ബംഗാളിന് മുന്നില്‍ കര്‍ണാടക വീണു

Posted on: February 24, 2013 9:09 am | Last updated: February 24, 2013 at 9:09 am

കൊല്ലം:സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ പ്രാഥമിക റൗണ്ടില്‍ ഗോള്‍വര്‍ഷം നടത്തിയ കര്‍ണാടകക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പശ്ചിമബംഗാളിന് മുന്നില്‍ കാലിടറി (0-1). ആദ്യ മത്സരത്തില്‍ പഞ്ചാബ് 3-0ന് മണിപ്പൂരിനെ തകര്‍ത്തു.

ആദ്യപകുതിയുടെ 32-ാം മിനുട്ടിലാണ് പശ്ചിമബംഗാള്‍ കര്‍ണാടകയുടെ ഗോള്‍കീപ്പര്‍ ശരത്‌നാരായണനെ കബളിപ്പിച്ച് ഗോള്‍വലയിലേക്ക് പന്ത് പായിച്ചത്. ബംഗാളിന്റെ ആറാം നമ്പര്‍ കളിക്കാരന്‍ ഫ്രാന്‍സിസ് സേവ്യര്‍ എടുത്ത കോര്‍ണര്‍ കിക്ക് ഒമ്പതാം നമ്പര്‍ താരം നബിന്‍ ഹേല ഹെഡ്ഡറിലൂടെ മനോഹരമായ ഗോളാക്കുകയായിരുന്നു. ( 1-0). ഗോള്‍ മടക്കാന്‍ കളിയുടെ രണ്ടാം പകുതിയില്‍ കര്‍ണാടകയുടെ താരങ്ങള്‍ വിയര്‍ത്തുകളിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
കളിയിലുടനീളം പശ്ചിമബംഗാളിന്റെ കരുത്തരായ താരങ്ങള്‍ മേധാവിത്വം പുലര്‍ത്തി. ബംഗാളിന്റെ സുദൃഢമായ പ്രതിരോധവലയം കര്‍ണാടകയുടെ മുന്നേറ്റങ്ങളെ നിഷ്പ്രഭമാക്കി. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ കര്‍ണാടകയുടെ ഏഴാം നമ്പര്‍ വി വിഘ്‌നേഷ് മൈതാന മധ്യത്ത് നിന്ന് നീട്ടിയടിച്ച ഷൂട്ട് ഗോള്‍പോസ്റ്റും കടന്ന് പുറത്ത്‌പോയി. ഫൗള്‍ കളിച്ചതിന് തുടക്കത്തില്‍ തന്നെ കര്‍ണാടകയുടെ വി സ്റ്റീഫന് മഞ്ഞക്കാര്‍ഡും കാണേണ്ടി വന്നു. ബംഗാളിന്റെ ഗോള്‍മുഖത്ത് ഒരവസരത്തില്‍ കര്‍ണാടക നടത്തിയ കൂട്ടപ്പൊരിച്ചില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. കര്‍ണാടകയുടെ എട്ടാം നമ്പര്‍ എം ലോകേഷ് ബംഗാളിന്റെ ഗോള്‍വലയെ ലക്ഷ്യമാക്കി വിട്ട ഹെഡ്ഡറും ഫലം ചെയ്തില്ല.
23-ാം മിനുട്ടില്‍ ബംഗാളിന്റെ എട്ടാം നമ്പര്‍ താരം സൗമിക് റോയ് നടത്തിയ മുന്നേറ്റം കര്‍ണാടകയുടെ പ്രതിരോധത്തില്‍ തകര്‍ന്നു. 25-ാം മിനുട്ടില്‍ കര്‍ണാടകയുടെ പത്താം നമ്പര്‍ എസ് രാജേഷ് അടിച്ച കിക്ക് ബംഗാളിന്റെ ഗോള്‍കീപ്പര്‍ അര്‍ണബ് ദാസ് ശര്‍മ രക്ഷപ്പെടുത്തി. 33-ാം മിനുട്ടില്‍ ബംഗാളിന്റെ ഒമ്പതാം നമ്പര്‍ താരം നബിന്‍ ഹേല വലത് വിംഗില്‍ നിന്ന് നല്‍കിയ ലോംഗ്ഷൂട്ട് ക്രോസ് ബാറും കടന്ന് പുറത്ത് പോയി. കര്‍ണാടകക്കെതിരെ ഒരു ഗോള്‍ വീണതോടെ ഗോള്‍ മടക്കി സമനില കൈവരിക്കാനുള്ള കര്‍ണാടകയുടെ ശ്രമം ഫലിച്ചില്ല. 36-ാം മിനുട്ടില്‍ കര്‍ണാടകയുടെ എട്ടാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ എം