വെടിയൊച്ചകള്‍ നിലക്കാതെ മാലി; ഏറ്റുമുട്ടലില്‍ 78 മരണം

Posted on: February 24, 2013 7:28 am | Last updated: February 24, 2013 at 7:28 am

ബമാക്കോ: വടക്കന്‍ മാലിയില്‍ വിമത തീവ്രവാദികളും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. വിമതരുടെ ശക്തികേന്ദ്രമായിരുന്ന മാലിയിലെ അള്‍ജീരിയന്‍ അതിര്‍ത്തി മേഖലയിലാണ് ആക്രമണം നടന്നത്. വിമതരുടെ ഒളികേന്ദ്രങ്ങളില്‍ ചാഡില്‍ നിന്നുള്ള സൈന്യം നടത്തിയ ആക്രമണം രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ 13 സൈനികരും 65 തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈനിക മേധാവികളെ ഉദ്ധരിച്ച് ആഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ മേഖലകളില്‍ നിന്ന് ഫ്രഞ്ച് സൈന്യം പിന്‍വാങ്ങിയതിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നത്. അതിര്‍ത്തി മേഖലയില്‍ മാലി സൈന്യത്തിന്റെ മുന്നേറ്റം തുടരുകയാണ്.
ഫ്രഞ്ച് സൈന്യത്തിന്റെ നേതൃത്വത്തില്‍ വിമത തീവ്രവാദ വിഭാഗങ്ങള്‍ ആധിപത്യം നേടിയ വടക്കന്‍ മാലിയില്‍ കഴിഞ്ഞ മാസം നടന്ന ആക്രമണത്തെ തുടര്‍ന്ന് അള്‍ജീരിയന്‍ പര്‍വത നിരകളിലെ ഒളിസങ്കേതത്തിലേക്ക് പിന്‍വാങ്ങിയ ചെയ്ത തീവ്രവാദികളെ ലക്ഷ്യം വെച്ചാണ് ചാഡിന്റെ സഹായത്തോടെ മാലി സൈന്യം മുന്നേറ്റം നടത്തുന്നത്. വടക്കന്‍ മാലിയിലെ പ്രധാന നഗരങ്ങളായ കിദല്‍, ഗവോ, തിംബുക്തു എന്നിവിടങ്ങളില്‍ തീവ്രവാദികള്‍ ചാവേര്‍ സ്‌ഫോടനങ്ങള്‍ നടത്തിയതോടെയാണ് സൈനിക നടപടി ശക്തമാക്കിയതെന്ന് മാലി പ്രതിരോധമന്ത്രാലയം അറിയിച്ചു.
അതിനിടെ, വടക്കന്‍ മാലിയിലെ തെസാലിതില്‍ തീവ്രവാദികള്‍ നടത്തിയതെന്ന് സംശയിക്കുന്ന സ്‌ഫോടന പരമ്പരകളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ സ്‌ഫോടനങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതായും പ്രധാന നഗരങ്ങളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചു. മധ്യാഫ്രിക്കന്‍ രാജ്യമായ ചാഡ് സൈനിക ദൗത്യത്തിനായി 1,800 സൈനികരെയാണ് വടക്കന്‍ മാലിയിലേക്ക് അയച്ചത്. സലഫിസ്റ്റ് തീവ്രവാദ സംഘടനയായ അന്‍സാറുദ്ദീന്റെ നേതൃത്വത്തിലുള്ള വിമതര്‍ പിടിച്ചെടുത്ത കിദല്‍ പ്രവിശ്യയിലാണ്് ചാഡ് സൈന്യം പ്രഥമ ദൗത്യം ഏറ്റെടുത്തത്.
അതേസമയം, തീവ്രവാദികളുടെ ആക്രമണം ശക്തമായ മാലിയിലെ അതിര്‍ത്തി മേഖലയിലേക്ക് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി യു എസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഫ്രാന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാലിയില്‍ വിമത ആക്രമണം ശക്തമായ സാഹചര്യത്തില്‍ ഫ്രഞ്ച് സൈന്യം വീണ്ടും ആക്രമണം നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിന്റെ മുന്‍ കോളനികളിലൊന്നായ മാലിയില്‍ നിലവില്‍ 4000 ഫ്രഞ്ച് സൈനികരുണ്ട്. ഇവരെ അടുത്ത മാസത്തോടെ പിന്‍വലിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിരുന്നു. കഴിഞ്ഞ മാസം വിമതരുടെ ആധിപത്യത്തില്‍ നിന്ന് തിംബുക്തു അടക്കമുള്ള വടക്കന്‍ മാലിയിലെ പ്രധാന നഗരങ്ങള്‍ ഫ്രഞ്ച് സൈന്യം തിരിച്ചുപടിച്ചിരുന്നു. എന്നാല്‍ മാലി ദൗത്യത്തിനെതിരെ യു എന്‍ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയതോടെ സൈനിക നടപടി ഫ്രഞ്ച് സൈന്യം ഒഴിവക്കുകയായിരുന്നു. സൈനിക ആക്രമണങ്ങള്‍ക്കിടെ വ്യാപകമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്നുണ്ടെന്ന് യു എന്‍ ആരോപിച്ചിരുന്നു.