളുടെ തട്ടിക്കയറലും ഈ ജാഗ്രത ശരിവെക്കുന്നുണ്ട്. നല്ലത് തന്നെ. എന്നാല്‍, ഇത്തരം ബാഹ്യമായ പ്രതികരണങ്ങള്‍ക്കപ്പുറം ചതിയിടങ്ങള്‍ സൂക്ഷിച്ചുനീങ്ങാനുള്ള ക്രിയാത്മക ജാഗ്രത അവരുടെ ഭാഗത്തുനിന്നുണ്ടായതായി സൂചനകള്‍ വാര്‍ത്തകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ലഭ്യമല്ല. ഡല്‍ഹി സംഭവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ആര്‍ എസ് എസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞ കാര്യം സ്ത്രീകള്‍ അവരുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് ജീവിക്കണമെന്നാണ്. രാജ്യത്തെ പ്രമുഖ മതനേതാക്കളില്‍ പലരും സമാനമായ അഭിപ്രായം മുന്നോട്ട് വെച്ചപ്പോള്‍ സ്ത്രീകളെ മൂലക്കിരുത്തുന്നതില്‍ മതമേധാവികള്‍ക്ക് ഒരേ മനസ്സാണ് എന്ന് പ്രഖ്യാപിച്ച പുരോഗമന പ്രസ്ഥാനക്കാരും സ്ത്രീവാദികളും തന്നെയാണ് രജിത് കുമാറിന്റെ പ്രസ്താവനയിലും ദുരദ്ദേശ്യം കണ്ടെത്തിയത്. ഇവര്‍ ഇനിയും വിശദീകരണം നല്‍കേണ്ട ചോദ്യം, രജിത്കുമാറിന്റെ പ്രഭാഷണത്തില്‍ ന്യായത്തിനും ബുദ്ധിക്കും നിരക്കാത്തതെന്താണുള്ളത്? ഇങ്ങനെ ഉപദേശിക്കാനിറങ്ങുന്നവരെ മുഴുവന്‍ കരിമ്പട്ടികയിലുള്‍പ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയാല്‍ കേരളത്തിലെ ഏത് രക്ഷിതാവാണ് അതിന്റെ പുറത്ത് നില്‍ക്കാനുണ്ടാകുക? ഈ മാനദണ്ഡം വെച്ചുനോക്കുമ്പോള്‍, ഏറെക്കുറെ എല്ലാ മാതാപിതാക്കളെയും (പ്രത്യേകിച്ച് മാതാക്കളെ) കരിമ്പട്ടികയില്‍ പെടുത്തേണ്ടിവരും. കാരണം, പെണ്‍കുട്ടികളോട് അവരുടെ ശരീര പ്രകൃതിയും സുരക്ഷയും കണക്കിലെടുത്ത് അതിനനുസരിച്ച് ജീവിക്കണമെന്ന് ഉപദേശിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും.
വീട്ടില്‍ വളരുന്ന ആണ്‍കുട്ടിയോടും പെണ്‍കുട്ടിയോടും തല്യസ്‌നേഹമായിരിക്കുമെങ്കിലും അവരോടുള്ള സമീപനങ്ങളില്‍ രക്ഷിതാക്കള്‍ വ്യത്യസ്തത പുലര്‍ത്തുന്നത് കാണാന്‍ കഴിയും. ആണ്‍കുട്ടികളെ “കയറൂരി” വിടുമ്പോള്‍, പെണ്‍കുട്ടികള്‍ക്ക് അത്രത്തോളം സ്വാതന്ത്ര്യമനുവദിക്കാറില്ല ഒരു രക്ഷിതാവും. നേരം ഇരുട്ടിയാല്‍, ആണ്‍കുട്ടി വീടണുയുന്നത് അല്‍പ്പം വൈകിയാലും അല്‍പ്പമൊക്കെ സഹിക്കും. എന്നാല്‍, പെണ്‍കുട്ടി വൈകിയാല്‍ അമ്മയുമച്ഛനും അതിനേക്കാള്‍ അസ്വസ്ഥരാകുന്നതും സ്വാഭാവികം. ആണ്‍കുട്ടികളെ ഗുണദോഷിക്കുന്നതിനേക്കാളേറെ പെണ്‍കുട്ടികളെയാണ് ഗുണദോഷിക്കാറുള്ളത്. അവളുടെ ശാരീരിക വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും രക്ഷിതാവ്, പ്രത്യേകിച്ചും മാതാവ് ഇടപെടുന്നത് സ്വാഭാവികമാണ്. അത് അത്യാവശ്യവുമാണ്. രജസ്വലയാകുന്നതോടെ പെണ്‍കുട്ടികളിലുണ്ടാകുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. അത് വരെ തുള്ളിച്ചാടിയിരുന്നവര്‍ “പെണ്ണാകുന്നതോടെ” ചില അടക്കങ്ങളിലേക്കും അകല്‍ച്ചകളിലേക്കും തെന്നിമാറുന്നു. അത് വീട്ടിലെ ഇടപെടലുകളുടെ കൂടി ഫലമായുണ്ടാകുന്നതാണ്. രക്ഷിതാക്കളുടെ ഈ ഇടപെടലുകള്‍ പെണ്‍മക്കളെ അവമതിക്കാനുദ്ദേശിച്ചുള്ളതല്ല. ചില യാഥാര്‍ഥ്യങ്ങള്‍ അവരിലേക്ക് പകരുക മാത്രമാണ് ലക്ഷ്യമെന്ന് സ്പഷ്ടം. ചതിയിടങ്ങള്‍ ശ്രദ്ധിക്കാന്‍ അവളെ പ്രാപ്തയാക്കുകയുമാണ് ലക്ഷ്യം.