ലോകേഷ് ഇടതുകോര്‍ണറില്‍ നിന്ന് നല്‍കിയ കിക്ക് ബംഗാളിന്റെ ഗോളി കൈപ്പിടിയിലൊതുക്കി. രണ്ടാം പകുതിയുടെ അവസാന മിനുട്ടുകളില്‍ ഇരു ടീമുകളും പൊരുതിക്കളിച്ചു. പക്ഷെ, മുഴുവന്‍ സമയം കളിച്ചിട്ടും ഗോള്‍ മടക്കാന്‍ കര്‍ണാടകക്കോ, സ്‌കോര്‍നില ഉയര്‍ത്താന്‍ ബംഗാളിനോ സാധിച്ചില്ല. രണ്ടാം പകുതിയില്‍ കര്‍ണാടക മലയാളി താരം എസ് രാജേഷിന് പകരം 12-ാം നമ്പര്‍ താരം വി വിനോദിനെ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
എട്ട് തവണ സന്തോഷ് ട്രോഫി നേടിയ കരുത്തുമായി കളിക്കളത്തിലിറങ്ങിയ പഞ്ചാബ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മണിപ്പൂരിനെ അടിയറവ് പറയിപ്പിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായി പഞ്ചാബിന്റെ 12-ാം നമ്പര്‍ കളിക്കാരന്‍ ബാലി ഗഗന്‍ദീപിനെ തിരഞ്ഞെടുത്തു. കളിയുടെ എട്ടാം മിനുട്ടിലാണ് മണിപ്പൂരിനെതിരായി പഞ്ചാബ് ആദ്യഗോള്‍ നേടിയത്. പഞ്ചാബിന്റെ പത്താം നമ്പര്‍ താരം രോഹിത് അടിച്ച കിക്കാണ് ലക്ഷ്യം കണ്ടത്. (1-0). പതിനഞ്ചാം മിനുട്ടില്‍ മണിപ്പൂരിന്റെ ഒമ്പതാം നമ്പര്‍ കുപ്പായക്കാരന്‍ തരന്‍ജിത് സിംഗ് ഗോളാക്കാമായിരുന്ന സുവര്‍ണാവസരം കളഞ്ഞുകുളിച്ചു. ആദ്യപകുതിയില്‍ പഞ്ചാബിന്റെ താരങ്ങളായിരുന്നു കളിയില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചത്. ഇവരുടെ കരുത്തിന് മുന്നില്‍ മണിപ്പൂരിന്റെ കളിക്കാര്‍ക്ക് അടിപതറി.
34-ാം മിനുട്ടിലാണ് പഞ്ചാബിന്റെ രണ്ടാമത്തെ ഗോള്‍ പിറന്നത്. 12-ാം നമ്പര്‍ താരം ബാലി ഗഗന്‍ദീപ് അടിച്ച കിക്കാണ് മണിപ്പൂരിന്റെ ഗോള്‍വല ചലിപ്പിച്ചത്. 11, 13 നമ്പര്‍ താരങ്ങള്‍ നടത്തിയ മുന്നേറ്റമാണ് ഫലപ്രദമായി പ്രയോജനപ്പെടുത്തി ഗഗന്‍ദീപ് ഗോളാക്കിയത്. (2-0). ആദ്യപകുതിയില്‍ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബ് മുന്നിട്ടുനിന്നപ്പോള്‍ ഗോള്‍ മടക്കാന്‍ മണിപ്പൂരിന്റെ താരങ്ങള്‍ രണ്ടാം പകുതിയില്‍ നടത്തിയ നീക്കങ്ങളെല്ലാം പാളി. രണ്ടാം പകുതിയുടെ 28-ാം മിനുട്ടിലാണ് പഞ്ചാബിന്റെ നാലാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ സുഖ്ജിത് സിംഗ് മൂന്നാമത്തെ ഗോള്‍ നേടിയത്. പത്താം നമ്പര്‍ രോഹിത് നല്‍കിയ കോര്‍ണര്‍ കിക്കാണ് സുഖ്ജിത് ഗോളാക്കി മാറ്റിയത്. (3-0). ഒരു തവണ മണിപ്പൂര്‍ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുണ്ട്.
ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗോവ മഹാരാഷ്ട്രയെയും 5.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഝാര്‍ഖണ്ഡ് തമിഴ്‌നാടിനെയും നേരിടും.