ശ്രേഷ്ഠ പദവിയില്‍ സന്തോഷം; അവഗണനയില്‍ ദുഃഖമുണ്ട്: ഒ എന്‍ വി, സുഗതകുമാരി

Posted on: February 24, 2013 8:46 am | Last updated: February 24, 2013 at 8:46 am

തിരുവനന്തപുരം: മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭ്യമാകുന്നതില്‍ സന്തോഷമുണ്ടെന്ന് കവി ഒ എന്‍ വി കുറുപ്പ് പ്രതികരിച്ചു. ക്ലാസിക്കല്‍ പദവിക്കുള്ള അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അത് എത്രയും പെട്ടെന്ന് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേരളം വളരെക്കാലമായി കാത്തിരിക്കുന്ന ഒന്നാണ് മലയാള ഭാഷക്കുള്ള ശ്രേഷ്ഠഭാഷാ പദവിയെന്ന് കവയിത്രി സുഗതകുമാരി പറഞ്ഞു. ഇതു യാഥാര്‍ഥ്യമാകാന്‍ പോകുന്നതില്‍ സന്തോഷമുണ്ട്. രണ്ട് മന്ത്രിസഭകള്‍ തീരുമാനം എടുത്തിട്ടും കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷ ആക്കുന്നത് നടപ്പാക്കാന്‍ സാധിച്ചില്ല.
ക്ലാസിക്കല്‍ പദവി കൈവരുന്നതോടെ ഇതിനെങ്കിലും സാധിക്കണമെന്ന് സുഗതകുമാരി അഭിപ്രായപ്പെട്ടു. ക്ലാസിക്കല്‍ പദവി ലഭിക്കുന്നതോടെ മലയാളം സര്‍വകലാശാലയെ പരിപോഷിപ്പിക്കാനും വിദ്യാര്‍ഥികളില്‍ മലയാള ഭാഷയോട് കൂടുതല്‍ ബഹുമാനം സൃഷ്ടിച്ചെടുക്കാനും സര്‍ക്കാറിനും സാംസ്‌കാരിക വകുപ്പിനും സാധിക്കണം. മലയാള ഭാഷയെ വേണ്ട പോലെ സ്‌നേഹിക്കാന്‍ മലയാളികള്‍ക്ക് കഴിയാത്തതില്‍ ദുഃഖമുണ്ടെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.