ഗര്‍ഭിണിയുടെ കാര്യത്തില്‍ വീട്ടുകാര്‍ പുലര്‍ത്തുന്ന ശ്രദ്ധയും ഇതോട് ചേര്‍ത്ത് വായിക്കണം. “അടങ്ങിയൊതുങ്ങി” വീട്ടിലിരിക്കാന്‍ ഭര്‍ത്താവോ ബന്ധുക്കളോ ഗര്‍ഭിണിയോട് പറയുന്നതിന്റെ താത്പര്യം അവരെ മൂലക്കിരുത്താനാണെന്ന് ബുദ്ധിയുള്ളവര്‍ പറയുമോ? കൗമാര കാലത്തും യൗവനത്തിലും സ്ത്രീകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതെന്തെല്ലാമെന്ന് വിശദീകരിക്കുന്ന എത്രയേറെ പുസ്തകങ്ങളാണ് വിപണിയിലുള്ളത്? അതെല്ലാം ദുരുപദിഷ്ടിതമാണെന്ന് ആര്‍ക്കാണ് പറയാനാകുക? അതിലുപരി വിവാദമാക്കാന്‍ പാകത്തില്‍ എന്ത് വിഭവമാണ് രജിത് കുമാറിന്റെ പ്രഭാഷണത്തിലുണ്ടായിരുന്നത്? താന്‍ നടത്തിയ ഓരോ പരാമര്‍ശവും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചിട്ടുമുണ്ട്.
രജിത് കുമാര്‍ വേദിയറിഞ്ഞ് സംസാരിച്ചില്ലെന്നാണ് “ചാനല്‍ ജഡ്ജി” പ്രഖ്യാപിച്ചുകേട്ടത്. സ്ത്രീകള്‍ പാലിക്കേണ്ട ആരോഗ്യപരമായ അച്ചടക്കങ്ങള്‍ വിശദീകരിക്കേണ്ടത് പുരുഷ സദസ്സിലാണോ എന്ന് ഡോക്ടര്‍ തിരിച്ചു ചോദിക്കാത്തത് ഭാഗ്യമായി. ഈ സ്ത്രീസവിശേഷതയായ ഗര്‍ഭപാത്രത്തെക്കുറിച്ച് പുരുഷന്‍ സംസാരിച്ചതാകുമോ പ്രശ്‌നമായത്? ഗര്‍ഭപാത്രത്തെയും അതിന്റെ സുരക്ഷിതത്വത്തെയും കുറിച്ച് പുരുഷന്‍ സംസാരിച്ചുകൂടെന്ന് ഏതെങ്കിലും നിയമപുസ്തകത്തിലുള്ളതായി അറിവില്ല. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം അത് കുറ്റകരമാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നിട്ടുമെന്തിനായിരുന്നു രജിത് കുമാറിനെതിരായ ബഹളങ്ങള്‍? പെണ്‍കുട്ടികളുടെ സദസ്സിനു മുമ്പാകെ ഒരു മനഃശാസ്ത്ര വിദഗ്ധന്‍ ഇന്നതേ പറയാവൂ എന്നുണ്ടോ? ക്ലാസ് റൂമില്‍ അധ്യാപകന്‍ ഒരു വിഷയത്തെക്കുറിച്ച് ക്ലാസെടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടതെല്ലാം അയാള്‍ക്ക് പറയേണ്ടിവരും. ഇന്ത്യന്‍ ശില്‍പ്പങ്ങളെയും ചിത്രകലയെയും കുറിച്ച് പഠിപ്പിക്കുമ്പോള്‍ “ഖജുരാഹോ” ചാടിക്കടക്കാനാകില്ല. വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ “ശരീരം” വിശദീകരിക്കുമ്പോള്‍ തലയും കഴുത്തും കഴിഞ്ഞ് നേരെ കാലിലേക്ക് ചാടിയിറങ്ങാനാകുമോ? അതിനിടയിലുള്ള അവയവങ്ങള്‍ വിശദീകരിക്കുന്നതിന് സര്‍ക്കാറിന്റെയോ ഫെമിനിസ്റ്റ് പ്രസ്ഥാനക്കാരുടെയോ “നോ ഒബ്ജക്ഷന്‍” സര്‍ട്ടിഫിക്കറ്റ് വേണ്ടിവരുമോ വരും കാലത്ത്? കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ആ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

mdalikinalur@gmail.com