യു എസ് – ജപ്പാന്‍ ബന്ധം കൂടുതല്‍ ദൃഢമാകും

Posted on: February 24, 2013 7:12 am | Last updated: February 24, 2013 at 7:22 am

വാഷിംഗ്ടണ്‍: അമേരിക്കയും ജപ്പാനും തമ്മിലുള്ള സഖ്യം കൂടുതല്‍ ദൃഢമാക്കാന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി. ചൈനയുമായുള്ള ജപ്പാന്റെ പ്രശ്‌നങ്ങളും സാമ്പത്തിക വളര്‍ച്ചയുമാണ് ചര്‍ച്ചക്കിടെ അബെ ചൂണ്ടിക്കാട്ടിയത്. അബെക്ക് പിന്തുണ അറിയിച്ച ഒബാമ ഉത്തര കൊറിയയുടെ ഭീഷണി സംയുക്തമായി ചെറുക്കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തിനുള്ളില്‍ നടത്തിയ അബെയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഭാവിയിലേക്കുള്ള ജപ്പാന്റെ യാത്രയില്‍ അമേരിക്ക എന്നും വിശ്വസിക്കാവുന്ന പങ്കാളിയായിരിക്കുമെന്ന് ഒബാമ പറഞ്ഞു. ജപ്പാനുമായുള്ള സഹകരണം അമേരിക്കയുടെ ഏഷ്യന്‍ നയങ്ങളിലെ അടിത്തറയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 12ന് മൂന്നാം ആണവപരീക്ഷണം നടത്തിയ ഉത്തര കൊറിയ മേഖലയില്‍ സൃഷ്ടിച്ച സംഘര്‍ഷാവസ്ഥകളെ സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നിലവിലെ സ്ഥിതിയില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച ഒബാമ തുടര്‍ന്നുണ്ടായേക്കാവുന്ന വെല്ലുവിളി സംയുക്തമായി നേരിടുമെന്ന മുന്നറിയിപ്പും നല്‍കി.
ഉത്തര കൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയില്‍ സമ്മര്‍ദം ചെലുത്തുന്നതിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. അതേസമയം ചൈനയുമായുള്ള ജപ്പാന്റെ തര്‍ക്ക വിഷയത്തില്‍ മൃദുസമീപനമാണ് അമേരിക്ക സ്വീകരിച്ചത്. ചര്‍ച്ചക്കിടെ വിഷയത്തിന്‍മേല്‍ പ്രതികരിക്കാന്‍ ഒബാമ തയ്യാറായില്ല.